Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ നെല്ലും തേങ്ങയും ബ്ലോക്ക്ചെയിനിലേക്ക്, ഭൂമി റജിസ്ട്രേഷനും

coconut-tree

വസ്തുവകകളുടെ കൈമാറ്റം എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ബ്ലോക്ചെയിൻ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ട്. ലോകം അതു തിരിച്ചറിഞ്ഞുതുടങ്ങി. കേരളവും ആ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ആദ്യഘട്ടത്തിൽ കാർഷികമേഖലയിലാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്. 

കൃഷിക്കാരിൽ നിന്നു പച്ചക്കറികൾ ശേഖരിച്ചു വിൽപനയ്ക്കെത്തിക്കുന്നതിലും പാൽവിതരണത്തിലും ഉൾപ്പെടെ ബ്ലോക് ചെയിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കാര്യക്ഷമതയും വരുമാനവും വർധിപ്പിക്കാനാകും. നെല്ലും തേങ്ങയും ഉൾപ്പെടെയുള്ളവയുടെ സംഭരണത്തിലും ബ്ലോക്ചെയിൻ ഉപയോഗിക്കും. വിള ഇൻഷുറൻസിലും ബ്ലോക്ചെയിൻ വലിയ പ്രയോജനം ചെയ്യും. 

∙ ഭൂമി റജിസ്ട്രേഷൻ

രണ്ടാംഘട്ടത്തിൽ ഭൂമി റജിസ്ട്രേഷൻ ബ്ലോക് ചെയിൻ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ ഇതിനു തുടക്കമിട്ടുകഴിഞ്ഞു. ഭൂമി റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള നൂലാമാലകളൊക്കെ പരിഹരിക്കാൻ ഇതിലൂടെ കഴിയും. 

ബ്ലോക് ചെയിൻ മേഖലയിലെ തൊഴിലവസരങ്ങളുടെ വാതിൽ തുറക്കുന്നതേയുള്ളൂ. ലോകമെങ്ങും വൻതോതിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക. ഇത് ഏറ്റവും നന്നായി പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയും. ഇതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമമാണ് കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിലുള്ള ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കൊംപീറ്റൻസി ഡവലപ്മെന്റ് (എബിസിഡി) എന്ന പേരിലുള്ള പരിശീലനപദ്ധതി.  

മൂന്നു വർഷംകൊണ്ട് 25,000 ബ്ലോക്ചെയിൻ ടെക്നോളജിസ്റ്റുകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. എൻജിനീയറിങ് ഡിപ്ലോമ, ഡിഗ്രി എന്നിവ പൂർത്തിയാക്കിയവർക്കും എൻജിനീയറിങ്, സയൻസ് ബിരുദ വിദ്യാർഥികൾക്കും പരിശീലനം നൽകും. ജോലിയുള്ളവർക്ക് ഓൺലൈനിലൂടെയും പരിശീലനം ലഭ്യമാക്കും.