Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കിയ 3, 5, 6 ആൻഡ്രോയ്ഡ് ഫോണുകൾ ജൂൺ 13 ന് ഇന്ത്യയിൽ, വിലയോ?

nokia-5-

ഒരിക്കൽ നഷ്ടപ്പെട്ട വിപണി തിരിച്ചെടുക്കാൻ നോക്കിയ വലിയൊരു തയാറെടുപ്പിലാണ്. നോക്കിയ 3, 5, 6 മോഡൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. നോക്കിയ 3, 5, 6 ആൻഡ്രോയ്ഡ് ഫോണുകൾ ജൂൺ 13 ന് ഇന്ത്യയിൽ എത്തുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിൽ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ ഈ മൂന്നു സ്മാർട്ട് ഫോണുകളും പ്രഖ്യാപിച്ചത്. ഇതിൽ നോക്കിയ 6 മാത്രമേ വിപണിയിൽ ലഭ്യമായിരുന്നുള്ളൂ. അതും ചൈനയിൽ മാത്രം. ഏപ്രിൽ - ജൂൺ ത്രൈമാസത്തിനിടയ്ക്ക് പുതുതായി പ്രഖ്യാപിച്ച മൂന്നു സ്മാർട്ട് ഫോൺ മോഡലുകവും ലോകത്തെ 120 മാർക്കറ്റുകളിലേക്ക് എത്തുമെന്നാണു നോക്കിയ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. 

ന്യായമായ വിലയും മികച്ച നിലവാരവുമായിരിക്കും ഫോണുകളുടെ പ്രത്യേകതയെന്നും അറിയിപ്പിൽ പറയുന്നു. ജനുവരിയിൽ ചൈനീസ് വിപണിയിൽ പുറത്തിറങ്ങിയ നോക്കിയ 6ന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. ആദ്യ ഓൺലൈൻ വിൽപ്പനയിൽ 23 സെക്കൻഡ് കൊണ്ട് എല്ലാ ഫോണുകളും വിറ്റു പോയിരുന്നു. 

9,750 രൂപയ്ക്ക് നോക്കിയ 3

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പായ നൂഗട്ടിൽ പ്രവർത്തിക്കുന്നതാണ് നോക്കിയ 3. ഇടത്തരക്കാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫോൺ. നൂഗട്ടിൽ പ്രവർത്തിക്കുന്ന മറ്റു സ്മാർട്ട്ഫോണുകളേക്കാൾ ഏറെ മികച്ചതാണ് നോക്കിയ 3 എന്നാണ് ടെക്ക് വിദഗ്ധർ വിലയിരുത്തുന്നത്. നോക്കിയ 3, നോക്കിയ 5 നും ഗൂഗിളിന്റെ പരിധിയില്ലാ ക്ലൗഡ് സ്റ്റോറേജ് സേവനവും ലഭിക്കും.

സിംഗിൾ, ഡ്യുവൽ സിം ഉപയോഗിക്കാൻ കഴിയുന്നതാണ് നോക്കിയ പുതിയതായി പുറത്തിറക്കിയ എല്ലാ ഹാൻഡ്സെറ്റുകളും. ഇത് വിപണിയിൽ വൻതിരിച്ചുവരവ് കൊണ്ടുവരാൻ വഴിയൊരുക്കുമെന്നാണ് നോക്കിയ കരുതുന്നത്. അഞ്ച് ഇഞ്ച് ഡിസ്പ്ലെ, 1.3GHz ക്വാഡ്-കോർ പ്രോസസർ, എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ, റിയർ ക്യാമറ (രണ്ടു ക്യാമറയ്ക്കും ഓട്ടോ ഫോക്കസ് ലഭിക്കും), 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 128 ജിബി വരെ ഉയർത്താം, 4ജി കണക്റ്റിവിറ്റി, 2650 എംഎഎച്ച് ബാറ്ററി എന്നിവ നോക്കിയ 3യിലെ പ്രധാന ഫീച്ചറുകളാണ്. ഇന്ത്യയിൽ ഈ ഹാൻഡ്സെറ്റ് 9,800 രൂപയ്ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

പോളി കാർബോനേറ്റ് ബോഡി, അലുമിനിയം ഫ്രെയിം, ഡിസ്പ്ലെയ്ക്ക് കോറിങ് ഗോറില്ലാ ഗ്ലാസ് സുരക്ഷ എന്നിവയും ശ്രദ്ധേയമാണ്. നാലു നിറങ്ങളിലാണ് നോക്കിയ 3 അവതരിപ്പിച്ചിരിക്കുന്നത്.

നോക്കിയ 5, ഇത്തിരി വിലകൂടിയത്

നോക്കിയ 3യിൽ പ്രധാനപ്പെട്ട ചില മാറ്റങ്ങളുമായാണ് നോക്കിയ 5 അവതരിപ്പിച്ചിരിക്കുന്നത്. ഫിംഗർപ്രിന്റെ സെൻസറുള്ള ഹോം ബട്ടൺ തന്നെയാണ് നോക്കിയ 5ന്റെ പ്രധാന ഫീച്ചർ. മെറ്റൽ ബോഡിയിൽ ഡിസൈൻ‌ ചെയ്തിട്ടുള്ള നോക്കിയ 5 ലും ഇരട്ട സിം ഉപയോഗിക്കാം.

ക്വാൽകം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ്, 128 ജിബി വരെ ഉയർത്താം, 5.2 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ ( 2.5ഡി കോറിങ് ഗൊറില്ല ഗ്ലാസ് സുരക്ഷ), 13 മെഗാപിക്സൽ‌ ക്യാമറ (ഓട്ടോ ഫോക്കസ്, ഫ്ലാഷ്), എട്ടു മെഗാപിക്സൽ സെൽഫി ക്യാമറ (ഓട്ടോ ഫോക്കസ്), 3,000 എംഎഎച്ച് ബാറ്ററി (ബാറ്ററി പുറത്തെടുക്കാൻ സാധ്യമല്ല) എന്നിവ പ്രധാന ഫീച്ചറുകളാണ്. നാലു നിറങ്ങളിൽ ലഭിക്കുന്ന നോക്കിയ 5 ന്റെ ഇന്ത്യയിലെ വില 13,250 രൂപയാണ് പ്രതീക്ഷിക്കുന്നത്.

കയ്യിലൊതുങ്ങുന്ന വിലയ്ക്ക് നോക്കിയ 6

ആധുനിക സ്മാർട്ട് ഫോണിലെ സാങ്കേതിക സവിശേഷതകൾ എല്ലാമുണ്ടെന്നതും കയ്യിലൊതുങ്ങുന്ന വിലയാണെന്നതുമാണു നോക്കിയ 6ന്റെ പ്രത്യേകത. ഈ ഹാൻഡ്സെറ്റിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില ഏകദേശം 15,000 മുതൽ 16,000 രൂപ വരെയാണ്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 2.5 ഡി ഗോറില്ല ഗ്ലാസ്, 4ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി (അഴിച്ചു മാറ്റാൻ പറ്റാത്ത മോഡൽ), ഡ്യുവൽ സിം, 16 മെഗാപിക്സൽ റിയർ ക്യമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് നൗഗട്ട് അധിഷ്ടിത ഓപ്പറേറ്റിങ് സിസ്റ്റം, ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം എന്നിവ നോക്കിയ 6ന്റെ പ്രത്യേകതകൾ.