Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കിയ ആൻഡ്രോയ്ഡ് ഫോൺ അദ്ഭുതം കാണിക്കുമോ?

nokia-smartphone Nokia android phone concept image

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദങ്ങൾ നോക്കിയക്ക് നഷ്ടങ്ങളുടേതാണ്. വിൽക്കാൻ നല്ലൊരു ഉൽപന്നമില്ലാതെ നോക്കിയ തളർന്നിരിക്കുകയാണ്. ഒരു കാലത്ത് ലോകം ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന പേരായിരുന്നു നോക്കിയ. ഇതിനിടെ വിപണിയിൽ നിരവധി കമ്പനികൾ വരാൻ തുടങ്ങിയതോടെ നോക്കിയ ഫോണ്‍ ഉല്‍പാദനം നിര്‍ത്തി. എന്നാൽ ആ ബ്രാൻഡിനെ സ്നേഹിക്കുന്ന നിരവധി പേർ ഇപ്പോഴുമുണ്ട്. അവർക്കെല്ലാം സുഭവാർത്തയാണ് നോക്കിയ അധികൃതരിൽ നിന്ന് വന്നിരിക്കുന്നത്. ഈ വർഷം അവസാനം നോക്കിയയുടെ ആൻഡ്രോയ്ഡ് ഫോണുകൾ പുറത്തിങ്ങും.

ഈ വർഷം അവസാനം അത്യുഗ്രൻ സ്മാർട്ട്ഫോണുകളുമായി നോക്കിയ തിരിച്ചെത്തുമെന്ന് ചൈനീസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ നോക്കിയ പ്രസിഡന്റ് മൈക്ക് വാങ്ങാണ് പുതിയ ഫോണുകളും മറ്റു ഉല്‍പന്നങ്ങളും പുറത്തിറക്കുന്ന കാര്യം വെളിപ്പെടുത്തിയത്. മൂന്നു മുതൽ നാലു ഉൽപന്നങ്ങൾ വരെ പുറത്തിറക്കിയേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിൽ സ്മാർട്ട്ഫോണുകളും ടാബ്‌ലറ്റും ഉണ്ടാകും.

മൈക്രോസോഫ്റ്റുമായുള്ള നോക്കിയ കരാർ ഈ വർഷം അവസാനമാണ് തീരുന്നത്. ഈ കരാർ അവസാനിച്ചാൽ പൂർവ്വാധികം ശക്തിയോടെ സ്മാർട്ട്ഫോൺ വിപണിയിൽ നോക്കിയ തിരിച്ചുവരുമെന്നാണ് കരുതുന്നത്.

ഫിന്‍ലാന്റിലെ എച്ച്എംഡി ഗ്ലോബല്‍ നിര്‍മ്മിക്കുന്ന നോക്കിയയുടെ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉടന്‍ വിപണിയിലേക്കെത്തുമെന്ന് നേരത്തെ ചില ടെക്ക് വെബ്സൈറ്റുകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 5.2 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണിന് 2K റെസല്യൂഷനാണുള്ളത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഫോണിന് ഐപി68 സെര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 7 എഡ്ജിനും ഗാലക്‌സി എസ് 7 നും ഒപ്പം നില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 7.0 നൂഗ ആയിരിക്കും നോക്കിയയുടെ പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് ഗിസ്‌മോ ചൈന റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഫോണിന്റെ വിശദാംശങ്ങള്‍ ഇതുവരെ നോക്കിയ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സ്‌നാപ്ഡ്രാഗണ്‍ 820 ചിപ് സെറ്റായിരിക്കും ഈ ഫോണുകള്‍ക്കുണ്ടാവുക. പൂര്‍ണ്ണമായും മെറ്റല്‍ ബോഡിയില്‍ ഇറങ്ങുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറുകളും ഉണ്ടായിരിക്കും. ഇതുവരെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സെന്‍സറുകളുമായിട്ടായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കിയ ഇറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വിചാരിച്ച വേഗത്തില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യത്തിലേക്ക് ലോഞ്ചിങ് മാറ്റാനും സാധ്യതയുണ്ട്. കഴിഞ്ഞ മെയിലാണ് സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും നിര്‍മ്മിക്കാനുള്ള ചുമതല എച്ച്എംഡി ഗ്ലോബലിന് പത്ത് വര്‍ഷത്തേക്ക് കൈമാറിയതായി നോക്കിയ അറിയിച്ചത്.

ആപ്പിളിന്റേയും സാംസങിന്റേയും സുവര്‍ണകാലത്തിന് മുമ്പ് മൊബൈല്‍ ലോകം ഫിന്‍ലാന്റില്‍ നിന്നുള്ള നോക്കിയയാണ് അടക്കി ഭരിച്ചിരുന്നത്. എന്നാല്‍ വിന്‍ഡോസ് ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും മാറാന്‍ തയ്യാറാകാതിരുന്നതും വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാതിരുന്നതും നോക്കിയക്ക് തിരിച്ചടിയായി. 2014ല്‍ 7.2 ബില്യണ്‍ ഡോളറിന് (ഏകദേശം 48340 കോടി രൂപ) നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. 

Your Rating: