Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്ക ഉറപ്പിച്ചു പറയുന്നു, അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാം, സൂക്ഷിക്കണം!

ufo

അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ. 2004ൽ സാന്‍ ഡീഗോയിൽ യുഎസ് യുദ്ധവിമാനത്തിലുള്ളവർ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് അന്യഗ്രഹജീവി ഗവേഷണത്തിനുള്ള പെന്റഗൺ പദ്ധതിക്കു നേതൃത്വം നൽകിയിരുന്ന ലൂയിസ് എലിസോൻഡോയുടെ വെളിപ്പെടുത്തൽ. ഈ ‘വിമാനം’ അന്യഗ്രഹ ജീവികളുടേതായിരുന്നുവെന്നാണു വാദം. ആകാശത്തെ അജ്ഞാതവസ്തുക്കളെ (യുഎഫ്ഒ) തേടിയുള്ള വന്‍പദ്ധതിയുടെ അതീവരഹസ്യ സ്വഭാവത്തില്‍ പ്രതിഷേധിച്ച് എലിസോൻഡോ കഴിഞ്ഞ ഒക്ടോബറില്‍ രാജിവയ്ക്കുകയായിരുന്നു.  

2.87 കോടി ഡോളർ ചെലവിട്ടു യുഎസ് പ്രതിരോധ വകുപ്പ് ‘അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെട്ട് ഐഡന്റിഫിക്കേഷന്‍’ പദ്ധതി തുടങ്ങിയതിനെപ്പറ്റി ന്യൂയോർക്ക് ടൈംസ് പത്രമാണു വിവരം പുറത്തുവിട്ടത്. 2007ൽ ആരംഭിച്ച പദ്ധതിക്കു 2012ല്‍ തിരശ്ശീല വീണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും അതീവരഹസ്യമായി ഇപ്പോഴും തുടരുന്നുണ്ടെന്നാണു വിവരം. കണ്ടെത്തലുകളില്‍ പലതും പെന്റഗണ്‍ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് പാർട്ടിക്കാരനായ മുൻ സെനറ്റർ ഹാരി റീഡിന്റെ അഭ്യർഥനപ്രകാരമായിരുന്നു പെന്റഗൺ പദ്ധതിക്കു തുടക്കം. അന്യഗ്രഹ ജീവികളുണ്ടെന്നു വിശ്വസിക്കുന്ന കോടീശ്വരൻ റോബർട്ട് ബിഗലോയുടെ ഗവേഷണ സ്ഥാപനത്തിലേക്കായിരുന്നു ഫണ്ട് മുഴുവൻ ഒഴുകിയത്. ഇതിനെതിരെയും വിമർശനമുയർന്നിരുന്നു. 

2004ല്‍ യുഎസ് വിമാനം കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നുവെന്ന് എലിസോന്‍ഡോ പറയുന്നു. ചിറകില്ലാത്ത അജ്ഞാത പേടകം ‘ഭിത്തിയിൽ തട്ടിത്തെറിച്ച പന്തുപോലെ’ സഞ്ചരിക്കുന്നതു കണ്ടതായാണു യുഎസ് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്. 

പറക്കും തളികകൾ 

ആകാശത്തു കണ്ടതായി പറയപ്പെടുന്ന അജ്ഞാത വസ്തുക്കളാണു പറക്കും തളികകൾ എന്നറിയപ്പെടുന്ന യുഎഫ്ഒകൾ (Unidentified Flying Object). ബാഹ്യപ്രപഞ്ചത്തിൽനിന്നു പറന്നെത്തുന്ന തളികകളെയും ബഹിരാകാശ ജീവികളെയും കണ്ടിട്ടുള്ളതായി കഥകളേറെയുണ്ടെങ്കിലും അവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഭൂമിയിൽ മാത്രമല്ല ജീവനുള്ളതെന്നും വിദൂരഗ്രഹങ്ങളിൽ ആൾപ്പാർപ്പുണ്ടാകാമെന്നുമുള്ള സിദ്ധാന്തങ്ങൾ ഏറെയുണ്ട്. വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, അന്യഗ്രഹ ജീവികളുണ്ടെന്നു വിശ്വസിക്കുന്നയാളാണ്.

related stories