Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതാസഹസ്രനാമം നിത്യവും ജപിച്ചോളൂ, ഫലം അത്യുത്തമം!

ലളിതാസഹസ്രനാമം

ശക്‌തിസ്വരൂപിണിയും പ്രപഞ്ചമാതാവുമായ ആദിപരാശക്തി ത്രിശൂലധാരിയാണ്. ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമാണ് ത്രിശൂലം. ഈ മൂന്നുശക്തികളും ദേവിയിൽ നിഷിപ്തമായിരിക്കുന്നു എന്ന് സാരം. ദേവീപ്രീതിക്ക് ഏറ്റവും ഉത്തമമായ മാർഗമാണ് ലളിതാസഹസ്രനാമജപം. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രസംഗ്രഹമാണ് ലളിതാസഹസ്രനാമം. 

മാതൃസ്വരൂപിണിയാണ് ദേവി. ദേവിയുടെ മാതൃസ്വരൂപം വർണനാതീതമാണ്. മക്കളുടെ വിഷമഘട്ടത്തിൽ അമ്മ ഓടിവന്നു സമാധാനിപ്പിക്കുന്നത് പോലെ ഭക്തരുടെ ക്ലേശം കണ്ടറിഞ്ഞു ശാന്തി വരുത്തും. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. ദേവീസ്മരണയുണ്ടാവുന്ന നിമിഷം തന്നെ ഭക്തന്റെ മനസിലെ മാലിന്യം ഇല്ലാതാകും. ഗൃഹസ്ഥാശ്രമികൾക്ക് നിത്യപാരായണത്തിന് ഏറ്റവും ഉത്തമവുമാണിത്. 

ദേവിയുടെ രൂപഭാവഗുണങ്ങൾ വർണ്ണിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രങ്ങളാണ്. മറ്റ് സഹസ്രനാമങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലളിതാസഹസ്രനാമത്തിലെ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ശ്രീ മാതാ എന്ന് തുടങ്ങി ലളിതാംബിക എന്ന നാമത്തിൽ ഈ സഹസ്രനാമം പൂർണമാകുന്നു. അതായത് എല്ലാം അമ്മയില്‍ നിന്നാരംഭിച്ച്  അമ്മയില്‍തന്നെ ലയിച്ചുചേരുന്നു.  

നിത്യേന പാരായണം ചെയ്യുന്ന ഭവനത്തിൽ രോഗദുരിതം, ദാരിദ്ര്യം എന്നിവ ഉണ്ടാവുകയില്ല. കുടുംബൈശ്വര്യം വർദ്ധിക്കുകയും ക്ലേശങ്ങൾ അകലുകയും ചെയ്യും. കൂടാതെ ജാതകദോഷം, ഗ്രഹപ്പിഴാദോഷങ്ങൾ എന്നിവയൊന്നും അലട്ടുകയുമില്ല. ഉത്തമസന്താനസൗഭാഗ്യത്തിനും, സന്താനപുരോഗതിക്കും, വൈധവ്യദോഷനാശത്തിനും, ദീർഘായുസ്സുണ്ടാവാനും ലളിതസഹസ്രനാമജപം ഉത്തമമാണ്. 

ലളിതാസഹസ്രനാമജപത്തിലൂടെ മനസ്സ് ശാന്തമാവുകയും ഏതു പ്രതിസന്ധികളേയും നേരിടാനുള്ള മനക്കരുത്ത് ലഭിക്കുകയും ചെയ്യും. അർഥം അറിഞ്ഞു ജപിക്കുന്നത്‌ ഇരട്ടി ഫലം നൽകുമത്രേ. ചുരുക്കത്തിൽ ദേവീ ഉപാസകർക്ക് ഒരു ദിവ്യ ഔഷധമാണ് ലളിതാസഹസ്രനാമം. നിത്യവും ചൊല്ലാൻ സാധിക്കാത്ത പക്ഷം പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച എന്നീ ദിനങ്ങളിൽ ചൊല്ലാൻ ശ്രമിക്കുക.