Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിനെ കുറ്റപ്പെടുത്താൻ വരട്ടെ, സംഭവത്തിന് ഇങ്ങനെയും ഒരു വശമുണ്ട്...

Mumbai-Car-Incident സംഭവസമയത്ത് കുഞ്ഞ് വാഹനത്തിനു പുറത്ത് ബന്ധുവിന്റെ കൈകളിലിരിക്കുന്ന ദൃശ്യം. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

മുംബൈ ∙ കാറിനുള്ളിൽ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ, നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള മുംബൈ ട്രാഫിക് പൊലീസിന്റെ നടപടി വിമർശനവിധേയമായ സംഭവത്തിൽ വഴിത്തിരിവ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനു മുൻപ് കാറിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും കുഞ്ഞ് വാഹനത്തിനു പുറത്തായിരുന്നുവെന്നുമാണ് വെളിപ്പെടുത്തൽ. കാർ കെട്ടിവലിക്കുന്നതിനു മുൻപ് യുവതിക്ക് പൊലീസുകാരൻ മുന്നറിയിപ്പു നൽകിയെന്നും പറയുന്നു. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

രാജ്യവ്യാപകമായി മുംബൈ ട്രാഫിക് പൊലീസ് വിമർശിക്കപ്പെട്ട സംഭവത്തിൽ പുതിയ വിശദീകരണം വന്നതോടെ യഥാർഥത്തിൽ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായി. പുതിയ വെളിപ്പെടുത്തൽ എഎൻഐ ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗതാഗത നിയമം ലംഘിച്ച് പാർക്കു ചെയ്തിരുന്ന വാഹനം നീക്കാൻ പൊലീസ് ഉദ്യോഗസ്ഥനെത്തുമ്പോൾ, വാഹനത്തിനുള്ളിൽ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പുതിയ വിഡിയോ വെളിപ്പെടുത്തുന്നു. ഈ സമയത്ത് കുഞ്ഞ് വാഹനത്തിനു പുറത്ത് ഒരു ബന്ധുവിന്റെ കയ്യിലായിരുന്നു. വാഹനം കെട്ടിവലിക്കാൻ പൊലീസ് ശ്രമിക്കുന്ന സമയത്ത് കുഞ്ഞിനെ വാഹനത്തിനുള്ളിലേക്കു വാങ്ങിയ യുവതി, താൻ മുലയൂട്ടുകയായിരുന്നുവെന്നു വരുത്തിത്തീർക്കുകയായിരുന്നുവത്രേ.

വാഹനം കെട്ടിവലിക്കുകയാണെന്ന് മുന്നറിയിപ്പു പോലും നൽകാതെയാണ് പൊലീസുകാരൻ വാഹനം വലിച്ചുനീക്കാൻ ശ്രമിച്ചതെന്ന യുവതിയുടെ വാദത്തെയും പുതിയ വിഡിയോ ഖണ്ഡിക്കുന്നു. വാഹനം വലിച്ചുനീക്കാൻ ശ്രമിക്കും മുൻപ് പുറത്തിറങ്ങാൻ യുവതിയോടു പൊലീസുകാരൻ ആവശ്യപ്പെടുന്നുണ്ട്.

ആദ്യം പുറത്തുവന്ന വിഡിയോയുടെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസുകാരന്റെ നടപടിയെ വിമർശിച്ച് അനേകം പേർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ തുടങ്ങിയവർ സംഭവത്തിൽ ഇടപെടുകയും പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇയാളെ സസ്പെൻഡ് ചെയ്തതായി അറിയിച്ച ഫഡ്നാവിസ്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രാഫിക് പൊലീസുകാർക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

related stories