ADVERTISEMENT

‘പിച്ചിൽ ഈർപ്പം നിലനിൽക്കെ ടോസ് ലഭിച്ചാൽ ഫീല്‍ഡ് ചെയ്യാനാണ് സാധാരണ ഗതിയിൽ തീരുമാനിക്കുക. എന്നാൽ, ടീമിനെ ഒരിക്കൽക്കൂടി പരീക്ഷിക്കാനുറച്ചാണ് ബാറ്റിങ്ങിന് ഇറങ്ങിയത്’ – വെല്ലിങ്ടൻ ഏകദിനത്തിലെ വിജയത്തിനു ശേഷം മാധ്യമപ്രവർത്തകരോടായി ഇന്ത്യയെ നയിച്ച രോഹിത് ശർമ പറഞ്ഞ വാക്കുകൾ! ഏതാനും വർഷം മുൻപുവരെ ഇത്തരമൊരു പരീക്ഷണം നടത്താനോ, അത് ഇത്തരത്തിൽ ഉറക്കെ വിളിച്ചുപറയാനോ ഏതെങ്കിലും ഇന്ത്യൻ നായകൻ ധൈര്യം കാണിക്കുമായിരുന്നോ? സംശയമാണ്. എന്തായാലും ഇക്കാലത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് പിന്നിട്ട വളർച്ചയുടെ ദൂരങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്, രോഹിത്തിന്റെ വാക്കുകൾ.

ഒരർഥത്തിൽ ഇന്ത്യ പാടെ തകർന്നടിഞ്ഞുപോയ, ടീമിന്റെ ആത്മവീര്യം ചോർത്തിക്കളഞ്ഞ നാലാം ഏകദിനത്തിലെ അതേ അവസ്ഥാ വിശേഷം പുനഃസൃഷ്ടിക്കുകയായിരുന്നു ആദ്യം ബാറ്റു ചെയ്യാനുള്ള തീരുമാനത്തിലൂടെ രോഹിത്. സ്വന്തം ടീമിന്റെ ആത്മവിശ്വാസം പരീക്ഷിക്കാനും ലോകകപ്പിനു മുൻപ് ടീമിന്റെ ശക്തിദൗർബല്യങ്ങൾ വിലയിരുത്താനുമുള്ള അവസരം. തുടക്കം പാളിയിട്ടുപോലും ആ പരീക്ഷയിൽ ടീം ഇന്ത്യ ജയിച്ചുകയറിയിരിക്കുന്നു. അതിന്റെ ക്രെഡിറ്റ് ഇക്കുറി ടീമിന്റെ മധ്യനിരയ്ക്കുള്ളതാണ്. മുൻനിര തകർന്നാൽ പിന്നെ തകർന്നടിയുന്ന മധ്യനിരയെന്ന ദുഷ്പേരും മധ്യനിരയെക്കുറിച്ച് ഇതുവരെ നിലനിന്നിരുന്ന ആശങ്കകളും ഈ മൽസരത്തിലൂടെ അവർ ദുരീകരിച്ചു. പിന്നെ, മുഹമ്മദ് ഷമി, മഹേന്ദ്രസിങ് ധോണി എന്നീ കരുത്തൻമാരുടെ തിരിച്ചുവരവും ഇന്ത്യൻ പ്രകടനത്തിൽ നിർണായകമായി.

∙ മധ്യനിരയെക്കുറിച്ച് ഇനിയൊരക്ഷരം മിണ്ടരുത്!

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സ്വന്തം തീരുമാനം തെറ്റായിപ്പോയി എന്ന് ആരാധകരെക്കൊണ്ടു പറയിച്ചാണ് സ്കോർബോർഡിൽ വെറും എട്ടു റൺസ് മാത്രമുള്ളപ്പോൾ രോഹിത് ശർമ കൂടാരം കയറിയത്. പിടിച്ചുനിന്ന് പിടിച്ചുകയറാനുള്ള ശ്രമവുമായി രോഹിത് വളരെ പതുക്കെയാണ് തുടങ്ങിയത്. നാല് ഓവർ പൂർണമായി പിടിച്ചുനിന്നിട്ടും അഞ്ചാം ഓവറിൽ രോഹിത്തിനു പിഴച്ചു. 16 പന്തിൽ രണ്ടു റൺസുമായി പുറത്തേക്ക്. പിന്നീട് സംഭവിച്ചതെല്ലാം നാലാം ഏകദിനത്തിന്റെ തുടർച്ച തന്നെ. 12–2, 17–3, 18–4 എന്നിങ്ങനെ കരുത്തരായ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, മഹേന്ദ്രസിങ് ധോണി എന്നിവർ കൂടാരം കയറി.

കൂട്ടത്തകർച്ച മുന്നിൽക്കണ്ട ഈ നിമിഷങ്ങളിലാണ് ഇന്ത്യൻ മധ്യനിര ഉണർന്നു പ്രവർത്തിച്ചത്. അമ്പാട്ടി റായുഡു – വിജയ് ശങ്കർ ദ്വയത്തിന്റേതായിരുന്നു ആദ്യ ഊഴം. കൈക്കുഴ സ്പിൻ ദ്വയത്തിലെ കരുത്തൻ കുൽദീപ് യാദവിനു പകരം ലഭിച്ച അവസരം വിജയ് ശങ്കർ സുന്ദരമായിത്തന്നെ വിനിയോഗിച്ചു. പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങിന് ലഭിച്ച അവസരത്തിൽത്തന്നെ അമ്പാട്ടി റായുഡുവുമൊത്ത് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത ‘സെഞ്ചുറി മണ’മുള്ള അർധസെഞ്ചുറി കൂട്ടുകെട്ട് അതിന്റെ ഫലമായിരുന്നു. ക്ഷണത്തിൽ നാലു വിക്കറ്റ് വീണതിന്റെ ആഘാതത്തിൽനിന്ന് ടീമിനെ കരകയറ്റാൻ ഇരുവരും ചേർന്ന് ക്രീസിൽ ചെലവഴിച്ചത് 22.2 ഓവറുകളാണ്. അതായത് 134 പന്തുകൾ! കൂട്ടിച്ചേർത്തതോ, 98 റൺസും!

അർഹിച്ച അർധസെഞ്ചുറിക്ക് അഞ്ചു റൺസകലെ നിർഭാഗ്യത്തിന്റെ അകമ്പടിയോടെ റണ്ണൗട്ടാകുമ്പോൾ ശങ്കറിന്റെ സമ്പാദ്യം 64 പന്തിൽ നാലു ബൗണ്ടറി സഹിതം നേടിയ 45 റൺസായിരുന്നു. തുടർന്നെത്തിയ കേദാർ ജാദവും മോശമാക്കിയില്ല. റായുഡുവിന് മികച്ച പിന്തുണ നൽകിയ ജാദവും മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടിന് തുണനിന്നു. ആറാം വിക്കറ്റിൽ 11.1 ഓവർ (67 പന്തുകൾ) ക്രീസിൽനിന്ന ഈ സഖ്യം കൂട്ടിച്ചേർത്തത് 74 റൺസാണ്. ഇന്ത്യൻ ഇന്നിങ്സിന് ഗതിവേഗം പകർന്ന പ്രകടനം.

അർഹിച്ച സെഞ്ചുറിക്ക് 10 റൺസ് അകലെ പുറത്താകുമ്പോഴേയ്ക്കും 113 പന്തുകൾ നേരിട്ട റായുഡു, എട്ടു ബൗണ്ടറിയും നാലു സിക്സും നേടിയിരുന്നു. ടീം 200 പിന്നിട്ടതിനു പിന്നാലെ 45 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 34 റൺസെടുത്ത് ജാദവും മടങ്ങിയെങ്കിലും ഹാർദിക് പാണ്ഡ്യയുടെ തിരിച്ചടി ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. വെറും 22 പന്തുകൾ നേരിട്ട പാണ്ഡ്യ, രണ്ടു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം നേടിയ 45 റൺസ് ഇന്ത്യൻ സ്കോർ 248ൽ എത്തിച്ചു. വാലറ്റം പെട്ടെന്നുതന്നെ കീഴടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യൻ സ്കോർ 252ൽ എത്തിയിരുന്നു.

∙ ഷമിയുടെ തിരിച്ചുവരവ്, ഇന്ത്യയുടെയും!

സ്കോർബോർഡിൽ അത്ര വലുതല്ലെങ്കിലും പൊരുതി നോക്കാവുന്ന റൺസുണ്ടെങ്കിൽ ഇന്ത്യൻ ബോളർമാർക്കും ചിലതൊക്കെ സാധിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു ന്യൂസീലൻഡ് ഇന്നിങ്സ്. നാലാം ഏകദിനത്തിൽ വിശ്രമം അനുവദിക്കപ്പെട്ട മുഹമ്മദ് ഷമി തിരിച്ചെത്തിയത് ഇന്ത്യൻ ബോളിങ്ങിന്റെ മൂർച്ചകൂട്ടി. ഫലം, 37 റൺസിനിടെ ന്യൂസീലൻഡ് രണ്ടു വിക്കറ്റ് നഷ്ടമാക്കിയപ്പോൾ‌, രണ്ടും സ്വന്തം പേരിലെഴുതിയത് ഷമി തന്നെ!

മറുവശത്ത് ഉറച്ചപിന്തുണ നൽകി ഒരു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറും കുറച്ചധികം തല്ലുവാങ്ങിയെങ്കിലും റോസ് ടെയ്‌ലറുടേതുൾപ്പെടെ രണ്ടു വിക്കറ്റ് പിഴുത ഹാർദിക് പാണ്ഡ്യയും ഷമിക്ക് നൽകിയത് ഉറച്ച പിന്തുണ. 10 ഓവറിൽ 41 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത യുസ്‍വേന്ദ്ര ചാഹൽ മൂന്നു വിക്കറ്റുമായി ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുന്നതും വെല്ലിങ്ടനിൽ കണ്ടു. എടുത്തു പറയേണ്ട പ്രകടനം കേദാർ ജാദവിന്റേതാണ്. കുൽദീപ് യാദവിന്റെ അഭാവത്തിൽ തന്റെമേലുണ്ടായിരുന്ന രണ്ടാം സ്പിന്നർ എന്ന ഭാരിച്ച ഉത്തരവാദിത്തം ജാദവ് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഏഴ് ഓവറിൽ 34 റൺസ് മാത്രം വഴങ്ങി ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വിലയേറിയ വിക്കറ്റും പോക്കറ്റിലാക്കി. ജാദവിനെ താൻ ഒരു സമ്പൂർണ സ്പിന്നറായാണ് കാണുന്നതെന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ വാക്കുകൾ തന്നെ അദ്ദേഹത്തിനുള്ള കിരീടം!

ഇതിനെല്ലാം ഒപ്പം വിക്കറ്റിനു പിന്നിലെ ധോണി മാജിക്കും എടുത്തു പറയണം. ന്യൂസീലൻഡിന്റെ ഏഴാം വിക്കറ്റിൽ ജയിംസ് നീഷാമും മിച്ചൽ സാന്റ്നറും ചേർന്നതോടെ ഇന്ത്യ കളി കൈവിട്ടെന്നു തോന്നിച്ചതാണ്. എന്നാൽ നീഷാമിനെ ധോണി റണ്ണൗട്ടാക്കിയത് കളിയുടെ ഗതി മാറ്റി. കേദാർ ജാദവ് എറിഞ്ഞ 37–ാം ഓവറിലെ രണ്ടാം പന്തിൽ നീഷാമിനെതിരെ അപ്പീൽ വന്നെങ്കിലും അംപയർ അനുവദിച്ചില്ല. പന്ത് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച നീഷാം, റൺസിനായി ക്രീസിനു വെളിയിൽ വന്നിരുന്നു. താൻ ക്രീസിനു പുറത്താണെന്ന കാര്യം അപ്പീലിന്റെ ബഹളത്തിൽ നീഷാം മറന്നു. അതീവ ശ്രദ്ധയോടെ വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ച ധോണി അവസരം മുതലെടുത്ത് ബെയ്‍ൽസ് തെറിപ്പിച്ചു. തിരിച്ചുവരാനുള്ള ന്യൂസീലൻഡിന്റെ എല്ലാ മോഹവും തകർത്തത് ഈ വിക്കറ്റ് തന്നെ!

∙ ഇന്ത്യയുടെ ബോളിങ് കൊള്ളാമെന്ന് വില്യംസൻ

ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും ബാറ്റ്സ്മാൻമാരുടെ കളിയായിരുന്നെങ്കിൽ മാറിവരുന്ന ചിത്രത്തിന്റെ മറ്റൊരു ഉദാഹരണമായി ഇന്ത്യ–ന്യൂസീലൻഡ് ഏകദിന പരമ്പര. പരമ്പര 4–1ന് കൈവിട്ടശേഷം ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ വാതോരാതെ സംസാരിച്ചതും ഇന്ത്യൻ ബോളിങ് ഡിപ്പാർട്മെന്റിനെക്കുറിച്ചാണ്. അതെ, ജസ്പ്രീത് ബുമ്രയെന്ന ലോക ഒന്നാം നമ്പർ ബോളർ ഇല്ലാത്ത ബോളിങ് യൂണിറ്റിനെക്കുറിച്ചുതന്നെ.

‘ഈ പരമ്പരയിലുടനീളം ഇന്ത്യ എല്ലാ മേഖലയിലും ഞങ്ങളെ നിഷ്പ്രഭരാക്കി. പ്രത്യേകിച്ചും ബോളിങ്ങിൽ. ഇന്ത്യയുടെ പേസ്, സ്പിൻ ബോളർമാരുടെ കൃത്യതയാർന്ന പന്തുകൾ ഞങ്ങളെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിക്കളഞ്ഞു’ – ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യൻ ബോളിങ്ങിനെക്കുറിച്ച് കേൾക്കാവുന്ന ഏറ്റവും മികച്ച വാക്കുകൾ തന്നെ. ബുമ്ര കൂടി തിരിച്ചെത്തുന്നതോടെ ഈ ബോളിങ് യൂണിറ്റ് വർധിതവീര്യം കൈവരിക്കുമെന്ന് നൂറുവട്ടം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com