Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജൻ കേസ്, നിർണ്ണായകമായത് ആ വിദ്യാർഥിയുടെ മൊഴി!

Rajan Case

സിഐ ശ്രീധരനെ തിരിച്ചറിയുന്നു!
2009 ജൂ‍ൺ മൂന്ന്:

പുലർച്ചെ. പത്രത്തിൽ ചരമപ്പേജിൽ ഒരു ഫോട്ടോ. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ!!
വാർത്ത ഇപ്രകാരമായിരുന്നു:
‘റിട്ട. അസി. പൊലീസ് കമ്മിഷണർ കെ.ശ്രീധരൻ നിര്യാതനായി. അടിയന്തരാവസ്ഥയിൽ ക്രൈംബ്രാഞ്ച് സിഐ ആയിരുന്നു. ആർഇസി വിദ്യാർഥി രാജനെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടേണ്ടിവന്നു. പിന്നീടു കുറ്റവിമുക്തനായി...’
ഞാൻ സ്തബ്ധനായി കുറേനേരം ആ ഫോട്ടോയിൽ നോക്കിയിരുന്നു പോയി. വർഷങ്ങൾക്കു മുൻപ് ഒരു പ്രഭാതത്തിൽ അൽപനേരത്തേക്കു മാത്രമാണ് ഈ മനുഷ്യനെ ഞാൻ കണ്ടത്. ഞെട്ടിപ്പിക്കുന്ന ആ ഓർമയിലേക്ക് ഞാൻ വീണുപോയി:

∙∙∙

1976 മാർച്ച് ഒന്ന്
ടപ്, ടപ്, ടപ്, ടപ്..........
അതിരാവിലെ നാലര മണി. ഇടനാഴിയിൽ ബൂട്സിന്റെ ശബ്ദം. ‘ഇ’ ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ ഇടതുവിങ്ങിലാണ് എന്റെ മുറി. ഞാൻ മുറി തുറന്ന് ഇടനാഴിയിലേക്കിറങ്ങി. ട്യൂബിന്റെ അരണ്ടവെളിച്ചം. കുറച്ചു മുന്നിലായി കുറേ പൊലീസുകാർ. രണ്ടു–മൂന്നു പേർ യൂണിഫോമിൽ. ബാക്കിയുള്ളവർ മഫ്തിയിൽ. യൂണിഫോം ധരിച്ചവരുടെ കയ്യിൽ നീളൻ തോക്ക്. അവർ വലതുവശത്തെ കവാടത്തിലൂടെ പുറത്തേക്കു പോയി. കാറ്റ് വീശി, തണുപ്പുണ്ട്, ഞാൻ തിരികെ മുറിയിൽ വന്നു കിടന്നു. ഉറക്കം വരുന്നില്ല. കുറച്ചു നേരം കഴിഞ്ഞു. ഒരു വാൻ വന്നു നിൽക്കുന്ന ശബ്ദം. പുറകിലായി മറ്റൊരു വണ്ടി. വാനിന്റെ ഉള്ളിൽ നിന്നു കൂടുതൽ മഫ്തി പൊലീസ്..
എന്റെ സീനിയർ ബാച്ചിലെ പി.രാജനും അവർക്കൊപ്പമുണ്ട്. അന്ന് അറിഞ്ഞില്ല. രാജനെ ഞങ്ങൾ അവസാനമായി കാണുകയായിരുന്നെന്ന്. രാജനുമായി എന്തോ ചോദിച്ചുകൊണ്ട് പൊലീസ് മുകളിലത്തെ നിലയിലേക്കു പോയി. എന്തോ പന്തികേടുണ്ട്. ഞങ്ങൾ, കുറേ വിദ്യാർഥികൾ, പിറകെ കൂടി.

രണ്ടാംനിലയിലുള്ള ചാലിയുടെ മുറിയിലേക്കാണ് പൊലീസുകാർ രാജനെ കൊണ്ടു പോയത്. ചാലി എന്റെ ബാച്ചിലാണ്. ചാലിയുടെ മുറി തുറന്നുകിടക്കുന്നു. അവൻ ഇല്ല. തടിച്ചു കുറിയ ശരീരമുള്ള പൊലീസ് ഉദ്യോഗസ്ഥൻ രാജനോട് എന്തൊക്കെയോ ചോദിക്കുന്നു. (അയാളുടെ പേര് ശ്രീധരൻ എന്നാണെന്ന് അന്ന് അറിയില്ലായിരുന്നു). മറുപടി പറയുന്നു. മുഖം മ്ലാനം. രാജൻ ഭയന്നു നിൽക്കുകയാണ്.
കോഴിക്കോട് യൂണിവേഴ്സിറ്റി ഫുട്ബോൾ താരം രൻജിക്കുട്ടി എന്നോട് അടക്കം പറഞ്ഞു. ‘ അകത്തായ ലക്ഷണമാണ് കാണുന്നത്. കാര്യമായ എന്തോ കുഴപ്പമുണ്ട്.’

ഇതിനിടയിൽ കുട്ടികളുടെ തുണി അലക്കുവാൻ ഹോസ്റ്റലിൽ വരാറുള്ള ഡോബി സത്യൻ ചാലിക്കു മുന്നറിയിപ്പു കൊടുത്തിരുന്നു: ‘രാജനെ റോഡിൽവച്ചു പൊലീസ് പിടിച്ചു’ . ഇതു കേട്ടാണ് ചാലി മുറിവിട്ടു പോയത്. എന്നാൽ 20 മിനിറ്റിന് ശേഷം എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ചാലി അവിടേക്കു നടന്നുവന്നു. എന്താ.. എന്താ.. ചാലി പൊലീസുകാരോടു ചോദിച്ചു. അവന്റെ മുഖം കലങ്ങിയിരുന്നു. ശബ്ദത്തിൽ പരിഭ്രമം ഉണ്ട്.

രാജനെയും ജോസഫ് ചാലിയെയും പൊലീസുകാർ നീലവാനിൽ കയറ്റി. വണ്ടി ക്യാംപസ് വിടുമ്പോൾ ഏകദേശം ആറു മണി കഴിഞ്ഞു. ആകാശം കലങ്ങിച്ചുവന്ന് പുലർന്നു തുടങ്ങി.

നല്ല പാട്ടുകാരനായിരുന്നു രാജൻ. തലേദിവസം കോഴിക്കോട് ഫാറൂഖ് കോളജിൽ നടന്ന ‘ബി’ സോൺ ആർട്സ് ഫെസ്റ്റിവലിന് പോയതാണ്. മൽസരം കഴിഞ്ഞു പുലരും മുൻപേ മടങ്ങിയെത്തി. ബസിറങ്ങി ഹോസ്റ്റലിലെ സ്വന്തം മുറിയിലേക്കു പോകുമ്പോഴാണു പിടിയിലാകുന്നത്. സാക്ഷിയെന്ന നിലയിൽ ഇതാണ് ഞാൻ കോടതിയിൽ പറയേണ്ടത് .

∙∙∙

1977 ഏപ്രിൽ ആറ് രാത്രി എട്ടു മണി. നാളെ കോടതിയിൽ മൊഴി കൊടുക്കേണ്ടതുണ്ട്. ഒരു പഴയ അംബാസഡർ ടാക്സിയിലാണു യാത്ര. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്ക്. വിദ്യാർഥിയായി വണ്ടിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പുറപ്പെടുന്നതിനു തൊട്ടുമുൻപു പോലും പലരും മുന്നറിയിപ്പു തന്നു: ‘പൊലീസിനെതിരായ കേസാണ്, അവർ വഴിയിൽ തടയാൻ സാധ്യതയുണ്ട്.’

അടിയന്തരാവസ്ഥ ഭാഗികമായി നിലനിൽക്കുന്നു. ക്യാംപസിൽനിന്നു കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെക്കുറിച്ച് ഒരു വിവരവും ഇല്ല. ഈ യാത്രയെപ്പറ്റി ഞാൻ വീട്ടിൽ അറിയിച്ചിട്ടുമില്ല. എന്നെ അറസ്റ്റ് ചെയ്താലോ പൊലീസ് കൊണ്ടു പോയാലോ ആരും അറിയുകയില്ല.
ഏതായാലും തടസ്സമില്ലാതെ നേരം വെളുക്കുന്നതിനു മുൻപ് എറണാകുളത്തെത്തി.
കോടതി തുടങ്ങുന്നതിനു മുൻപ് അഡ്വ. രാംകുമാർ എന്റെ അടുത്തുവന്നു. ‘തോമസ് ജോർജിനെയാണ് ആദ്യം വിസ്തരിക്കുന്നത്’.
താമസിയാതെ കേസ് വിസ്താരം ആരംഭിച്ചു. ഞാൻ ആദ്യമായാണ് ഒരു കോടതിയിൽ കയറുന്നത്. പരിഭ്രമമുണ്ട്. കോടതിമുറിയിൽ നിറഞ്ഞിരുന്ന ജനത്തിനു നേരെ തിരിഞ്ഞ് ഞാൻ സാക്ഷിക്കൂട്ടിൽ കയറിനിന്നു.
‘ജഡ്ജിയെ ആണ് അഭിസംബോധന ചെയ്യേണ്ടത്’, അഡ്വക്കറ്റ് രാംകുമാർ തിരുത്തി.
അഡീഷനൽ അഡ്വക്കറ്റ് ജനറൽ ടി.സി.എൻ.മേനോനാണ് ചോദ്യങ്ങൾ ചോദിച്ചത്.
‘നിങ്ങൾ കണ്ട പൊലീസ് ഉദ്യോഗസ്ഥർ ഏതു റാങ്കിലുള്ളവർ ആയിരുന്നു?’
‘അറിഞ്ഞുകൂടാ.’
‘യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നോ?’
‘ചിലർ ഉണ്ടായിരുന്നു’.
‘അതായത് യൂണിഫോം ധരിക്കാത്തവരും ഉണ്ടായിരുന്നു. അവർ പൊലീസ് ആയിരുന്നുവെന്ന് എങ്ങനെ പറയാൻ കഴിയും?’
‘രാജന്റെ കൂടെ കൊണ്ടുപോയ ചാലി പൊലീസ് കസ്റ്റഡിയിൽ ഇപ്പോഴും ഉണ്ട് എന്നാണ് പത്രവാർത്ത,’ ഞാൻ പറഞ്ഞു.
‘ഒരു വിദ്യാർഥി മാത്രമാണു രാജനെ കസ്റ്റഡിയിൽ എടുത്തതായി സാക്ഷി പറഞ്ഞത്’, എന്നു എതിർഭാഗം ചൂണ്ടിക്കാട്ടി
‘അയാളുടെ മൊഴി തെറ്റാണെന്നു നിങ്ങൾ തെളിയിച്ചിട്ടില്ലല്ലോ’ എന്നായിരുന്നു ജസ്റ്റിസ് പോറ്റിയുടെ മറുപടി.

ഹോസ്റ്റലിലെ തൂപ്പുകാരൻ ടി.ബാലസുബ്രഹ്മണ്യനെ ചോദ്യം ചെയ്തത് നിർണായക തെളിവായി. മനസ്സാന്നിധ്യം വിടാതെ, സുബ്രഹ്മണ്യം പറഞ്ഞു:
‘സംഭവദിവസം വെളുപ്പിന് ഹോസ്റ്റലിൽ ചെന്നപ്പോൾ രണ്ടു പൊലീസ് വാൻ കണ്ടു. യൂണിഫോമില്ലാത്ത ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ശ്രീധരൻ, പൊലീസ് കോൺസ്റ്റബിൾ രാഘവൻ നായർ, വാൻ‌ ഡ്രൈവർ വിശ്വനാഥൻ എന്നിവരെ കണ്ടു.. അവരെ എനിക്കു നേരത്തേ പരിചയമുണ്ട്.’
എങ്ങനെ?
കോടതി നടപടികൾക്കു നാടകീയത പകർന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞു. ‘ പൊലീസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പുതരണം’.
ജഡ്ജിമാരുടെ ദൃഷ്ടികൾ സർക്കാർ പക്ഷത്തുള്ള അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ നേരെ തിരിഞ്ഞു.
അദ്ദേഹം പറഞ്ഞു:

‘ഈ സാക്ഷിക്കെന്നല്ല, കേസിലെ മറ്റു സാക്ഷികൾക്കും പൊലീസിൽ നിന്ന് ഒരു ഉപദ്രവവും ഉണ്ടാകുകയില്ലെന്ന് ഞാൻ ഉറപ്പുതരാം’.
ഈ ഉറപ്പ് കോടതി രേഖപ്പെടുത്തി. അത് ഞങ്ങൾക്കൊക്കെ തുണയായി. ബാലസുബ്രഹ്മണ്യത്തിന്റെ വിസ്താരം തുടർന്നു
‘എന്റെ വീടിനടുത്ത് ഒരു കൊലപാതകം നടന്നിരുന്നു. അന്വേഷിക്കാൻ വന്നത് ഇൻസ്പെക്ടർ ശ്രീധരനാണ്. അടിച്ചുകൊല്ലാൻ പ്രതി ഉപയോഗിച്ച വടി കണ്ടെടുക്കാൻ സാക്ഷിയായി എന്നെ ഈ വാനിലാണു കൊണ്ടുപോയത്.’
നക്സൽ എന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത സാക്ഷി കാനങ്ങോട്ടു രാജന്റെ മൊഴിയും നിർണായകമായി. അയാൾ പറഞ്ഞു: . ‘മാർച്ച് രണ്ടിനു കക്കയം ക്യാംപിൽ ആറു പൊലീസുകാർ ചേർന്നു രാജനെ ഒരു ബെഞ്ചിൽ കിടത്തി മർദിക്കുന്നതു ഞാൻ കണ്ടു. അതിൽ എസ്ഐ പുലിക്കോടൻ നാരായണനെ എനിക്കറിയാം’.

പലരുടെയും മൊഴിക്കു ശേഷം സാക്ഷിവിസ്താരം അവസാനിച്ചു. കൊടുത്ത മൊഴിയിൽ എനിക്കു മതിപ്പുണ്ടായിരുന്നില്ല. പക്ഷേ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ടി.സി.എൻ.മേനോന്റെ പ്രതികരണം എന്നെ ആശ്ചര്യപ്പെടുത്തി.
‘രാജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി ഒരു വിദ്യാർഥി സാക്ഷിപറഞ്ഞിരിക്കെ ഞാൻ അതിനെ നിഷേധിക്കാൻ തയാറല്ല. അതിനാൽ എൻജിനീയറിങ് വിദ്യാർഥിയായ രാജനെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന് എനിക്കു പറയുവാൻ കഴിയില്ല.’.

രാജനുമായി നേരിട്ടു ബന്ധമൊന്നുമില്ലാത്ത ഒരു വിദ്യാർഥിയുടെ മൊഴി കോടതി അവിശ്വസിക്കാൻ സാധ്യതയില്ല എന്നായിരുന്നു ടി.സി.എൻ. മേനോന്റെ നിഗമനം.
‘അഡീഷനൽ അഡ്വക്കറ്റ് ജനറൽ പൊലീസിനെ കയ്യൊഴിയുകയാണോ? ജസ്റ്റിസ് പോറ്റി ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ‘എനിക്ക് പൊലീസ് ഉദ്യോഗസ്ഥരെ മാത്രം വിശ്വസിക്കാൻ കഴിയുകയില്ല’.
അപ്രതീക്ഷിതവും അദ്ഭുതപ്പെടുത്തുന്നതുമായിരുന്നു ആ മറുപടി. പൊലീസുകാരുടെ നരനായാട്ടിനെ കുറിച്ച് അദ്ദേഹത്തിന് കൂടുതൽ അറിവുണ്ടായിരുന്നോ?

അധ്യായം മൂന്ന്: കേരളം ഇന്നും കേട്ടാൽ ഞെട്ടിവിറയ്ക്കുന്ന ആ ക്രൂരമായ മർദനകഥ