Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പദ്മാവതി രാഷ്ട്രമാതാവ്, പ്രതിമ സ്ഥാപിക്കും: മധ്യപ്രദേശ് സർക്കാർ

Padmavati

ഭോപ്പാൽ∙ സിനിമയുടെ റിലീസ് മാറ്റിവച്ചെങ്കിലും സംവിധായകൻ സഞ്ജയ് ലീല ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതിയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. സംസ്ഥാനത്തു സിനിമയ്ക്കു നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പദ്മാവതി രാഷ്ട്രമാതാവാണെന്നും ഭോപ്പാലിൽ പ്രതിമ സ്ഥാപിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ പ്രഖ്യാപിച്ചു. കൂടാതെ, മധ്യപ്രദേശ് സർക്കാർ സംസ്ഥാനതലത്തിൽ രാഷ്ട്രമാതാ പദ്മാവതി പുരസ്കാരം ഏർപ്പെടുത്താനും തീരുമാനിച്ചതോടെ പദ്മാവതിയെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപിയുടെ നടപടി ഒരു പടികൂടി കടന്നു.

അതിനിടെ, സിനിമയുടെ റിലീസ് നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സെൻസർ ബോർഡ് അവരുടെ പണി ചെയ്യട്ടെയെന്നും കോടതി വ്യക്തമാക്കി.

ചിത്രം കണ്ടു സർട്ടിഫിക്കറ്റ് നൽകേണ്ട സെൻസർ ബോർഡ് തീരുമാനം പ്രഖ്യാപിക്കുന്നതിനു മുൻപെയാണു ശിവരാജ് സിങ് ചൗഹാന്റെ തീരുമാനം വന്നത്. രജപുത്ര നേതാക്കന്മാരും കർണിസേനയുടെ പ്രതിനിധികളുമായും ചൗഹാൻ ചർച്ച നടത്തിയിരുന്നു. ചെറുപ്പംമുതൽ രാജ്ഞിയുടെ ത്യാഗത്തിന്റെ കഥ നമ്മൾ കേട്ടുവരുന്നുണ്ടെന്നു പറഞ്ഞ ചൗഹാൻ ചരിത്രത്തെ വളച്ചൊടിക്കുന്നതു സഹിക്കില്ലെന്നും ഇത്തരം സീനുകൾ മാറ്റിയാലേ ചിത്രം പ്രദർശിപ്പിക്കുന്നതിന് അനുവദിക്കൂയെന്നും യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, പഞ്ചാബിലും ചിത്രം പ്രദർശിപ്പിക്കില്ലെന്നു മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു. ചരിത്രത്തെ വളച്ചൊടിക്കുന്നതൊന്നും പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. അതിനെതിരെ പ്രതിഷേധിക്കുന്നവർ ശരിയാണു ചെയ്യുന്നതെന്നും സിങ് വ്യക്തമാക്കി. ജമ്മു കശ്മീരിൽ ചിത്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ടു നാഷനൽ കോൺഫറൻസ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കു കത്തെഴുതി. സിനിമയുടെ കഥ പരിശോധിച്ചശേഷമേ റിലീസിന് അനുവദിക്കാവൂയെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മാത്രമല്ല, രാജസ്ഥാനിൽ സിനിമ വിതരണം ചെയ്യാൻ ഡിസ്ട്രിബ്യൂട്ടർമാർ വിസമ്മതിച്ചിരുന്നു.

അതിനിടെ, സിനിമയ്ക്ക് ആശ്വാസമാകുന്ന നിലപാടുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. പദ്മാവതി വിവാദങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഒതുക്കാൻ കൃത്യമായി നിർമിച്ചതാണെന്നാണു മമതയുടെ ട്വീറ്റ്. ഈ അടിയന്തരാവസ്ഥയെ വിമർശിക്കുന്നു. സിനിമാ മേഖലയിൽ ഉള്ളവർ ഒറ്റ ശബ്ദമായി രംഗത്തുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

സ‍ഞ്ജയ് ലീലാ ബൻസാലിയുടെയും പദ്മാവതിയായി അഭിനയിക്കുന്ന ദീപികാ പദുക്കോണിന്റെയും തല കൊയ്യുന്നവർക്ക് 10 കോടി രൂപ ഇനാമാണ് ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പാൽ അമു പ്രഖ്യാപിച്ചത്. അമുവിനെതിരെ നടപടി സ്വീകരിക്കാൻ ദേശീയ വനിതാ കമ്മിഷൻ ഹരിയാന ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.