ജാതകദോഷവും, സമയമോശവും മാത്രമല്ല പ്രശ്നം

എന്റെ മകൻ ജനിച്ചത് 1998 ഒക്ടോബർ 10–ാം തീയതി 3.05 പിഎം നാണ്. നക്ഷത്രം മകയിരം ആണ്. അവനു പഠനത്തിൽ യാതൊരു താൽപര്യവും ഇല്ല. എസ്എസ്എൽസി കഴിഞ്ഞു. പ്ലസ് ടുവിനു ചേർത്തിട്ടു വെറുതെ രണ്ടുവർഷം കളഞ്ഞു എന്നല്ലാതെ പാസ്സായില്ല. വേറെ ഒന്നും പഠിക്കാൻ പോകത്തില്ല. വീട്ടിൽ വെറുതെ ഇരിക്കുകയാണ്. ഒരുപാടു പെരുമാറ്റ വൈകല്യമുണ്ട്. ഭയങ്കര ദേഷ്യവും അനുസരണക്കേടുമാണ്. മാതാപിതാക്കളെ ഒരു ബഹുമാനവും ഇല്ല. അടുത്തവർഷം ടിടിഐയിൽ പഠിക്കാം എന്നു പറയുന്നുണ്ട്. വിട്ടാൽ പ്രയോജനമുണ്ടോ? നല്ല ഭാവി ഉണ്ടാകുമോ? ഗവ. ജോലി കിട്ടുമോ? 

രജനി, തിരുവനന്തപുരം.

മകയിരം ഇടവക്കൂറാണ്. ജ്യോതിഷപ്രകാരം വളരെ മോശം എന്നു പറയേണ്ടിയിരുന്ന കാലം മാറിയിട്ടുണ്ട്. മകന്റെ പ്രശ്നം ശരിക്കും ജാതകദോഷമോ, സമയമോശമോ മാത്രമല്ല. ചെറുതായിരുന്നപ്പോൾ മുതൽ ആവശ്യമില്ലാത്ത വാശികൾ അംഗീകരിച്ചു കൊടുത്തതിലുള്ള കുഴപ്പവുംകൂടിയാണ്. പലപ്പോഴും അയാൾ ബഹളം കൂട്ടുമ്പോൾ സമൂഹം അറിയരുത് എന്ന ചിന്തയോടെ നിങ്ങൾ മറുപടി പറയാതിരിക്കും. അത് അയാളുടെ ദേഷ്യസ്വഭാവത്തിനു വളംവയ്ക്കലാണ്. പ്ലസ്ടുവിനും അയാളെ വിട്ടതു നിങ്ങളുടെമാത്രം താൽപര്യംവച്ചല്ല. എന്നിട്ടും പാതിവഴിയിൽ അത് ഉപേക്ഷിച്ചു. ഇപ്പോൾ പുതിയ പഠനവും അങ്ങനെ ആകാതിരിക്കണം എങ്കിൽ അയാളുടെ ഇഷ്ടം മാത്രം അനുസരിച്ച് ആകരുത്. എല്ലാംപറ്റും എന്നുമാത്രം പറഞ്ഞാൽ പോരാ. ചില കാര്യങ്ങൾ പറ്റില്ല എന്നു പറയാൻകൂടിയുള്ള ആർജവംകൂടി നിങ്ങൾ രക്ഷിതാക്കൾ കാണിക്കണം.

Read more: Astrology, Soul mate, Yearly prediction