Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾക്കു മുന്നിൽ ഇതിഹാസ തിലോദകം

rama

ഇന്നു കർക്കടകവാവ്. മൺമറഞ്ഞുപോയ പൂർവികരുടെ സ്മൃതികൾക്കു തിലോദകം സമർപ്പിക്കുന്ന ദിനം. 

മരിച്ചവർക്കായി ബലിതർപ്പണം നടത്തുന്ന സന്ദർഭങ്ങൾ രാമായണത്തിൽ പല തവണ വരുന്നുണ്ട്. രാക്ഷസനും പക്ഷിയും മൃഗവും പോലും ബലിതർപ്പണം നടത്തുന്നു എന്ന കൗതുകം കൂടിയുണ്ട് ഇതിൽ.

ദശരഥന്റെ മരണത്തിനുശേഷം ഭരതൻ അച്ഛനു വേണ്ടി ബലിയിടുന്ന സന്ദർഭമാണ് ആദ്യം. അവതാരപുരുഷനായ സാക്ഷാൽ ശ്രീരാമചന്ദ്രൻ തന്നെ പിന്നീട് ബലിയിടുന്നു. 

വനവാസകാലത്ത് ചിത്രകൂടപർവതത്തിൽ കഴിയുമ്പോഴാണ് അവിടെയെത്തിയ ഭരതനിൽ നിന്നു ശ്രീരാമൻ അച്ഛന്റെ വിയോഗത്തെക്കുറിച്ച് അറിയുന്നത്. തേനിൽ കുഴച്ച ഓടൽപ്പിണ്ണാക്കു കൊണ്ട് ഉരുട്ടിയ പിണ്ഡം സമർപ്പിച്ചു രാമലക്ഷ്മണന്മാർ കാട്ടിൽ ബലിതർപ്പണക്രിയകൾ ചെയ്തു. 

“യാതൊരന്നം താൻ ഭുജിക്കുന്നതുമതു

സാദരം നൽക പിതൃക്കൾക്കുമെന്നല്ലോ” എന്നാണു പൈങ്കിളി പാടുന്നത്. താൻ എന്താണോ കഴിക്കുന്നത് അത് ആദരത്തോടെ പിതൃക്കൾക്കും നൽകുക എന്നതാണല്ലോ ബലിതർപ്പണം എന്നത്. 

രാമബാണമേറ്റു മരിച്ച വാനരനായകനായ ബാലിക്കു വേണ്ടി മകൻ അംഗദനും പക്ഷിശ്രേഷ്ഠനായ ജടായുവിനു വേണ്ടി സഹോദരൻ സമ്പാതിയും തർപ്പണം ചെയ്യുന്നു. രാക്ഷസരാജാവായ രാവണൻ യുദ്ധത്തിൽ മരിച്ചപ്പോൾ അനുജൻ വിഭീഷണനും ഉദകക്രിയ ചെയ്യുന്നുണ്ട്. 

നമ്മെ നാമാക്കിയ പൂർവികരെ വേണ്ടവിധം അനുസ്മരിച്ചും ആദരിച്ചും വേണം മുന്നോട്ടുപോകാൻ എന്ന സന്ദേശമാണു രാമകഥ നമുക്കു തരുന്നത്. 

പിതൃപ്രീതിക്കായി...

വർഷത്തെ രണ്ടായി വിഭജിക്കുന്നു- ഉത്തരായണം, ദക്ഷിണായനം. ഉത്തരായണം ദേവന്മാർക്കു പ്രധാനം. എന്നാൽ പിതൃക്കൾക്ക് ദക്ഷിണായനമാണു പുണ്യം. പൂർണചന്ദ്രന്റെ മറുപാതിയിലാണു പിതൃക്കളുടെ ലോകം എന്നാണു വിശ്വാസം. അതുകൊണ്ട് അമാവാസി അഥവാ കറുത്ത വാവ് വരുന്ന ദിവസം പിതൃക്കൾ ഭൂമിക്ക് അഭിമുഖമായി വരുന്നു എന്നും വിശ്വാസം.