Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓരോ ജീവിയിലുമുണ്ട്, ശക്തിചൈതന്യം

hanuman

രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ കണ്ടെത്താനായി രാമന്റെ നിർദേശപ്രകാരം സുഗ്രീവൻ വാനരപ്പടയെ നിയോഗിക്കുകയാണ്.

വാനരന്മാരെക്കൊണ്ട് ഇതു സാധിക്കുമോ എന്നാർക്കും സംശയം തോന്നേണ്ട എന്നു കരുതി സുഗ്രീവൻ പറയുന്നു:

“കേചിൽ ഗജബലന്മാരിതിലുണ്ടുതാൻ

കേചിൽ ദശഗജശക്തിയുള്ളോരുണ്ട്

കേചിദമിതപരാക്രമമുള്ളവർ

കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും....” 

'ആനയുടെ ശക്തിയുള്ളവർ ഇതിലുണ്ട്, പത്ത് ആനകൾക്കു തുല്യരായുള്ളവരുണ്ട്, അമിതപരാക്രമക്കാർ വേറെ, സിംഹത്തിനു തുല്യം ശക്തിയുള്ളവരും ഇതിലുണ്ട്'- എന്നാണു സുഗ്രീവൻ പറയുന്നത്. 

കടലിനക്കരെയാണു സീതയുള്ളത് എന്ന വിവരം കിട്ടിയപ്പോൾ കടൽ ചാടിക്കടക്കാൻ കഴിവുള്ളയാളെ കണ്ടെത്താനും വാനരശ്രേഷ്ഠനായ ജാംബവാനു കഴിഞ്ഞു. അതു മറ്റാരുമായിരുന്നില്ല- സാക്ഷാൽ ഹനുമാൻ തന്നെ. 

ഈ ലോകത്ത് തന്നോളം കഴിവ് മറ്റാർക്കുമില്ല എന്ന് അഹങ്കരിക്കുന്ന മനുഷ്യനെ രാമായണം ഓർമിപ്പിക്കുകയാണ്- സഹജീവികളെ ഇകഴ്ത്തിക്കാണരുത്, ഓരോ ജീവിയിലുമുണ്ട് ഈശ്വരന്റെ ശക്തിചൈതന്യം. അവയ്ക്കുമുണ്ട് കഴിവുകൾ. 

കളകാഞ്ചി സുന്ദരം

കേക, കാകളി, കളകാഞ്ചി, അന്നനട എന്നിവയാണു പ്രധാന കിളിപ്പാട്ടു വൃത്തങ്ങൾ. അധ്യാത്മരാമായണം കിളിപ്പാട്ടിൽ സുന്ദരകാണ്ഡത്തിൽ മാത്രമേ കളകാഞ്ചി വൃത്തം ഉപയോഗിച്ചിട്ടുള്ളൂ. സുന്ദരമായ വൃത്തം കൂടിയാണു കളകാഞ്ചി.