ഉള്ളംകയ്യിലെ ആ രേഖകൾ പറയും നിങ്ങളുടെ ഭാവി!

ഏതൊരു വ്യക്തിയുടെയും സ്വഭാവം, ആരോഗ്യം, അസുഖങ്ങൾ, ആയുസ്സ് തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഹസ്തരേഖാശാസ്ത്രം ഏറെ സഹായകമായ ഉപാധിയാണ്. ജോലി, ജീവിതത്തിലെ ഉയർച്ച താഴ്ചകൾ, കഴിവുകൾ, പോരായ്മകൾ എല്ലാം ഹസ്തരേഖകളിലൂടെ മനസ്സിലാക്കാൻ കഴിയും.കൈയുടെയും വിരലുകളുടെയും ആകൃതി, വിരലുകളിലെയും കൈവെള്ളയിലെയും മണിബന്ധത്തിലെയും രേഖകൾ, ഇവയുടെ ഒക്കെ പുറത്തുകാണുന്ന ചിഹ്നങ്ങൾ, വിരൽച്ചുവടുകളിലുള്ള മണ്ഡലങ്ങൾ (മേടുകൾ), കൈത്തലത്തിന്റെയും വിരലുകളുടെയും തൊലിപ്പുറത്തു കമാനാകൃതിയിലും പുഷ്പമണ്ഡലാകൃതിയിലും വലയങ്ങളുടെ ആകൃതിയിലും കാണപ്പെടുന്ന ചുളിവുകൾ എന്നിവയൊക്കെ പ്രവചനം നടത്തുന്നതിന് സഹായകമാണ്.

ഹസ്തരേഖാശാസ്ത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. വേദാംഗങ്ങളിലൊന്നും വേദങ്ങളുടെ ചക്ഷുസ്സ് (കണ്ണ്) എന്ന് അറിയപ്പെടുന്നതുമായ ജ്യോതിഷത്തിന്റെ പിരിവുകളിലൊന്നായ ‘സംഹിതാ ജ്യോതിഷ’ത്തിന്റെ ഭാഗമായ ‘അംഗവിദ്യ’ അഥവാ സാമുദ്രികാ ശാസ്ത്രത്തിന്റെ മൂന്നു പിരിവുകളിലൊന്നാണ് ‘ഹസ്തജ്യോതിഷം’ അഥവാ ഹസ്തരേഖാശാസ്ത്രം.. ‘പാദജ്യോതിഷ’വും ‘മുഖജ്യോതിഷ’വുമാണ് മറ്റു രണ്ടു പിരിവുകൾ.


കൈവിരലുകളും ഗ്രഹങ്ങളും


തള്ളവിരൽ അംഗുഷ്ഠം എന്നും ചൂണ്ടുവിരൽ തർജനി എന്നും നടുവിരൽ മധ്യമ എന്നും മോതിരവിരൽ അനാമിക എന്നും ചെറുവിരല്‍ കനിഷ്ഠിക എന്നും അറിയപ്പെടുന്നു.
ചൂണ്ടുവിരലിൽ വ്യാഴം, നടുവിരലില്‍ ശനി, മോതിരവിരലിൽ സൂര്യൻ, ചെറുവിരലിൽ ബുധൻ എന്നിങ്ങനെയാണു ഗ്രഹങ്ങളുടെ സ്ഥിതി. ശുക്രൻ, ചൊവ്വ, ചന്ദ്രൻ, രാഹുകേതുക്കൾ ഇവ കൈത്തലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

വിരൽ ഖണ്ഡങ്ങളിലെ രാശികൾ

ഓരോ വിരലിലും 3 ഖണ്ഡങ്ങൾ (Phalanxes) ഉണ്ട്. ഓരോ ഖണ്ഡത്തിലും ഓരോ നഭോമണ്ഡല രാശികളുമുണ്ട്. തള്ളവിരലൊഴികെ ബാക്കി നാലു വിരലുകളിലായി മൂന്ന് വീതം 12 രാശികൾ (ചിങ്ങം തുടങ്ങി കർക്കടകം വരെ). ഇതെല്ലാം നോക്കിയാണു വ്യക്തിയുടെ ജീവിതഫലങ്ങൾ മനസ്സിലാക്കുന്നത്.

ലേഖകൻ

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755
Email: nandakumartvm1956@gmail.com