Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനലബ്ധിക്കും സർവൈശ്വര്യ സമൃദ്ധിക്കും എപ്പോൾ ദീപാരാധന തൊഴണം?

astro-deeparadhana

ഹൈന്ദവക്ഷേത്രങ്ങളിലെ ഒരു പ്രധാന ചടങ്ങാണ് ദീപാരാധന. പേരുപോലെതന്നെ ദീപം കൊണ്ടുള്ള ആരാധനയാണ് ദീപാരാധന. സകല ചൈതന്യവും ഭഗവൽപാദത്തിലേക്ക് അർപ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന ആരംഭിക്കുന്നതിനു മുന്നേ പൂജാരി ശ്രീകോവിലിനുമുന്നിലെ മണി മുഴക്കിയശേഷം ഉള്ളിൽ പ്രവേശിച്ചു നടയടയ്ക്കുന്നു. ഈ വേളയിൽ ഭക്തർ തികഞ്ഞ ഭക്തിയോടെ ഭഗവൽനാമങ്ങൾ ജപിക്കുന്നത് ഉത്തമമാണ്.

827068964

ദീപാലങ്കാരയൊരുക്കങ്ങൾ പൂർത്തിയാക്കി നടതുറന്ന് മന്ത്രജപത്തോടെയും കൈമണിനാദത്തോടെയും ഒന്നിന് പുറകെ ഒന്നായി പർവത വിളക്ക്, തട്ടുവിളക്ക്, നാഗപത്തി വിളക്ക് എന്നിവ ഉഴിയുന്നു. ഈ സമയം ശ്രീകോവിലിന് പുറത്ത് ഭക്തർ വലിയമണി മുഴക്കും. ദീപാരാധനാവേളയിൽ ഏറ്റവും പ്രാധാന്യം ഈ സമയത്തിനാണ്. ഈ സമയത്തെ ഭഗവൽദർശനം ഭക്തന്റെ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു. ശ്രീകോവിലിനുള്ളിലെ പ്രഭാപൂരം കണ്ണുകളെയും മണി, ശംഖ്, വാദ്യോപകരണങ്ങൾ എന്നിവയിൽ നിന്നുള്ള ശബ്ദം കാതുകളെയും ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയിൽ നിന്നുള്ള ഗന്ധം മൂക്കിനെയും ചന്ദനം, ഭസ്മം തുടങ്ങിയ പ്രസാദങ്ങൾ ത്വക്കിനെയും തീർത്ഥം നാവിനെയും ഉത്തേജിപ്പിക്കുന്നു. 

ദീപാരാധന തൊഴുന്ന വേളയിൽ ഭക്തന്റെ മനസ്സ് ഭഗവാനിൽ അലിഞ്ഞുചേരുന്ന ഒരു അവസ്ഥയിലെത്തിച്ചേരും. ദേവചൈതന്യം നിറഞ്ഞൊഴുകുന്ന ഈ സമയത്തെ ഭക്തിയോടെയുള്ള  പ്രാർഥനകൾ ഫലപ്രാപ്തിയില്‍ എത്തുമെന്നാണ് വിശ്വാസം. ദീപാരാധനയുടെ അവസാനം പൂജാരി കർപ്പൂരം കത്തിച്ചു ഉഴിഞ്ഞ ശേഷം കുറച്ചു പൂവെടുത്തു ഉഴിഞ്ഞു ഭഗവൽപാദത്തിൽ സമർപ്പിക്കുന്നു. ഭഗവാനെ ഉഴിഞ്ഞ കർപ്പൂരം നാം കൈകൊണ്ടു ഉഴിഞ്ഞു ആ കൈകൾ മുഖത്തിനു അഭിമുഖമായി കൊണ്ടുവരുമ്പോൾ ഭഗവൽചൈതന്യം അറിയാതെ തന്നെ നമ്മളിലേക്ക് പ്രവഹിക്കും.

ക്ഷേത്രത്തിലെ ഓരോ സമയത്തെ ദീപാരാധനയ്ക്ക് ഓരോ ഫലങ്ങളാണുള്ളത്.

അലങ്കാര ദീപാരാധന

പുലർച്ചെ നിർമാല്യത്തിനും അഭിഷേകത്തിനും ശേഷം ഭഗവാനെ അലങ്കരിച്ച് നടത്തുന്ന ദീപാരാധനയാണിത്. ഇത് തൊഴുതാൽ മുന്‍ജന്മപാപങ്ങൾ നശിക്കും. 

പന്തീരടി ദീപാരാധന

പന്തീരടിപൂജയുടെ അവസാനം നടത്തുന്ന ഈ ദീപാരാധന തൊഴുതാൽ ഐശ്വര്യവും സമൃദ്ധിയും ധനധാന്യലബ്ധിയും ഫലം.

ഉച്ചപൂജാ ദീപാരാധന

ഉച്ചപൂജാസമയത്തു അർപ്പിക്കുന്ന ദീപാരാധന തൊഴുതാൽ സമസ്ത പാപങ്ങളും നീങ്ങി ജീവിതത്തിൽ ഐശ്വര്യം നിറയും.

സന്ധ്യാദീപാരാധന

സന്ധ്യാസമയത്ത് നടത്തുന്ന ദീപാരാധനയാണിത്. ഈ സമയം ഭഗവാനെ ദർശിച്ചു പ്രാർത്ഥിച്ചാൽ സർവ്വഐശ്വര്യങ്ങളും ലഭിക്കും.

അത്താഴപൂജ ദീപാരാധന 

അത്താഴപൂജയ്ക്ക് ശേഷമുള്ള ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാൽ ദാമ്പത്യസൗഖ്യം ഫലം