Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാൽപ്പാറയിൽ നാലരവയസ്സുകാരനെ കൊന്ന പുലി കെണിയിൽ

leopard-attack വാൽപ്പാറയിൽ പുലി കെണിയിലായപ്പോൾ.

തൃശൂർ∙ അതിരപ്പിളളി വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്തു വനംവകുപ്പു വച്ച കൂട്ടിലാണു പുലി കുടുങ്ങിയത്. പുലർച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയിൽ കുടുങ്ങിയത് അറിഞ്ഞത്. മറ്റൊരു കൂട്ടിലേക്കു പുലിയെ മാറ്റും. ഇതിനായി മയക്കുവെടി വയ്ക്കേണ്ട ഉദ്യോഗസ്ഥർ അൽപ്പസമയത്തിനിടെ എത്തും. കഴിഞ്ഞ ബുധനാഴ്ചയാണു നാലരവയസുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാൽപ്പാറയിലെ നടുമലൈ എസ്റ്റേറ്റിലായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകനാണ് സെയ്തുൾ.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടൻ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. രണ്ടര മണിക്കൂർ തിരച്ചിലിനൊടുവിൽ കുട്ടിയെ കാട്ടിനുള്ളിൽനിന്നു തല വേർപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തിയിരുന്നു.