Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ജീവനെടുത്ത് ‘കില്ലർ ഗെയിം’, ഗൾഫ് രാജ്യങ്ങൾ ഭീതിയിൽ

blue-whale

ബ്ലുവെയില്‍ ഗെയിം. കൊലയാളി കളിയാണെന്ന തിരിച്ചറിവിലും പേടിയേക്കാളുപരി കൗതുകമാണ് ആ പേര് കേള്‍ക്കുമ്പോള്‍. അതുതന്നെയാണ് കാണാമറയത്തിരുന്ന് കളിയേയും കളിക്കാരെയും നിയന്ത്രിക്കുന്നവരുടെയും വിജയവും. ബ്ലുവെയില്‍ ഗെയിം എന്ന പേരും, അതില്ലാതാക്കുന്ന ജീവനകളേക്കുറിച്ചും കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കേരളത്തെ നടുക്കിയ വിവരങ്ങളാണ് കഴിഞ്ഞ ആഴ്ചകളിലും പുറത്തുവന്നത്. കൊലയാളി ഗെയിം ജീവനെടുക്കുന്ന സംഭവങ്ങൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ബ്ലൂവെയിൽ കളിച്ച് കുട്ടികൾ ആത്മഹത്യ ചെയ്യുന്നുണ്ട്.

സീൻ ഒന്ന്– ഈജിപ്ത്

വയസ്സ് 15, സ്കൂൾ വിദ്യാർഥിനി. വിഷം കഴിച്ച നിലയലാണ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഠിക്കാൻ മിടുക്കിയായിരുന്നു. അലക്സാണ്ട്രിയൻ സ്കൂൾ വിദ്യാർഥി കില്ലർ ഗെയിം കളിച്ചാണ് വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ അവൾ രക്ഷപ്പെട്ടു ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴാണ് അവളുടെ കയ്യിൽ ബ്ലൂവെയിലിന്റെ ചിത്രം കണ്ടത്. നേരം പുലരുവോളം അവൾ ഓൺലൈനിൽ കുത്തിയിരുന്ന ചാറ്റ് ചെയ്യുമായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. സുഹൃത്തുക്കളാണ് എന്നു മാത്രമാണ് പലപ്പോഴും പറഞ്ഞിരുന്നത്. ഗെയിമിന്റെ ഭാഗമായി ആത്മഹത്യയിലേക്ക് നയിക്കുന്ന ചാറ്റ് സന്ദേശങ്ങൾ അവളുടെ മൊബൈലിൽ നിന്ന് കണ്ടെത്തുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

സീൻ രണ്ട് – മദീന

വയസ്സ് 13, സ്കൂൾ വിദ്യാർഥിനി. അവൾ മദീനയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയിൽ ഗെയിം കെണിൽ പെട്ടാണ് മകൾ മരിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. മുഴുവൻ സമയവും സ്മാർട് ഫോണിലായിരുന്നു അവൾ. എന്തോ ഗെയിം കളിക്കുകയാണ് എന്നു മാത്രമാണ് അവൾ പറഞ്ഞിരുന്നത്. എന്നാൽ ആത്മഹത്യക്ക് ശേഷം ഫോൺ പരിശോധിച്ചപ്പോഴാണ് ബ്ലൂവെയിൽ ചിത്രങ്ങളും ചാറ്റിങ് മെസേജുകളും കണ്ടെടുത്തത്.

മരണക്കളി വീണ്ടും, ബ്ലൂവെയിലിന് പിൻഗാമിയും

ബ്ലൂവെയിലിന് പകരക്കാരനായി പുതിയ മൊബൈൽ ഗെയിം അവതരിച്ചിരിക്കുന്നു എന്ന ആശങ്കാജനകമായ വാർ‌ത്തയാണ് അടുത്തിടെ നാം മലയാളികൾ കേട്ടത്. പത്തനംതിട്ട കല്ലൂപ്പാറയിൽ ആത്മഹത്യ ചെയ്ത 13 വയസുള്ള വിദ്യാർഥി മൊബൈൽ ഗെയിമിൽപെട്ട് ആത്മഹത്യചെയ്തെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. വെറും അൻപത് ടാസ്കുകൾ കൊണ്ട് മരണത്തിലേക്ക് അടുപ്പിക്കുന്ന മരണക്കെണിയാണ് ബ്ലൂവെയിൽ എങ്കിൽ മുന്തിയ ഇനം കാറുകൾ പോലെയുള്ള വൻ ഓഫറുകൾ നൽകി കുട്ടികളെ വലയിലാക്കുന്ന ഗെയിമുകള്‍ ഇപ്പോൾ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ബ്ലുവെയിലില്‍ നിന്നും മുക്തി നേടിയതായി ആശ്വസിക്കുമ്പോഴാണ് മുഖം മാറ്റി കൊലയാളി ഗെയിം സജീവമാണെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിട്ടുള്ളത്.

ഇന്ത്യയിൽ പൊതുവെ ബ്ലുവെയിൽ കേസുകൾ കുറഞ്ഞ് ശൂന്യതയിലെത്തിയിട്ടുണ്ടെങ്കിലും ഗൾഫ് നാടുകളിൽ സ്ഥിതി വിഭിന്നമാണ്. സൗദി അറേബ്യയിൽ നിന്നും രണ്ടു മരണങ്ങളാണ് അടുത്തടുത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മദീനയിൽ പതിമൂന്നുകാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബ്ലൂവെയില്‍ കളിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നതെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശദമായ അന്വേഷണം നടന്നുവരികയാണ്.

അബ്ദുൾ റഹ്മാൻ അൽ–അഹ്മാരി എന്ന 12 കാരൻ ജൂൺ അവസാനം സമാന രീതിയിൽ ജീവിതം അവസാനിപ്പിച്ചിരുന്നു. വിഡിയോ ഗെയിം കളിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അമ്മാവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തുടർച്ചയായ രണ്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ജിസിസി രാജ്യങ്ങളിൽ ആശങ്ക പടർന്നിട്ടുണ്ട്.

killer-game

ചെറിയ ജോലികളില്‍ തുടങ്ങി സ്വയംമുറിവേൽപ്പിക്കൽ പോലെയുള്ള ഘട്ടങ്ങൾ താണ്ടി കളിക്കുന്ന വ്യക്തിയുടെ ആത്മഹത്യയിൽ അവസാനിക്കുന്ന മരണക്കളിയായ ബ്ലൂവെയിൽ 2014ൽ റഷ്യയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഫിലിപ്പ് ബുഡെയ്ക്കിൻ എന്ന 21കാരനാണ് ഗെയിമിന്‍റെ ശിൽപ്പി. റഷ്യയിൽ മാത്രം നൂറ്റമ്പതോളം കൗമാരക്കാരാണ് ഗെയിമിന് അടിമകളായി ആത്മഹത്യ ചെയ്തിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്. കൗമാരക്കാർ‌ അധാർമ്മികരോ ദുഷ്ടൻമാരോ ആണെന്നും ഇവർ ജീവിക്കാൻ അർഹരല്ലെന്നുമാണ് ബുഡെയ്ക്കിൻ പൊലീസിന് നൽകിയിരുന്ന മൊഴി. കമ്പ്യൂട്ടർ വിദഗ്ധനായ ഇയാളുടെ ഭ്രാന്തൻ ചിന്തകളുടെ അനന്തരഫലമാണ് ഈ മാരക ഗെയിം എന്ന് വ്യക്തം. മൂന്നു വർഷത്തെ തടവു ശിക്ഷ അനുഭവിക്കുകയാണ് ബുഡെയ്ക്കിൻ ഇപ്പോൾ. 

കുട്ടികളും കൗമാരക്കാരുമാണ് ബ്ലൂവെയിലിന്‍റെ ഇരകളില്‍ അധികവും. സാഹസികതയോടുള്ള അഭിനിവേശമാണ് മിക്കപ്പോഴും ഈ ഗെയിമിലേക്ക് നയിക്കുന്ന പ്രധാന ഘടകം. സാഹസികത നിറഞ്ഞ ടാസ്കുകൾ പൂർത്തിയാക്കിയാൽ സുഹൃത്തുക്കൾക്കിടയിലും കുടുംബത്തിലും സ്കൂളിലുമെല്ലാം സമ്മാനിക്കുന്ന വീര പരിവേഷത്തിൽ ആകൃഷ്ടരായാണ് തുടക്കം. പിന്നെ കുരുക്ക് മുറുകും തോറും ഈ ചിന്ത കൂടുതൽ ശക്തമാകുന്നു. 

സാഹസികതയെന്ന ആകർഷണ വലയം ഉപേക്ഷിച്ച് മോഹന സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് പുതിയ ഇര പിടുത്തം എന്നാണ് ലഭ്യമായ സൂചനകൾ വ്യക്തമാക്കുന്നത്. കുട്ടികളെ വലയിലാക്കാൻ ഇത്തരം മോഹന വാഗ്ദാനങ്ങൾ ധാരാളം. അടിമയായാൽ പിന്നെ പിടിച്ചു നിർത്താൻ ബ്ലാക്മെയിലിങ് പോലുള്ള തന്ത്രങ്ങളും.

related stories