Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളോട് ആജ്ഞാപിക്കാൻ നിങ്ങളാരാണ്?: കേന്ദ്രത്തോട് ദക്ഷിണേന്ത്യൻ മന്ത്രിമാർ

Narayanasami-Pinarayi ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനകാര്യമന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് നടന്നപ്പോൾ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി. ചിത്രം: മനോജ് ചേമ‍‍ഞ്ചേരി.

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനവുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. സഹകരണ ഫെഡറലിസത്തെക്കുറിച്ചു മോദി കൂടെക്കൂടെ വാചാലനാകുമ്പോഴും സംസ്ഥാനങ്ങൾക്കുമേൽ ഏകാധിപത്യ രീതി അടിച്ചേൽപ്പിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നു പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറൽ സംവിധാനം പൊളിച്ചെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം മൂലം എല്ലാവരും ബുദ്ധിമുട്ടുകയാണെന്നും നാരായണസാമി പറഞ്ഞു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ സംബന്ധിച്ചു ചർച്ച നടത്താനായി തിരുവനന്തപുരത്തു സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ധനകാര്യ വിദഗ്ധരുടെയും യോഗത്തിലാണു പുതുച്ചേരി മുഖ്യമന്ത്രിയുടെ വിമർശനം. യോഗം ഉദ്ഘാടനം ചെയ്ത കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അതിരൂക്ഷമായ ആക്രമണമാണു കേന്ദ്ര സർക്കാരിനെതിരെ നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടു കേന്ദ്രം അവഗണന കാട്ടുകയാണെന്ന വികാരം യോഗത്തിൽ സംസാരിച്ച എല്ലാ സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ പങ്കുവച്ചു. ഫെഡറൽ സംവിധാനം തകർത്ത് ഏകാധിപത്യ രീതി കൊണ്ടുവരാനാണു കേന്ദ്രത്തിന്റെ ശ്രമമെന്നും വിമർശനമുയർന്നു.

ആഞ്ഞടിച്ച് പിണറായി വിജയൻ

ധനകാര്യ കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കും ജനാധിപത്യ വ്യവസ്ഥിതിക്കും വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ വീണ്ടുവിചാരം ആവശ്യമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പരിഗണനാ വിഷയങ്ങളിലെ ഈ വീഴ്ച ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽനിന്നു ധനകാര്യ കമ്മിഷനെ തടയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതി അഭിലഷണീയമല്ല. സംസ്ഥാനങ്ങളുടെ ധനപരമായ അധികാരത്തിൻമേൽ കേന്ദ്രത്തിന്റെ കടന്നുകയറ്റം സർവ അതിരുകളും ലംഘിക്കുകയാണ്. ഭരണഘടനാപരമായ സ്ഥാപനമെന്ന നിലയിൽനിന്നും ഭരണപരമായൊരു സംവിധാനമായി ധനകമ്മിഷൻ അധഃപതിക്കാൻ ഇതിടയാക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കലിപ്പടങ്ങാതെ പുതുച്ചേരി മുഖ്യമന്ത്രി

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങളെ ഉപദ്രവിക്കുന്ന രീതിയാണു കേന്ദ്ര സർക്കാർ പിന്തുടരുന്നതെന്നു പുതുച്ചേരി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മോശം ഭരണം നടക്കുന്ന സംസ്ഥാനങ്ങൾക്കാണു കേന്ദ്ര സർക്കാരിന്റെ മുൻഗണന. സഹകരണ ഫെഡറലിസത്തെക്കുറിച്ചു പ്രധാനമന്ത്രി വാചാലനാകുമ്പോഴും സംസ്ഥാനങ്ങളോട് ഏകാധിപത്യ രീതിയിലുള്ള പെരുമാറ്റമാണു കേന്ദ്രത്തിന്റേത്. സംസ്ഥാനങ്ങളോട് ആജ്ഞാപിക്കാൻ കേന്ദ്രം ആരാണ്? ജനങ്ങളുടെ ആവശ്യം ഞങ്ങൾക്കറിയാം. ജനാഭിലാഷം മനസ്സിലാക്കിയാണു സംസ്ഥാനങ്ങൾ ക്ഷേമപദ്ധതികൾ രൂപപ്പെടുത്തുന്നത് – നാരായണസാമി പറഞ്ഞു.

പുതുച്ചേരി ഗവർണർ കിരൺ ബേദിക്കെതിരെയും യോഗത്തിൽ നാരായണസാമി ആഞ്ഞടിച്ചു. ‘ഞങ്ങൾക്ക് വളരെ മികച്ച ഒരു ഗവർണറുണ്ട്. ഞാൻ എന്തു ഫയൽ അയച്ചാലും അവരതു തിരിച്ചയയ്ക്കും. എല്ലാ ദിവസവും അവരുമായി വഴക്കിടാനേ എനിക്കു നേരമുള്ളൂ’ – നാരായണസാമി ചൂണ്ടിക്കാട്ടി.

യോഗം അവഗണിച്ച് തെലങ്കാന, തമിഴ്നാട്

യോഗത്തിൽ കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്. അതേസമയം, തമിഴ്നാടിന്റെ ധനവകുപ്പു കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം രാഷ്ട്രീയമായ കാരണങ്ങളാൽ പങ്കെടുക്കുന്നില്ല. തെലങ്കാനയുടെ പ്രതിനിധികളും യോഗത്തിനെത്തിയില്ല.

ആന്ധ്രാപ്രദേശ് ധനമന്ത്രി ഏരമല രാമകൃഷ്ണുഡു, കർണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ, ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവരാണു പങ്കെടുത്തത്.

related stories