Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരലേലത്തിലെ 107 കോടിയിൽ കേരളത്തിന് 40 ലക്ഷം മാത്രം; ‘രക്ഷിച്ചത്’ ദേവദത്ത്, സക്സേന

devdutt-jalaj ദേവദത്ത് പടിക്കൽ, ജലജ് സക്സേന

ജയ്പുർ∙ ചൊവ്വാഴ്ച ജയ്പുരിൽ നടന്ന ഐപിഎൽ താരലേലത്തിൽ എട്ടു ടീമുകളും ചേർന്ന് 60 താരങ്ങൾക്കായി നൂറു കോടിയിലധികം രൂപ ചെലവഴിച്ചെങ്കിലും മലയാളി താരങ്ങൾക്ക് നിരാശ മാത്രം. ലേലത്തിനുണ്ടായിരുന്ന രഞ്ജി ട്രോഫിയിലെ വൻ തോക്കുകളെല്ലാം നിരാശപ്പെടുത്തിയപ്പോൾ മലയാളത്തിന്റെ മാനം കാത്തത് ഒരു പതിനേഴുകാരനാണ്. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി കളിക്കുന്ന എടപ്പാൾ സ്വദേശിയായ ദേവ്ദത്ത് പടിക്കൽ. കർണാടക സീനിയർ ടീമംഗമായ ദേവദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെത്തിച്ചത്. മലയാളികൾക്ക് അഭിമാനമായി കേരള രഞ്ജി ടീം അംഗം കൂടിയായ മധ്യപ്രദേശുകാരൻ ജലജ് സക്സേനയെ 20 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

അതേസമയം, ലേലത്തിനുണ്ടായിരുന്ന മലയാളി താരങ്ങളായ സച്ചിൻ ബേബി, വിഷ്ണു വിനോദ്, സന്ദീപ് വാരിയർ എന്നിവരെ ടീമിലെടുക്കാൻ ആരും തയാറായില്ല. കേരള താരങ്ങളായ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസും ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദും നിലനിർത്തിയിരുന്നതിനാൽ ഇവർ ലേലത്തിന് ഉണ്ടായിരുന്നില്ല.

∙ പതിനേഴഴകിൽ ദേവദത്ത്

കർണാടക പ്രീമിയർ ലീഗിൽ ബല്ലാരി ടസ്ക്കേഴ്സിനായി നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് പതിനേഴുകാരൻ ദേവദത്തിനെ ശ്രദ്ധേയനാക്കിയത്. തുടർന്ന് ഇന്ത്യൻ അണ്ടർ 19 ടീമിലും ഈ ഇടംകയ്യൻ ബാറ്റ്സ്മാൻ ഇടം പിടിച്ചിരുന്നു. ജന്മം കൊണ്ടു മലയാളിയാണെങ്കിവും കർണാടകത്തിനായാണ് ദേവദത്ത് ബാറ്റേന്തുന്നത്.

പാലക്കാട് ചിറ്റൂർ അണിക്കോട് കുന്നത്തു വീട്ടിൽ ബാബുനുവിന്റെയും മലപ്പുറം എടപ്പാൾ പടിക്കൽ കുടുംബാംഗം അമ്പിളിയുടെയും മകനായ ദേവദത്ത് പടിക്കൽ ഇടങ്കയ്യൻ ബാറ്റ്സ്മാനാണ്. കൂച്ബഹാർ ക്രിക്കറ്റ് ട്രോഫിയിൽ (അണ്ടർ–19) കർണാടകയ്ക്കായി 829 റൺസെടുത്തു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള അണ്ടർ 19 ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനിച്ച നാട്ടിലായിരുന്നെങ്കിൽ ദേവദത്ത് ഇപ്പോൾ ഒരു ഫുട്ബോൾ താരമായേനേ, കാരണം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധകനാണ് ഈ മലപ്പുറം എടപ്പാൾ സ്വദേശി. പക്ഷേ ദേവദത്ത് താമസിക്കുന്നതു ബെംഗളൂരുവിലാണ്. പഠിച്ചത് രാഹുൽ ദ്രാവിഡ് വിദ്യാർഥിയായിരുന്ന അതേ സെന്റ് ജോസഫ് ബോയ്സ് സ്കൂളിലും. അങ്ങനെ ഫുട്ബോളിനു പകരം ദേവദത്ത് ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തു.

ഒൻപതാം വയസ്സിൽ ഒരു അവധിക്കാലത്താണു ദേവദത്ത് ക്രിക്കറ്റിനോടു കാര്യമായി കൂട്ടുകൂടുന്നത്. അന്ന് മാതാപിതാക്കൾക്കൊപ്പം ഹൈദരാബാദിലായിരുന്നു ദേവദത്ത്. പതിനൊന്നാം വയസ്സിലാണു ബെംഗളൂരുവിലെത്തിയത്. സ്കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെ ആദ്യം കർണാടക അണ്ടർ–14 ടീമിൽ ഇടംപിടിച്ചു. അതിനുശേഷം ഒരു സിക്സർ വേഗത്തിലായി കരിയറിലെ വളർച്ച. ഈ വർഷം അണ്ടർ–19 കൂച്ച് ബിഹാർ ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കു വഴിതുറന്നത്. ടൂർണമെന്റിൽ 829 റൺസുമായി ടോപ് സ്കോറർമാരിൽ നാലാം സ്ഥാനത്തായിരുന്നു. കരുത്തരായ മുംബൈയ്ക്കെതിരെ നേടിയ 185 റൺസും അസമിനെതിരെ നേടിയ 208 റൺസും അതിലുൾപ്പെടും. 

കർണാടക പ്രീമിയർ ലീഗിൽ ബെല്ലാരി ടസ്കേഴ്സിന്റെ താരമാണു ദേവദത്ത്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുനും ടീമിലുണ്ട്. പഠിച്ചതു ദ്രാവിഡിന്റെ സ്കൂളിലാണെങ്കിലും സച്ചിനാണ് ദേവദത്തിന്റെ ഇഷ്ടതാരം. ദേവദത്തിന്റെ കളിശൈലി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന്റേതുപോലെയാണെന്ന‌ു പരിശീലകനായ ഇർഫാൻ സെയ്ത്ത് പറയുന്നു–മികച്ച ഫ്രണ്ട് ഫൂട്ട് പ്ലെയറാണു ദേവദത്ത്. നല്ല കരുത്തുള്ള ഷോട്ടുകൾ കളിക്കാൻ മിടുക്കൻ. ഏതു ഗ്രൗണ്ടിലും സിക്സറടിക്കാൻ കെൽപ്പുള്ളവൻ – സെയ്ത്തിന്റെ വാക്കുകൾ.

∙ രണ്ടാം വരവിൽ സക്സേന സക്സസ്!

ബിസിസിഐ കാണാത്ത ജലജ് സക്സേനയെ ഐപിഎൽ കണ്ണ് തുറന്നു കണ്ടു. ലഭിച്ച വില പ്രതിഭയ്ക്കും പ്രകടനത്തിനുമുള്ള ന്യായമായ മൂല്യമാണോ എന്ന ചോദ്യം ബാക്കി നിൽക്കുമ്പോഴും ജലജിനെ ടീമിലെടുക്കാൻ ആളുണ്ടായി എന്നതു വലിയ കാര്യം. അടിസ്ഥാന വിലയായ വെറും 20 ലക്ഷത്തിനാണ് ഈ മധ്യപ്രദേശുകാരൻ ഡൽഹി ടീമിലെത്തിയത്. ജലജ് സക്‌സേന എന്ന മധ്യപ്രദേശുകാരനെ ക്രിക്കറ്റ് ലോകത്ത് അധികമാരും അറിയില്ല. എന്നാല്‍,  കേരള ക്രിക്കറ്റില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന സമൂല മാറ്റങ്ങളിലൂടെ കണ്ണോടിച്ചാൽ സക്സേനയെ കാണാം (ചിലപ്പോൾ സക്സേനയെ മാത്രമേ കാണൂ!).

ഗ്ലാമറില്ല, ആക്രോശമില്ല, മണിയടിയുമില്ല. പക്ഷേ, ബാറ്റെടുത്താല്‍ റണ്‍സ് വാരിക്കൂട്ടും, ബോളെടുത്താല്‍ എതിരാളികളെ എറിഞ്ഞിടും. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യ ജയമൊരുക്കിയ ജല‍ജ് സക്സേനയെന്ന ഓള്‍റൗണ്ടര്‍ ആണ് കഥാനായകന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സും 200ൽ അധികം വിക്കറ്റ് നേടിയിട്ടും ഇന്ത്യന്‍ ടീമിലേക്ക് പ്രവേശനമില്ലാത്ത നിർഭാഗ്യവാൻ. ഇന്ത്യന്‍ ക്രിക്കറ്റിന് വിരാട് കോഹ്‌ലി എപ്രകാരമാണോ അതാണ് കേരളത്തിന് ജലജ് സക്‌സേന. ഈ രഞ്ജി സീസണിൽ കേരളം ജയിച്ചത് മൂന്നു മൽസരങ്ങളാണ്. ആന്ധ്രാപ്രദേശ്, ബംഗാൾ, ഡൽഹി ടീമുകൾക്കെതിരെ. ഈ മൂന്നു മൽസരങ്ങളിലും മാൻ ഓഫ് ദ് മാച്ചായത് സക്സേന തന്നെ. സക്സേന സക്സസ്സാകാതെ പോയ മൽസരങ്ങളിൽ കേരളം തോൽക്കുകയും ചെയ്തു! 

അടുത്തിടെ സക്സേനയെപ്പറ്റി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റായിരുന്നു ‘കേരള ക്രിക്കറ്റ് ടീമില്‍ ബംഗാളിയെപ്പോലെ പണിയെടുക്കുന്നവന്‍’ എന്ന്. അക്ഷരാര്‍ത്ഥത്തില്‍ അത് ശരിയാണ് താനും. കഴിവൊത്തൊരു ഓള്‍റൗണ്ടറെ ഇന്ത്യ തിരയുന്ന നേരത്തും സക്സേനയ്ക്ക് ഇന്ത്യൻ ടീമിൽ ഇടമില്ല. പലവട്ടം ആരുടെയും കണ്ണിൽപ്പെടാതെ അവസാനമാണ് ഡൽഹിയെങ്കിലും കളിക്കളത്തിലെ മായജാലക്കാരന് അവസരം നൽകാമെന്ന് കരുതിയത്. മധ്യപ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ജലജ് സക്സേന, പിതാവിനെപ്പോലെ നീന്തല്‍ താരമാകാന്‍ കൊതിച്ചു. എന്നാല്‍ അലര്‍ജിമൂലം നീന്തല്‍ക്കുളം വിടേണ്ടിവന്നു. എട്ടാം വയസില്‍ ചേട്ടന്‍ ജതിനൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടി. ജലജിനും ജതിനും വേണ്ടി അച്ഛന്‍ മണിക്കൂറുകളോളം പരിശീലനം നല്‍കി. ബാറ്റുചെയ്യാനും ബോള്‍ചെയ്യാനുമുള്ള അടിസ്ഥാന പാഠങ്ങള്‍ പിതാവില്‍ നിന്ന് പഠിച്ചെടുത്ത ജലജ് പതിയെ മധ്യപ്രദേശിന്റെ ടീമിലെത്തി.

നരേന്ദ്ര ഹിര്‍വാനി എന്ന സൂപ്പര്‍ സ്പിന്നര്‍ പിറന്ന നാട്ടില്‍ നിന്ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് പതിയെ ചുവടുവച്ചുകയറി. 2005ല്‍ കേരളത്തിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം. ആദ്യ ഇന്നിങ്സില്‍ നേടിയത് 27 റണ്‍സ് മാത്രം. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കണ്ടത് മികച്ച ഒരു ഓള്‍റൗണ്ടറെ. 2014–15 സീസണിലും 2015–2016 സീസണിലും മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്കാരം നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ആദരിച്ചു.  ഇതുവരെ 106 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 30 അർധസെഞ്ചുറിയും ഉള്‍പ്പെടെ 5910 റണ്‍സ് നേടി. 194 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഓഫ് സ്പിന്നിലൂടെ 291 വിക്കറ്റ് നേടിയ ജലജ് 17 തവണ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചു. അഞ്ചു തവണ 10 വിക്കറ്റ് നേട്ടവും. സച്ചിന്‍ തെന്‍ഡുല്‍ക്കറെ ഏറെ ആരാധിക്കുന്ന ജലജിന് ബോളിങ്ങില്‍ ഏറ്റവും ഇഷ്ട്ം ഹര്‍ഭജന്‍ സിങ്ങിനെയാണ്.

related stories