Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബവ്റിജസ് ഔട്ട്ലറ്റുകളിൽ ഇനി വനിതാ ജീവനക്കാരും

bevco-beverages-consumerfed

തിരുവനന്തപുരം∙ ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റിൽ ഇനി വനിതാ ജീവനക്കാരിയും. വനിതകളെ ഔട്ട്ലറ്റിൽ നിയമിക്കുന്നതിനുള്ള നടപടികൾ കോർപറേഷൻ ആരംഭിച്ചു. ഇന്ന് ഉത്തരവ് ഇറക്കാനാണ് ആദ്യം ഉദ്ദേശിച്ചതെങ്കിലും നിയമങ്ങളിൽ ഭേദഗതി വരുത്തിയതിനുശേഷമേ ഉത്തരവ് പുറത്തിറക്കൂ എന്ന് അധികൃതർ അറിയിച്ചു.

ബവ്റിജസ് കോർപറേഷനിലെ എൽഡിസി ലിസ്റ്റിൽ ഉണ്ടായിരുന്ന ഷൈനിരാജിനാണ് തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിയമനം നൽകുന്നത്. 2010ൽ ബവ്റിജസ് കോർപറേഷനിലേക്കുള്ള എൽഡിസി റാങ്ക് പട്ടികയിൽ ഷൈനിരാജും ഉൾപ്പെട്ടിരുന്നു. 2013ൽ നിയമന നടപടികൾ ആരംഭിച്ചെങ്കിലും പുരുഷൻമാർക്ക് മാത്രമാണ് നിയമനം നൽകിയത്.

തനിക്കു ശേഷമുള്ള റാങ്കുകാർക്കുപോലും നിയമനം ലഭിച്ചതോടെ അവർ നിയമനടപടികൾക്ക് തുടക്കം കുറിച്ചു. വനിതകളെ ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിൽ നിയമിക്കാറില്ലെന്നായിരുന്നു കോർപറേഷന്റെ നിലപാട്. കോടതി ഉത്തരവ് അനുകൂലമായതോടെയാണ് ഇപ്പോൾ നിയമനം ലഭിച്ചിരിക്കുന്നത്.

നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടുദിവസത്തിനകം ഉത്തരവ് പുറത്തിറങ്ങുമെന്ന് ബവ്റിജസ് കോർപ്പറേഷൻ അധികൃതർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

200 ഒഴിവുകളാണ് ബവ്റിജസ് കോർപറേഷനിലുള്ളത്. ഒരു വനിതയെ നിയമിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്നും ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു വനിതകളുടെ കാര്യം ഉത്തരവിലില്ലെന്നും അധികൃതർ വ്യക്തമാക്കി. നിയമനം ലഭിക്കണമെങ്കിൽ അവർക്ക് വീണ്ടും കോടതിയെ സമീപിക്കേണ്ടിവരുമെന്നും അധികൃതർ പറയുന്നു. 

ഔട്ട്ലറ്റിൽ നിയമനം നൽകാൻ തീരുമാനിച്ചെങ്കിലും മദ്യം എടുത്തു നൽകുന്ന ജോലിക്ക് വനിതാ ജീവനക്കാരിയെ നിയമിക്കാൻ സാധ്യതയില്ല.  ഇവരെ അക്കൗണ്ട്സ് വിഭാഗത്തിൽ നിയമിക്കാനാണ് തീരുമാനമെന്നും അറിയുന്നു.