സ്നേഹിക്കുന്നയാളെ വിവാഹം കഴിക്കാമോ?

1985 ഫെബ്രുവരി 27 ബുധൻ 6.35 എ.എം. കാർത്തിക നക്ഷത്രത്തിലാണു ഞാൻ ജനിച്ചത്. ഞാനൊരാളെ സ്നേഹിക്കുന്നുണ്ട്. അയാൾ 1980 ഡിസംബർ 20 വെള്ളി 4 എ എം. കാർത്തിക നക്ഷത്രത്തിലാണു ജനിച്ചത്. ഞങ്ങളുടെ രണ്ടു വീട്ടുകാരുടെയും ഈഗോ പ്രശ്നങ്ങൾ കാരണം ഞങ്ങളുടെ വിവാഹത്തിനു തടസ്സങ്ങൾ മാത്രമേ ഉള്ളൂ. എനിക്കു രണ്ടുവിവാഹയോഗം ഉണ്ടെന്നു പറയുന്നു. എന്താണ് ഈ രണ്ടു വിവാഹയോഗം. ഞാൻ ആദ്യം വിവാഹം കഴിക്കുന്ന ആൾ മരിച്ചു പോകുമോ? ഇതു മനസ്സിൽ ഉള്ളതുകൊണ്ട് ഇറങ്ങിപ്പോകാനും പേടിയാണ്. ഞങ്ങൾക്കു ജാതകച്ചേർച്ച പാടില്ലാത്തതുകൊണ്ടാണോ എപ്പോഴും തടസ്സങ്ങൾ? ഞങ്ങൾക്ക് ഇപ്പോൾ വിവാഹസമയം ആണോ? എനിക്കൊരു മറുപടി തരാമോ?

സ്നേഹ, ആലപ്പുഴ

രാഹുർ ദശയിലെ ശത്രു അപഹാരമാണ്. ഇപ്പോൾ വിവാഹത്തിന് അനുകൂലമാണു സമയം. വീട്ടുകാരുടെ അനുമതിയോടെ സ്നേഹിച്ച ആളെത്തന്നെ സ്വന്തമാക്കാൻ ശ്രമിക്കുക. വിവാഹിതയാകാത്ത പെൺകുട്ടിയോടോ അവരുടെ രക്ഷിതാക്കളോടോ രണ്ടു വിവാഹത്തിനു യോഗമുണ്ടെന്നു പറയുന്നതു ക്രൂരതയാണെന്നു തിരിച്ചറിയാത്ത ആരോ ആണ് ഇതു നിങ്ങളോടു പറഞ്ഞത്. ഏതു വിവാഹം നടന്നാലും ആശങ്കയോടു കൂടിയല്ലാതെ ഒരു വിശ്വാസിക്ക് വിവാഹജീവിതത്തിലേക്കു കടക്കാനാകില്ല. സ്നേഹയുടെ മനസ്സിൽ ഈ അബദ്ധധാരണ സൂക്ഷിക്കരുത്. താങ്കളുടെ ജാതകപ്രകാരം അങ്ങനെ ഒന്നില്ല. അതുകൊണ്ട് ആദ്യം വിവാഹം കഴിക്കുന്നത് ആരെയായാലും അയാളോടൊപ്പം സന്തോഷവും ദുഃഖവും പങ്കിട്ടു സുഖമായി ജീവിക്കാൻ നോക്കുക