പുണ്യപ്രാപ്തിക്കായി പൊന്‍കുഴിയിലെ സീതാരാമക്ഷേത്രങ്ങള്‍

സീതാരാമക്ഷേത്രം

അരിയോരണി പന്തലായ് സതി

ക്കൊരു പൂവാകവിതിര്‍ത്ത ശാഖകള്‍ 

ഹരിനീലതൃണങ്ങള്‍  കീഴിരു

ന്നരുളും പട്ടുവിരിപ്പുമായിതു... 

രാജകീയമായ എല്ലാ സൗഭാഗ്യങ്ങളും കൈമോശം വന്നുവെങ്കിലും മഹാറാണി തന്നെയായിരുന്ന സീതാദേവിക്കായി പ്രകൃതി ഒരുക്കിയ രാജകീയ പ്രൗഢിയാണ് കുമാരനാശാന്റെ ഈ വരികളില്‍.

പൂവാകപ്പന്തലില്ലെങ്കിലും പ്രകൃതി മരതക പരവതാനി വിരിച്ച  തിരുമുറ്റത്തിന് നടുവിലായി സ്വച്ഛതയില്‍ ലയിച്ചുകൊണ്ടു സീതാരാമ ക്ഷേത്രങ്ങള്‍. അതിനോടനുബന്ധിച്ചുതന്നെ ലക്ഷ്മണക്ഷേത്രവും ഹനുമാന്‍കോവിലും വാല്‍മീകിആശ്രമവുംആശ്രമവും. വിശേഷണങ്ങള്‍ പൊന്‍കുഴി ക്ഷേത്രങ്ങളെകുറിച്ചാണ്.

വയനാട്ടിലെ  മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നും ഏറെ അകലെയല്ലാതെ ഈ ക്ഷേത്രം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്ക് പോവുന്ന കാനനമധ്യേയുള്ള പാതയ്ക്കിരുവശവുമായാണ് നിലകൊള്ളുന്നത്.

വനവാസകാലത്തു സീതാരാമലക്ഷ്മണന്മാര്‍ ഈ പ്രദേശത്തു താമസിച്ചിരുന്നു എന്നാണ് വിശ്വാസം. പക്ഷെ അതിനേക്കാള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് രാമനാല്‍ പരിത്യക്തയായ സീതാദേവിയുമായി ബന്ധപെട്ടു ഈ ക്ഷേത്രത്തിനും അതിരിക്കുന്ന പ്രദേശത്തിനും ഉള്ള ഖ്യാതി. 

സീത ദേവിയുടെ ക്ഷേത്രത്തിനു മുമ്പിലുള്ള കുളമാണ് ഈ കഥകള്‍ക്ക് ഊന്നല്‍ നല്‍കുന്നത്. പൂര്‍ണഗര്‍ഭാവസ്ഥയില്‍ കാനനത്തില്‍ ഉപേക്ഷിക്കപ്പെട്ട സീത, ദുഃഖം സഹിക്കവയ്യാതെ വാര്‍ത്ത കണ്ണുനീരാണ് ഈ കുളമായി മാറിയെതെന്നാണ് ഐതിഹ്യം. 

ഐതിഹ്യവും വിശ്വാസങ്ങളും ഇഴചേര്‍ന്നതാണ് നമ്മുടെ ജീവിതം. അതുപോലെ തന്നെയാണ് കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും എന്ന് പറയേണ്ടിയിരിക്കുന്നു. ധാരാളം വിശ്വാസികള്‍ നിത്യവുമെത്തുന്ന, ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ എല്ലാ തികവുമാര്‍ന്ന ഈ കുളം പക്ഷെ ആഫ്രിക്കന്‍ പായലും വഴിയാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞു ശോചനീയാവസ്ഥയില്‍ കിടക്കുകയാണിപ്പോള്‍.

ശ്രീരാമക്ഷേത്രത്തിനു പുറകിലൂടെ സ്വച്ഛമായി ഒഴുകുന്ന പൊന്‍കുഴിപുഴയാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

ഭക്തര്‍ ഈ പുഴയില്‍ ഇറങ്ങി പിതൃകര്‍മം ചെയ്യുന്നതു ഇവിടുത്തെ ഒരു നിത്യകാഴ്ചയാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ സ്വൈര്യവ്യവഹാരത്തിനിറങ്ങിയ ആദിവാസി വിഭാഗത്തില്‍ പെടുന്ന കുട്ടികളും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കൗതുകമാകുന്നു. പുഴയിലെ  മീന്‍പിടിച്ചു അവര്‍ മുന്നേറുമ്പോള്‍, വിശ്വാസികള്‍ പിതൃക്കള്‍ക്ക് കര്‍മം ചെയ്തു ശാന്തി തേടുന്നു. ആര്‍ക്കും ആരും തടസ്സമാവുന്നില്ല. ആരും ആരോടും പരിഭവിക്കുന്നുമില്ല. ശാന്തമായൊഴുകുന്ന പുഴയെപോലെ, ചുറ്റും പടര്‍ന്ന മരങ്ങളെ പോലെ, അവയെമുഴുവന്‍ ഉള്‍ക്കൊണ്ട ആരണ്യകത്തെപോലെ...

Read More on Malayalam Horoscope