Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം അക്രമത്തിനെതിരെ രമ ദേശീയ മനുഷ്യാവകാശ കമ്മിഷനു മുന്നിൽ

K.K. Rema

ന്യൂഡൽഹി ∙ കേരളത്തിൽ ആർഎംപി പ്രവർത്തകർക്കെതിരെ സിപിഎം നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആർഎംപി കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.രമ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെയും പൊലീസിന്റെ മൗനാനുവാദത്തോടെയും ഒഞ്ചിയം, വടകര, ഓർക്കാട്ടേരി എന്നിവിടങ്ങളിൽ ആർഎംപി പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമെതിരെ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നു കമ്മിഷനു നൽകിയ പരാതിയിൽ രമ ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎം അധികാരത്തിൽ വന്നതു മുതൽ രൂക്ഷ ആക്രമണമാണു തങ്ങൾ നേരിടുന്നത്. ടിപി.ചന്ദ്രശേഖരൻ കൊലപാതകക്കേസിൽ അറസ്റ്റിലായവർക്കു നിയമങ്ങൾ കാറ്റിൽപറത്തി സർക്കാർ പരോൾ അനുവദിക്കുകയാണ്. കഴിഞ്ഞ 11ന് ആർഎംപി നേതാക്കൾ ആക്രമങ്ങൾക്കിരയായി. നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും അതിക്രമമുണ്ടായി. ആർഎംപിയിൽ അംഗത്വമുള്ളവരെയും കുടുംബാംഗങ്ങളെയും സിപിഎം വേട്ടയാടുകയാണെന്നും തങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും രമ ആവശ്യപ്പെട്ടു.