ക്ഷേത്രപ്രദക്ഷിണത്തിലെ കണക്കുകള്‍

അര്‍ക്കന്നൂര്‍ ശ്രീ ദുര്‍ഗ ഭഗവതി ശനീശ്വര ക്ഷേത്രം. ചിത്രം രാഹുല്‍ ആര്‍. പട്ടം.

ക്ഷേത്രദര്‍ശന സമയത്തെ പ്രധാന ആചാരമാണ് പ്രദക്ഷിണം. ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഉത്തമമെങ്കിലും മൂന്നു പ്രദക്ഷിണവും നല്ലതാണ്.

ഗണപതിക്ക് ഒരു പ്രദക്ഷിണം മതി. ഭദ്രകാളിക്കു രണ്ടു പ്രദക്ഷിണം.

മഹാദേവനു മൂന്നു പ്രദക്ഷിണമാണു വേണ്ടതെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒാവ് മുറിച്ചു കടക്കാതെ പുറകോട്ടു വന്ന് പ്രദക്ഷിണമായി ഒാവിന്റെ മറുവശത്തു വന്ന് വീണ്ടും പ്രദക്ഷിണം ചെയ്യുന്നതാണു രീതി. ശിവചൈതന്യത്തെ മുറിച്ചുകടക്കാന്‍ പാടില്ല എന്നാണ് ആചാരം.

മഹാവിഷ്ണുവിനു നാലു പ്രദക്ഷിണവും ശാസ്താവിനും അയ്യപ്പനും അഞ്ചും സുബ്രഹ്മണ്യന് ആറും ദുർഗാദേവിക്ക് ഏഴും പ്രദക്ഷിണവുമാണു വേണ്ടത്.

വിഷുഫലം നിങ്ങൾക്കെങ്ങനെ? വില 399

നവഗ്രഹങ്ങള്‍ക്ക് ഒന്‍പതു ഗ്രഹങ്ങള്‍ക്കും കൂടി ഒന്‍പതു പ്രദക്ഷിണം വേണം. പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ല.

വൃക്ഷരാജന് (അരയാല്‍) ഏഴു പ്രദക്ഷിണം വേണം. ആ സമയത്ത് ഈ മന്ത്രം ചൊല്ലണം:

മൂലതോ ബ്രഹ്മരൂപായ

മധ്യതോ വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായ തേ നമഃ

മൂലസ്ഥാനത്തു ബ്രഹ്മാവും മധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ നമസ്കരിക്കുന്നു എന്ന് അർഥം. 

രാവിലെ പ്രദക്ഷിണം ചെയ്യുന്നവർക്കു രോഗശമനവും ഉച്ചയ്ക്കു സർവാഭീഷ്ടസിദ്ധിയും വൈകുന്നേരം സർവപാപപരിഹാരവും കൈവരിക്കുന്നു എന്നാണു വിശ്വാസം.