ഭ്രൂമധ്യത്തിലെ ചന്ദനക്കുറിയും പോസിറ്റിവ് എനര്‍ജിയും

ശുദ്ധചന്ദനം അരച്ച് കുറിതൊടാം ചിത്രംഃ രാഹുൽ ആർ പട്ടം

പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ട് പഴയ ചൊല്ലാണ്. എന്തായാലും അന്നും ഇന്നും ബഹുഭൂരിപക്ഷം മലയാളി സ്ത്രീകള്‍ക്കും പൊട്ടു ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാ ഒരുക്കവും കഴിഞ്ഞു ഒരു പൊട്ടുകൂടി കുത്തിയാലേ ഒരു പൂര്‍ണത വന്നുവെന്ന തോന്നലുണ്ടാകൂ. 

പൊട്ടിന്റെ ചരിത്രം തേടിപോയാല്‍, അതെങ്ങനെ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി എന്ന് അന്വേഷിച്ചിറങ്ങിയാല്‍ രസകരമായ പലതും കണ്ടെത്താനാവും. 

ശുദ്ധചന്ദനം അരച്ച് കുറിതൊടാം. ചിത്രംഃ രാഹുൽ ആർ പട്ടം

ഭ്രൂമധ്യത്തില്‍ തിലകക്കുറി ചാര്‍ത്തുന്നതിനു പല മേന്മകളുമുണ്ടത്രെ. പഴമക്കാര്‍ ഇതു തിരിച്ചറിഞ്ഞിരിക്കണം. ശരീരത്തിലെ പല പ്രധാന ഞരമ്പുകളും ചേരുന്ന സ്ഥലമാണത്. ഇവിടെ തിലകം ചാര്‍ത്തുന്നത് മനസിന്റെ  ആകുലതകള്‍ അകറ്റാനും മനസിനെ ശാന്തമാക്കാനും സഹായിക്കുമെന്നതാണ് വിദഗ്ധ പക്ഷം. പക്ഷെ രണ്ട് കാര്യങ്ങള്‍  ചേര്‍ത്ത് വായിക്കണം. ഒന്ന്, ഡിസൈനര്‍ സ്റ്റിക്കര്‍ പൊട്ടൊട്ടിച്ചാല്‍ ഈ ശാന്തത ഒരു പക്ഷേ വന്നെന്നു വരില്ല. രണ്ട്, കുളിക്കഴിഞ്ഞു വേണം തിലകം ചാര്‍ത്താന്‍. 

ചന്ദനക്കുറിയും കുങ്കുമ പൊട്ടും എല്ലാം തൊടുന്ന പ്രവണത ഫാഷന്റെ ഭാഗമായിക്കൂടി ഇന്ന് പലരും കണക്കാക്കുന്നുണ്ട്.

കുങ്കുമക്കുറിയാണ് തൊടുന്നതെങ്കില്‍ അത് തലവേദന ശമിപ്പിക്കുമത്രേ. ധാരാളം ഞരമ്പുകളും രക്തധമനികളും ഒരുമിക്കുന്ന സ്ഥാനമായതിനാലാണ് ഭ്രൂമധ്യത്തിലുള്ള മസ്സാജിങ്ങിനും കേവലം ഒരു തിലകക്കുറി ചാര്‍ത്തിനുമൊക്കെ തലവേദനയേ ശമിപ്പിക്കാനാവുന്നത്.

തിലകക്കുറി മുഖപേശികളെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം സുഗമമാക്കുകയും ചെയ്യുന്നതിനാല്‍ മുഖചര്‍മത്തില്‍ ചുളിവുകള്‍ വരുന്നതിനെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും ഉപകരിക്കും.

പുരികക്കൊടികള്‍ക്കിടയില്‍ തിലകകുറിയണിയുന്നതു കണ്ണുകളുടെയും ചെവിയുടെയും ആരോഗ്യത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഗുണകരമാണ്. ഭ്രൂമധ്യത്തിലൂടെ പോകുന്ന ചില ഞരമ്പുകള്‍ക്കു കണ്ണുകളും ചെവിയുമായി ബന്ധപ്പെട്ടുകിടക്കുന്ന പേശികളെ ബലപ്പെടുത്താനാവുമെന്നതിനാലാണിത്. 

ഉറക്കകുറവെന്ന വെല്ലുവിളിക്കും ഇതൊരു പരിഹാരമാണെത്രെ. ഉറക്കകുറവിന്റെ പ്രധാന കാരണം മനഃസംഘര്‍ഷമോ മനസിന്റെ അമിതോത്സാഹമോ ആണ്. ചന്ദനകുറിക്കു മനസിനെ ശാന്തമാക്കാനുള്ള കഴിവിനെകുറിച്ച് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നല്ലോ.  ഇക്കാരണംകൊണ്ടുതന്നെയാണ് ചന്ദനം ചാര്‍ത്തുന്നത് ഉറക്കകുറവെന്ന വില്ലനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും എന്നതിന്റെ അടിസ്ഥാനം. 

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുറിതൊടനുപയോഗിക്കുന്ന ഓരോ വസ്തുവിനും ഓരോ ഗുണമാണുള്ളത് 

കുങ്കുമം: ആദ്യമേ പറയട്ടെ കുങ്കുമം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മഞ്ഞളും നാരങ്ങാനീരും പ്രേത്യേകാനുപാതത്തിലെടുത്തുണ്ടാക്കുന്ന തിലകം ചാര്‍ത്താനുപയോഗിക്കുന്ന വസ്തുവിനെയാണ്. ഇത്തരത്തിലുണ്ടാക്കിയ കുങ്കുമം നെറ്റിയില്‍ തൊടുന്നത് തലവേദന മാറാന്‍ ഉപകരിക്കും. മാത്രവുമല്ല ചുവന്ന വര്‍ണത്തിന് പോസിറ്റീവ് എനര്‍ജി പ്രസരിപ്പിക്കുവാനാവും എന്നും കരുതപ്പെടുന്നുണ്ട്. പഴമക്കാരുടെ വിശ്വാസപ്രകാരം കുങ്കുമം തൊടുന്നത് ആരോഗ്യത്തിനും പോസിറ്റീവ് എനര്‍ജിക്കും നല്ലതാണ്. 

ചന്ദനം: ശുദ്ധചന്ദനം അരച്ച് കുറിതൊടുന്നത്  (കളഭമല്ല) മനസിന്നെ തണുപ്പിക്കാന്‍ ഉപകരിക്കും. ഇതു മാത്രമല്ല, ചര്‍മ്മത്തിനും ചന്ദനലേപനം ചെയ്യുന്നത് ഗുണകരമാണ്. 

ഭസ്മം: കുങ്കുമത്തിനും ചന്ദനത്തിനും ഉള്ള എല്ലാ പോസിറ്റീവ് ഗുണങ്ങളും ഭസ്മത്തിനും ഉണ്ട്. എന്നാലും എന്ത്  വസ്തു കത്തിച്ചുള്ള  ഭസ്മമാണ് തൊടുകുറിച്ചാര്‍ത്താന്‍ ഉപയോഗിക്കുന്നതെന്നനുസരിച്ചിരിക്കും കാര്യങ്ങള്‍.