Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ചെയിനിൽ വിദഗ്ധർ വളരെക്കുറവ്; കേരളവും പിന്നിൽ

blockchain-bitcoin

സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം എന്നോ വികേന്ദ്രീകരണം എന്നോ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയെ വിശേഷിപ്പിക്കാം. ഇന്റർനെറ്റിന്റെ വരവോടെ കംപ്യൂട്ടർ സാങ്കേതികവിദ്യയിലുണ്ടായ വിപ്ലവത്തിനു സമാനമാണ് ബ്ലോക്ചെയിനിലൂടെ സംഭവിക്കാനിരിക്കുന്നത് എന്നാണു വിദഗ്ധർ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടൊപ്പം തന്നെ ഭാവിയിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയും വളരും. നൂതനസാങ്കേതികവിദ്യയിൽ ഇപ്പോഴുള്ള കാര്യക്ഷമതക്കുറവ് ബ്ലോക് ചെയിൻ സാങ്കേതികവിദ്യ വ്യാപകമാകുന്നതോടെ പരിഹരിക്കാനാകും. 

ഡിജിറ്റൽ ലോകത്ത് സമയത്തിനാണ് ഏറെ പ്രാധാന്യം. അവസരങ്ങൾ എത്ര നേരം മുൻപേ തിരിച്ചറിയുന്നു എന്നതും അതിനെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതുമാണ് നേട്ടങ്ങളിലേയ്ക്കുള്ള ഒരേയൊരു വഴി. 

ബ്ലോക്ചെയിൻ ഏറ്റവുമാദ്യം സേവനമേഖലയിൽ പ്രയോജനപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് എസ്റ്റോണിയയാണ്. ഭൂമി റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഇടപാടുകൾ അവിടെ ബ്ലോക് ചെയിൻ ഉപയോഗിച്ചാണ് നടത്തുന്നത്. പല രാജ്യങ്ങളും ഈ വഴിയിൽ ഗവേഷണങ്ങൾ നടത്തുന്നു. 

ഇന്ത്യയിൽ ബ്ലോക്ചെയിൻ ഉപയോഗത്തിനുള്ള സാധ്യതകൾ അനന്തമാണ്. അതേസമയം, ബ്ലോക്ചെയിൻ മേഖലയിൽ പ്രാവീണ്യമുള്ളവർ വളരെ കുറവും. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരിൽ വളരെക്കുറച്ചു പേർക്കു മാത്രമേ ഈ സാങ്കേതികവിദ്യയിൽ പരിശീലനം ലഭിച്ചിട്ടുള്ളൂ. ഇപ്പോൾ ബ്ലോക് ചെയിൻ ടെക്നോളജിസ്റ്റുകൾ ഏറ്റവും കൂടുതലുള്ളത് ബെംഗളൂരു നഗരത്തിലാണ്. തൊട്ടുപിന്നാലെ ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും. 

കേരളം ഇപ്പോഴും പിൻനിരയിലാണെന്നു ചുരുക്കം. വൻതോതിലുള്ള തൊഴിവസരങ്ങളാണു കാത്തിരിക്കുന്നത് എന്നതിനാൽ കുതിച്ചുചാട്ടത്തിനാണു നമ്മൾ ശ്രമിക്കേണ്ടത്.