Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ചെയിൻ: തുടക്കം ഇന്റർനെറ്റിലെ അദ്ഭുതനാണയത്തിൽ

bitcoin

ബ്ലോക്ചെയിൻ എന്താണെന്ന് ഒരുപിടിയുമില്ലാത്തവരും ബിറ്റ്കോയിനെപ്പറ്റി കേട്ടിട്ടുണ്ടാവും. ഡോളർപോലെ, സ്വർണം പോലെ വച്ചടി വിലകയറുന്ന ഇന്റർനെറ്റിലെ അദ്ഭുതനാണയം ആണെന്നു കരുതി ഇതിൽ ലക്ഷങ്ങൾ നിക്ഷേപിക്കുന്നവരുമുണ്ട്. ബ്ലോക്ചെയിൻ സംവിധാനം ഉപയോഗിച്ച് പ്രചരിക്കുന്ന ആയിരത്തഞ്ഞൂറിലേറെ ക്രിപ്റ്റോകറൻസികളിൽ ഒന്നു മാത്രമാണ് ബിറ്റ്കോയിൻ. ആദ്യത്തെ ക്രിപ്റ്റോകറൻസി ആയതുകൊണ്ട് ഒടുക്കത്തെ ഗ്ലാമർ ആണെന്നു മാത്രം. 

ബിറ്റ്കോയിൻ സൃഷ്ടിച്ചപ്പോൾ അതിനൊപ്പം പിറവിയെടുത്ത സംവിധാനമാണ് ബ്ലോക്ചെയിൻ. ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ സാധ്യതകൾ വച്ചു നോക്കിയാൽ ക്രിപ്റ്റോകറൻസിയൊക്കെ ചെറുത്. രാജ്യങ്ങളുടെ കറൻസികളെയും ബാങ്കിങ് സംവിധാനങ്ങളെയുമെല്ലാം താങ്ങിനിർത്താനും വരുതിയിലാക്കാനും ബ്ലോക്ചെയിനിനു സാധിക്കും. ബിറ്റ്കോയിൻ പോലെ ആർക്കും സ്വന്തമായി ഒരു ക്രിപ്റ്റോകറൻസി ഉണ്ടാക്കാനും പ്രയാസമില്ല.

ബ്ലോക്ചെയിൻ ഇത്രയേറെ സുരക്ഷിതമാണെങ്കിൽ പിന്നെങ്ങനെ അതിൽ നിന്ന് ലക്ഷക്കണക്കിനു രൂപ മൂല്യമുള്ള ബിറ്റ്കോയിനുകൾ മോഷണം പോകുന്നു എന്നു നിങ്ങൾ സംശയിക്കുന്നുണ്ടാവും. അതിനെ അടുത്തകാലത്തു നടന്ന ചില ബാങ്കിങ് തട്ടിപ്പുകളോടുപമിക്കാം. നമ്മുടെ ബാങ്കുകളിലെ പ്രവർത്തനസംവിധാനം മികവുറ്റതാണ്. എന്നിട്ടും പലപ്പോഴും കോടികളുടെ തട്ടിപ്പു നടക്കുന്നു. പ്രധാനമായും രണ്ടു തരത്തിലാണ് ഈ മോഷണങ്ങൾ. ഒന്ന്, ഭിത്തി തുരന്ന് ലോക്കർ തകർത്തും എടിഎം കാർഡിലെ പിൻ ചോദിച്ചും ഒടിപി ചോദിച്ചും നടക്കുന്ന തട്ടിപ്പുകൾ. രണ്ട്, ഏതെങ്കിലും ബ്രാഞ്ചുകളിലെ ജീവനക്കാരുടെ അറിവോടെ നടക്കുന്ന മോഷണങ്ങൾ. ഇവ രണ്ടും ബാങ്കിങ് സംവിധാനത്തിന്റെ പരാജയമല്ല, മറിച്ച് ഉപയോക്താക്കളുടെ ജാഗ്രതക്കുറവുകൊണ്ടും ജീവനക്കാരുടെ വീഴ്ചകൊണ്ടും സംഭവിക്കുന്നവയാണ്. 

ബിറ്റ്കോയിൻ മോഷണവും ഇതുപോലെ തന്നെ. ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിലെ സുരക്ഷാവീഴചയും ഉപയോക്താക്കളുടെ ജാഗ്രതക്കുറവുമാണ് മോഷണങ്ങൾക്കു പിന്നിൽ. ഇവയൊന്നും ബ്ലോക്ചെയിൻ സാങ്കേതികവിദ്യയുടെ പരാജയമല്ല.