ജീവിതത്തകർച്ചയിലേക്ക് നയിക്കുന്ന രണ്ട് യോഗങ്ങൾ

വേദപുരുഷന്റെ കണ്ണാണ് ജ്യോതിഷം. അതിൽനിന്നുതന്നെ ഈ ശാസ്ത്രത്തിന്റെ മഹത്വം ഊഹിച്ചെടുക്കാവുന്നതാണ്. ജീവിതയാത്രയാകുന്ന വഴിയിൽ അന്ധകാരം നിറഞ്ഞാൽ മുൻപോട്ടുള്ള പ്രയാണം ദുഷ്കരം തന്നെ! ജ്യോതിഷത്തെ നിശിതമായി വിമർശിക്കുന്നവർ തന്നെ രഹസ്യമായി ജ്യോത്സ്യനെ കാണാൻ വരുന്നു എന്നത് രഹസ്യമായ പരസ്യമാണ്. അന്ധകാരമാകുന്ന ജീവിതവീഥിയിൽ ജ്യോതിഷമെന്ന വഴികാട്ടി ഇല്ലാതെ, പ്രത്യേകിച്ചും ജാതക പ്രശ്ന മുഹൂർത്തങ്ങൾ ഇല്ലാത്ത യാത്ര കയ്യാലപ്പുറത്തെ തേങ്ങയ്ക്ക് തുല്യമാണ്. എപ്പോൾ വേണമെങ്കിലും കാലിടറാം. ഉന്നതകുലജാതർ പോലും അധികാരവും ധനവും നശിച്ച് ജീവിതം വഴിമുട്ടി ഇനി എന്ത് എന്ന ചോദ്യവുമായി നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നത് പലപ്പോഴായി നമ്മൾ കാണാറുണ്ട്. ഈ ദുരവസ്ഥയ്ക്ക് എന്തായിരിക്കും കാരണം. മുൻജന്മ കർമ്മഫലം അല്ലെ. ഗ്രഹങ്ങളുടെ സ്വാധീന വലയത്തിൽപ്പെട്ട് ഉഴലുന്ന നാം പാവകളിക്കാരന്റെ കയ്യിലെ പാവകളെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നു. ജനിക്കുമ്പോൾ തന്നെ അവന്റെ ജീവിതരേഖയും ഈശ്വരൻ ശിരസ്സിൽ കുറിച്ചിടുന്നു. അതാണ് 12 രാശിയും ഒമ്പത് ഗ്രഹങ്ങളും. മുജ്ജന്മത്തിൽ ചെയ്ത പുണ്യപാപങ്ങള്‍ ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളുമായി ഒരുവന്റെ ജീവിതയാത്രയെ നിയന്ത്രിക്കുന്നു. ഒരിക്കൽ പാപകർമ്മങ്ങൾ ചെയ്തവൻ അതനുഭവിച്ചു തീർക്കാനായി വീണ്ടും വീണ്ടും ജന്മമെടുക്കുന്നു. ഉദയാസ്തമയങ്ങൾ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ ഒരുത്തൻ ഏതെങ്കിലും രാശിയുടെ ഉദയസമയത്ത് ജനിക്കാനിടവരുകയും അത് ലഗ്നമായി, മറ്റ് ദ്വാദശഭാവങ്ങളും നവഗ്രഹങ്ങളും അവന് യോഗങ്ങളെ പ്രദാനം ചെയ്യുന്നു. ഈ അനവധി യോഗങ്ങളിൽ ഉയർച്ചയിലേക്കും താഴ്ചയിലേക്കും നയിക്കുന്നവ അവനെ സമ്പത്തിന്റെ കാവലാളായും ദാരിദ്രത്തിന്റെ പടുകുഴിയിലേക്കും നയിക്കുന്നു. ജീവിതത്തകർച്ചയിലേക്ക് നയിക്കുന്ന രണ്ടു യോഗങ്ങളെ ഇവിടെ പരിചയപ്പെടുത്താം.

രേകായോഗവും, ദാരിദ്രയോഗവും. 11 ലഗ്നാധിപനു ബലമില്ലാതെയും, ആറാം ഭാവാധിപന്റെ ദൃഷ്ടി ഉണ്ടാവുകയും വ്യാഴത്തിന് മൗഢ്യമുണ്ടാവുകയും ചെയ്താൽ രേകായോഗമുണ്ടാകുന്നു. 4–ാം ഭാവാധിപന്റെ നവാംശകാധിപതിക്കു മൗഢ്യമുണ്ടായും, 12–ാം ഭാവാധിപന്റെ ദൃഷ്ടിയുണ്ടായി നിന്നാലും രേകായോഗമാകുന്നു. 4–ാം ഭാവാധിപന് 6–ാം ഭാവാധിപന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടാവുകയും, 10–ാം ഭാവാധിപന്‍ 5 ലും ലഗ്നാധിപൻ നീചത്തിലും ആവുകയും ചെയ്താൽ രേകായോഗം ഭവിക്കും. 6–8–12 ഈ ഭാവങ്ങളുടെ അധിപന്മാർ ശുഭന്മാരാവുകയും അവർ കേന്ദ്രത്തിലോ (1, 4, 7, 10) ത്രികോണത്തിലോ (5, 9) നിൽക്കുകയും 11–ാം ഭാവാധിപന്‍ പാപനും ബലഹീനനുമാകുകയും ചെയ്താലും മേൽയോഗം സംഭവിക്കും. ഭാഗ്യാധിപന് മൗഢ്യവും ലഗ്നാധിപനും 2–ാം ഭാവാധിപനും നീചവും ഉണ്ടായാൽ രേകായോഗമാകുന്നു. മൂന്നു ഗ്രഹങ്ങൾക്ക് നീചമോ മൗഢ്യമോ ഉണ്ടാവുകയും ലഗ്നാധിപൻ അനിഷ്ട സ്ഥാനത്ത് (6, 8, 12) നിന്നാലും രേകായോഗം ഭവിക്കും.

ലഗ്നാധിപന് പാപയോഗവും, ശുക്രന്‍, ഗുരു എന്നിവർക്ക് നീചവും ഭവിയ്ക്ക, 4–ാം ഭാവനാഥന് മേൽദോഷം ഭവിയ്ക്ക എന്നിവ ഉണ്ടായാലും ലഗ്നം 2, 3 ഈ ഭാവങ്ങളിൽ യഥാക്രമം 1–2–3 എന്ന ക്രമത്തിൽ ശത്രുക്കളുടേയും പാപന്മാരുടേയും നീചസ്ഥന്മാരുടേയും ദൃഷ്ടിയോടുകൂടി പാപന്മാർ നിന്നാൽ വയസ്സിന്റെ ആദി– മദ്ധ്യം – അന്ത്യം ഈ കാലങ്ങളിൽ രേകാഫലമുണ്ടാകും.

രേകായോഗഫലം

രേകായോഗത്തിൽ ജനിച്ചാൽ മൂഢനായും, സമ്പാദ്യമില്ലാത്തവനായും, ദരിദ്രനും, കാമിയുമായും, മനോദുഃഖം, വിരൂപത എന്നിവയും, മലിനനായും, സമൂഹത്തിന്  ദോഷം ചെയ്യുന്നവനായും, യാചകനായും, ദുർവാദിയായും, ദേവബ്രാഹ്മണ ദൂഷകനായും, ഭാര്യാപുത്രാദികളാൽ നിന്ദിയ്ക്കപ്പെട്ടവനായും ഭവിക്കും.

രേകായോഗമുള്ളവർ ദുർബുദ്ധിയായും, കുഴിനഖത്തോടു കൂടിയവനായും, ദുർമാർഗ്ഗിയായും, ബന്ധുനാശം ചെയ്യുന്നവനായും, യാചകനും മൂകനുമായും, കണ്ണ്, ചെവി എന്നിവയ്ക്ക് രോഗമുള്ളവനായും, മുടന്തനായും ഭവിക്കും. (അംഗഹീനത്വം ഉറപ്പായും ഭവിക്കും എന്നത് ഇതിൽ നിന്ന് വ്യക്തമാകുന്നു)

ദാരിദ്രയോഗ ലക്ഷണം

ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി ഇവർ 5, 6, 10, 8, 12 ഈ ഭാവങ്ങളിൽ നിൽക്കയും 12–ാം ഭാവാധിപന് ലഗ്നാധിപനേക്കാൾ ബലാധിക്യവും മൗഢ്യവും ഉണ്ടായാലും, ചരാംശകത്തോടു കൂടിയ ലഗ്നത്തിൽ ശനിയുടേയും നീചസ്ഥനായ വ്യാഴത്തിന്റേയും ദൃഷ്ടി ഉണ്ടാവുകയും, 6 ലോ 12 ലോ വ്യാഴം നിൽക്കുമ്പോൾ ധനു, മീനം ഇവയല്ലാത്ത ലഗ്നങ്ങളിൽ ജനിച്ചാലും ദാരിദ്രയോഗം സംഭവിക്കുന്നു. ചരരാശി ലഗ്നമായി ദുർബ്ബലന്മാരായ ശുഭന്മാർ കേന്ദ്രത്രികോണങ്ങളിലും പാപന്മാര്‍ കേന്ദ്രത്തിലല്ലാതെയും നിൽക്കുമ്പോൾ രാത്രിയിൽ ജനിക്കുക എന്നിവയും ദാരിദ്രയോഗ ലക്ഷണമായി കണക്കാക്കുന്നു.

ദാരിദ്രയോഗഫലം

ദാരിദ്രയോഗത്തിൽ ജനിച്ചവൻ ഭാഗ്യഹീനനായും, ചക്ഷുശ്രോത്രജിഹ്വാദികൾക്ക് വൈകല്യമുള്ളവനായും, അപകടബുദ്ധിയായും, ഭാര്യാപുത്രാദികളാൽ കൂടാത്തവനായും, ഭക്ഷണത്തിലും സ്ത്രീസുഖത്തിലും മാത്രം താൽപര്യമുള്ളവനായും, സമ്പത്ത് നശിച്ചവനായും, അംഗവൈകല്യമുള്ളവനായും ഭവിക്കും. രേകായോഗത്തിന്റെ ഫലങ്ങൾ ഏറെകുറെ ദാരിദ്രയോഗത്തിലും ഉണ്ടാകുന്നു. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള ഈ യോഗങ്ങൾ, ഗ്രഹപൂജാ തൽപരനും വിദ്വാനുമായ ഒരു ദൈവജ്ഞനു മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. ഇത്തരം യോഗമുള്ളവർ നിരാശപ്പെടാതെ വേണ്ടുന്ന വിധത്തിലുള്ള പരിഹാരങ്ങൾ, വ്രതങ്ങൾ, നവഗ്രഹപൂജ എന്നിവ ചെയ്ത് ശ്രദ്ധയോടുകൂടി ജീവിച്ചാൽ മറികടക്കാന്‍ സാധിക്കുന്നതേയുള്ളൂ.

ലേഖകൻ

ഒ.കെ. പ്രമോദ് പണിക്കർ പെരിങ്ങോട്

കൂറ്റനാട് വഴി, പാലക്കാട് ജില്ല

Ph: 9846309646

Whatsapp: 8547019646

Email: astronetpgd100@gmail.com