Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതെ പോകരുത്, സഹജീവികളുടെ ദുഃഖം

rama-hanuman

ഈ ലോകം മനുഷ്യർക്കു വേണ്ടി മാത്രമുള്ളതല്ല. എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ്. ഓരോ ജീവിക്കുമുണ്ട് മനുഷ്യന്റേതു പോലുള്ള വികാരവിചാരങ്ങൾ. 

സ്വന്തം പ്രിയതമയായ സീതാദേവിയെ തിരഞ്ഞു കാട്ടിൽ നടക്കുമ്പാഴാണു ശ്രീരാമൻ ബ്രാഹ്മണവേഷത്തിലെത്തിയ ഹനുമാനെ കാണുന്നത്. വാനരമുഖ്യനായ സുഗ്രീവന്റെ മന്ത്രിമാരിലൊളാണു താനെന്നു ഹനുമാൻ പരിചയപ്പെടുത്തി. തുടർന്ന്, സുഗ്രീവന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു പറയുകയാണ്:

“അഗ്രജനാകിയ ബാലി കപീശ്വര

നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ

സുഗ്രീവനുള്ള പരിഗ്രഹം തന്നെയു-

മഗ്രജൻ തന്നെ പരിഗ്രഹിച്ചീടിനാൻ”.

'സുഗ്രീവനെ ജ്യേഷ്ഠനായ ബാലി രാജ്യത്തു നിന്നു പുറത്താക്കി, സുഗ്രീവന്റെ ഭാര്യയെ ബാലി സ്വന്തമാക്കുകയും ചെയ്തു' എന്നാണു ഹനുമാൻ പറയുന്നത്. 

അവതാരപുരുഷനായ രാമന്റെ അവസ്ഥയും ഇതു തന്നെ- സീതയെ മറ്റൊരാൾ തട്ടിയെടുത്തിരിക്കുന്നു. ഒടുവിൽ രാമനും സുഗ്രീവനും അഗ്നിസാക്ഷിയായി സഖ്യമുണ്ടാക്കുകയാണ്. 

സുഗ്രീവന്റെ ഭാര്യയെ സ്വന്തമാക്കിയ ബാലിയെ ശ്രീരാമൻ വധിച്ചു. രാവണനെ വധിച്ച് സീതാദേവിയെ വീണ്ടെടുക്കാൻ സുഗ്രീവനും ഹനുമാനും അടങ്ങുന്ന വാനരസൈന്യം രാമനെയും സഹായിച്ചു. 

കുരങ്ങന്റെ ദുഃഖവും അവതാരപുരുഷനായ മനുഷ്യന്റെ ദുഃഖവും ഒന്നുതന്നെയെന്ന രാമായണസങ്കൽപം ഉദാത്തമാണ്. ഒരുപടി കൂടി കടന്ന്, സഹജീവികളുടെ സഹായമില്ലാതെ മനുഷ്യനു നിലനിൽപില്ലെന്ന തിരിച്ചറിവു കൂടി രാമായണം നമുക്കു നൽകുന്നു. 

ഋശ്യമൂക പർവതം

സുഗ്രീവനും ഹനുമാനും മറ്റും വസിച്ചിരുന്നതായി രാമായണത്തിൽ പരാമർശിക്കുന്ന ഋശ്യമൂക പർവതം കർണാടകയിൽ തുംഗഭദ്ര നദീതീരത്ത് ഹംപിക്കടുത്തുള്ള മലനിരകളാണെന്നു ചരിത്രകാരന്മാരിൽ ചിലർ പറയുന്നു. ഈ പ്രദേശത്തെ ഒരു മല ഋഷിമുഖ എന്ന പേരിലാണ് ഇപ്പോഴും അറിയപ്പെടുന്നത്.