ക്രൊയേഷ്യയോ ഫ്രാൻസോ? പ്രവചനവുമായി ന്യൂട്ടൺ

കളി പ്രവചിക്കുന്നവര്‍ക്ക് ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വലിയ മാര്‍ക്കറ്റാണ്. ഫൈനല്‍ വിജയിയെ പ്രവചിച്ച ന്യൂട്ടനാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. പ്രവചനങ്ങള്‍ പൊളിഞ്ഞ അക്കിലിസിനെ ട്രോളന്മാര്‍ ട്രോളി കൊല്ലുന്നതിനിടെയാണ്  പ്രവചനവുമായി ന്യൂട്ടന്റെ രംഗപ്രവേശനം.

പേര് ന്യൂട്ടൺ, കേട്ടാലൊന്ന് ഞെട്ടുമെങ്കിലും ആരും തെറ്റിദ്ധരിക്കരുത്. ഐസക് ന്യൂട്ടനുമായി യാതൊരു ബന്ധവുമില്ല. പക്ഷെ ഈ ന്യൂട്ടനാണ് ഇപ്പോള്‍ കളിപ്രേമികള്‍ക്കിടയിലെ താരം.

ലോകകപ്പ് ഫ്രാന്‍സ് നേടുമെന്നാണ് ന്യൂട്ടന്റെ പ്രവചനം. പ്രവചനങ്ങള്‍ പാളിയ ക്ഷീണത്തില്‍ അക്കിലിസ് ഇരിക്കുമ്പോഴാണ് ഈ  കക്ഷി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഒരു കാര്‍ഡ്ബോര്‍ഡില്‍ തീര്‍ത്ത മൈതാനത്തിന്റെ മാതൃക.  ഗോള്‍ പോസ്റ്റില്‍ ഗോളിക്കുപകരം മല്‍സരിക്കുന്ന ടീമുകളുടെ പതാക വെയ്ക്കും.  ആരുടെ വലയിലേക്കാണോ ന്യൂട്ടൺ പന്തടിച്ച് കയറ്റുന്നത് അവര്‍ വിജയിക്കുമെന്നാണ് വാദം.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ചിലപ്രവചനങ്ങളൊക്കെ പാളിയെങ്കിലും ക്വാര്‍ട്ടര്‍ മുതല്‍ രാശി  തെളിഞ്ഞു. ഇംഗ്ലണ്ട് – സ്വീഡന്‍ പ്രവചനമൊഴികെ ബാക്കിയെല്ലാം ശരിയായി. പാരിസിലെ ഒരു മൃഗശാലയിലാണ് ന്യൂട്ടണുള്ളത്. കാരണവന്മാര്‍ മുതല്‍ വലിയ പ്രവാചകരാണെന്നാണ് കക്ഷിയുടെ അവകാശവാദം. എന്തായാലും ന്യൂട്ടന്റെ പ്രവചനത്തില്‍ ത്രില്ലടിച്ചിരിക്കുകയാണ് ഫ്രാന്‍സ് ആരാധകര്‍