Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ഭീകരർക്ക് ഏറ്റവും പ്രിയപ്പെട്ട ഫോൺ നോക്കിയ!

nokia-105

ഡ്രോണിലൊരു ബോംബും ഘടിപ്പിച്ച് സ്മാർട് ഫോൺ വഴി നിയന്ത്രിച്ച് ഒന്നു രണ്ടു കിലോമീറ്റർ അപ്പുറത്ത് എളുപ്പത്തിൽ കൊണ്ടുപോയി പൊട്ടിക്കാൻ തക്കവിധം വളർന്നിരിക്കുന്നു ഭീകരരുടെ ‘ടെക്നോ ബുദ്ധി’. സ്വാഭാവികമായും അവരുടെ പ്രിയപ്പെട്ട ഫോൺ ഏതായിരിക്കുമെന്ന സംശയവുമുണ്ടാകും. അതേതായാലും ഏറ്റവും പുത്തൻ ടെക്നോളജിയോടു കൂടിയതാകുമെന്നും ചിലർക്കെങ്കിലും ഉറപ്പുണ്ടാകും. പക്ഷേ ഐഎസ്ഐഎസ് ഭീകരരുടെ കാര്യത്തിൽ ആ കണക്കുകൂട്ടൽ തെറ്റി. ഇന്ത്യൻ വിപണിയിൽ 1400 രൂപയിൽ താഴെയും രാജ്യാന്തര തലത്തിൽ 30 ഡോളറിൽ താഴെയും വില വരുന്ന നോക്കിയ 105 (ഇപ്പോഴത്തെ പേര് മൈക്രോസോഫ്റ്റ് മൊബൈൽ 105) എന്ന കുഞ്ഞൻ ഫോണാണ് ഐഎസ് ഭീകരരുടെ ഏറ്റവും പ്രിയപ്പെട്ടത്. രാജ്യാന്തരതലത്തിൽ അനധികൃതമായി നടക്കുന്ന ആയുധക്കടത്തിനെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കുന്ന എൻജിഒ ആയ സിഎആർ(Conflict Armament Research )പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2014 ഡിസംബറിൽ ഇറാഖിൽ പിടിയിലായ ഐഎസ് ഭീകരരുടെ കയ്യിലെ 10 നോക്കിയ 105 ഫോണുകളുടെ വിവരങ്ങളുൾപ്പെടെ നൽകിയാണ് സിഎആറിന്റെ റിപ്പോർട്ട്.

എന്തുകൊണ്ടാണ് ഈ ഫോൺ തന്നെ ഐഎസ് ഭീകരർ വ്യാപകമായി ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും തൃപ്തികരമായ ചില നിഗമനങ്ങളിൽ ഈ എൻജിഒ സംഘം എത്തിയിട്ടുണ്ട്. പ്രധാനമായും സാധാരണക്കാരെ ലക്ഷ്യമിട്ട്, താഴെക്കിടയിലുള്ള വിപണിയിലേക്കാണ് നോക്കിയ 105 വിൽപനയ്ക്കെത്തുന്നത്. അതിനാൽ തന്നെ സ്വന്തമാക്കാൻ എളുപ്പവുമാണ്. മൊത്തമായി വാങ്ങിയാൽ പോലും അധികമാരും സംശയിക്കില്ല. ഐഎസിനാകട്ടെ കുറഞ്ഞ ചെലവിൽ ഫോണും കിട്ടും. ഒരുപക്ഷേ താഴെക്കിടയിലെ വിപണിയിലേക്ക് നിയമാനുസൃതമായി എത്തുന്നത് കൂട്ടത്തോടെ തട്ടിയെടുക്കുന്നതുമാകാം. ഐഎസിന്റെ അധീനപ്രദേശങ്ങളിൽ അതിനും ബുദ്ധിമുട്ടുണ്ടാകില്ല.

എന്തിനാണ് പക്ഷേ വൻതോതിൽ ഈ ഫോൺ വാങ്ങിക്കൂട്ടുന്നത്? റിമോട്ട് നിയന്ത്രിത ബോംബുകൾ പൊട്ടിക്കാൻ ഇതിലും നല്ല ഡിറ്റണേറ്റർ വേറെയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. റിമോട്ട് വഴി നിയന്ത്രിക്കാവുന്ന ഐഇഡി( Improvised Explosive Device) ബോംബുകൾ ഐഎസ് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഇഡിക്ക് രണ്ട് ഭാഗങ്ങവുണ്ട്–ഒന്ന് ബോംബ് മൊത്തമായി, രണ്ടാമത്തേത് അതിനോട് ഘടിപ്പിച്ചിട്ടുള്ള ഡിറ്റണേറ്റർ. ഒരു ബട്ടണായി പ്രവർത്തിച്ച് ബോംബ് പൊട്ടിക്കാനുള്ള‘ട്രിഗർ’ നൽകുന്നതാണ് ഈ ഡിറ്റണേറ്റർ. സർക്യൂട്ട് ബോർഡിലേക്ക് ഡിറ്റണേറ്ററിൽ നിന്നയക്കുന്ന സിഗ്നലാണ് സ്ഫോടനമുണ്ടാക്കുന്നത്.

ഐഇഡിയിലെ ഈ ഡിറ്റണേറ്ററായിട്ടാണ് നോക്കിയ 105 ഉപയോഗിക്കുന്നത്. മറ്റേതു ഫോണിനെക്കാളും ‘ഭീകരമായിട്ടാണ്’ ഈ ഫോണിന്റെ വൈബ്രേഷൻ. ബോംബ് ട്രിഗർ ചെയ്യാൻ ഇത് ഏറെ സഹായകരവും സൗകര്യപ്രദവുമാണു താനും. ഏത് പരുക്കൻ സാഹചര്യങ്ങളിലും ഉപയോഗിക്കാമെന്നതും നീണ്ടുനിൽക്കുന്ന ബാറ്ററി കപ്പാസിറ്റിയുമെല്ലാം ഈ ഫോണിനെ ഭീകരരുടെ പ്രിയപ്പെട്ടതാക്കുന്നുണ്ട്. കോൾ ചെയ്യാനും അതുവഴി ബോംബ് പൊട്ടിക്കാനുമായി രണ്ട് ഫോണുകളാണ് ഓരോ ഐഇഡി യൂണിറ്റിലും ഉപയോഗിക്കുക. സിം കാർഡുകളോടെയുള്ള നോക്കിയ 105 ഫോണുകളും ഭീകരരിൽ നിന്നു കണ്ടെത്തിയതാണ് ഈ നിഗമനത്തിനു കാരണം.

വൈബ്രേഷനും ബാറ്ററി കപ്പാസിറ്റിയും വിലക്കുറവുമുള്ള മറ്റു ഫോണുകളും ഏറെയുണ്ട്. പക്ഷേ ബോംബ് നിർമാണത്തിൽ ‘പുതുതലമുറ ഭീകരരെ’ എത്രയും പെട്ടെന്ന് പരിശീലിപ്പിച്ചെടുക്കാൻ ഐഎസിന് നോക്കിയ 105 ആണ് എളുപ്പമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളായി ഉപയോഗിക്കുന്നതുകൊണ്ട് പറഞ്ഞുകൊടുക്കാനും പിന്നീടു വരുന്നവർക്ക് പഠിച്ചെടുക്കാനും എളുപ്പമാകും ഇത്. മാത്രവുമല്ല വ്യാവസായികാടിസ്ഥാനത്തിലെന്ന വണ്ണമാണ് ഐഎസ് ഐഇഡി ബോംബുകൾ തയാറാക്കുന്നത്. അവിടെ വിലകുറഞ്ഞ, ലഭിക്കാൻ എളുപ്പമുള്ള, മികച്ച വൈബ്രേഷനുള്ള ഒരു ഫോൺ താരമാവുക സ്വാഭാവികം.

അതേസമയം മൈക്രോസോഫ്റ്റിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മാത്രവുമല്ല ഇറാഖിൽ പിടിച്ചെടുത്ത 10 നോക്കിയ 105 ഫോൺ എവിടെ നിന്നയച്ചതാണ്, ആർക്കയച്ചതാണ് എന്നതുൾപ്പെടെയുള്ള സകലവിവരങ്ങളും മൈക്രോസോഫ്റ്റ് സിഎആറിനു നൽകുകയും ചെയ്തിരുന്നു.

Your Rating: