ഭരണിക്കാർ അപവാദം നേരിടാം, പക്ഷേ...

മനസ്സിലൊന്ന് തീരുമാനിച്ചാല്‍ പിന്നെ അതില്‍ നിന്നിളകില്ല ഭരണി നക്ഷത്രക്കാർ. ഇവരുടെ ഗുണങ്ങള്‍ ചിലപ്പോള്‍ ഇവർക്ക് ദോഷമായും വരാം. ആകർഷകമായ പെരുമാറ്റം ഇവരുടെ പ്രത്യേകതയാണ്. തെറ്റിദ്ധരിക്കപ്പെടാനും അപവാദ ശ്രവണത്തിനും ഇത് കാരണമാകും. മനസ്സിന്റെ കടുപ്പം മൂലം ഇതൊക്കെ അതിജീവിക്കാനുള്ള കരുത്ത് ഭരണിക്കാർക്കുണ്ട്. ആരോഗ്യവും ദേഹപുഷ്ടിയും ഉണ്ടാകും.

ജന്മനക്ഷത്രം തോറും ലക്ഷ്മീ പൂജ നടത്തുന്നതും അന്നപൂർണേശ്വരിയെയും ലക്ഷ്മീ ദേവിയെയും നിത്യപ്രാർഥനകളിൽ ഉൾപ്പെടുത്തുന്നതും ദോഷാധിക്യം കുറയ്ക്കും. ഭരണി നക്ഷത്രക്കാർക്ക് ഭദ്രകാളി ഭജനത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും കൈവരുമെന്നാണു വിശ്വാസം. വെള്ളി, ചൊവ്വ എന്നീ ദിവസങ്ങളും ഭരണി നക്ഷത്രവും ചേർന്നു വരുമ്പോൾ വ്രതത്തോടെ ഭദ്രകാളീ ക്ഷേത്രദർശനം നടത്താം.

വെളുപ്പ്, ഇളം നീല, ചുവപ്പ് ഇവയാണ് അനുകൂല നിറങ്ങൾ. ക്ഷേത്രങ്ങളിൽ യക്ഷിക്ക് യഥാശക്തി വഴിപാട് നടത്തുന്നതും ഭരണിക്കാർക്ക് ശ്രേയസ്കരമാണ്. രോഹിണി, തിരുവാതിര, പൂയം, അനിഴം, തൃക്കേട്ട, വിശാഖം നാലാംപാദം ഇവ പ്രതികൂല നക്ഷത്രങ്ങളാണ്.

നക്ഷത്രദേവത – യമൻ

നക്ഷത്രമൃഗം – ആന

വൃക്ഷം – നെല്ലി

ഗണം – മനുഷ്യഗണം

യോനി – പുരുഷം

പക്ഷി – പുള്ള്

ഭൂതം – ഭൂമി