നക്ഷത്രം കാർത്തികയാണോ? ഇവയൊക്കെ ചെയ്താൽ ജീവിതത്തിൽ മുന്നേറാം!

ഒാർമശക്തിയും സംഭാഷണ പ്രിയവുമാണ് കാർത്തിക നക്ഷത്രത്തിന്റെ സ്വഭാവമുദ്ര. ആഡംബരപ്രിയരായ ഈ നക്ഷത്രക്കാർ കല, രാഷ്ട്രീയം എന്നീ രംഗങ്ങളിൽ പ്രശസ്തി നേടും.  എരിവ്, പുളി രസങ്ങളോട് മമത കൂടുതലായിരിക്കും. പിതൃസ്വത്തിൽ അർഹമായ ഗുണഫലങ്ങൾ ലഭിക്കണമെന്നില്ല. പ്രവർത്തനനിരതരായ ഇവർക്ക് വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് കുറവാണ്. ഉടനേ പ്രതികരിച്ചില്ലെങ്കിലും മനസ്സിൽ അത് സൂക്ഷിക്കുന്ന പ്രകൃതക്കാരാണ്. പ്രത്യേകിച്ച് ഒന്നാം പാദത്തിൽ ജനിച്ചവർ.

കാർത്തിക  ഒന്നാം പാദം മേടം രാശിയിലും  ബാക്കി മൂന്നു പാദങ്ങൾ  ഇടവം  രാശിയിലുമാണ്. ചൊവ്വ, വ്യാഴം, ബുധ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ ചെയ്യണം. കാർത്തികയും  ഞായറാഴ്ചയും  ചേർന്നു വരുമ്പോൾ  വ്രതത്തോടെ  സൂര്യക്ഷേത്രത്തിലൊ ശിവക്ഷേത്രത്തിലോ ദർശനം നടത്താം.

കാർത്തിക, ഉത്രം, ഉത്രാടം ദിവസങ്ങളിലെ ക്ഷേത്രദർശനവും ദോഷപരിഹാര മാർഗമാണ്. ശത്രുദോഷമകലാൻ ആദിത്യഹ‍‍‌ൃദയ മന്ത്രം പതിവായി ജപിക്കാം. ചുവപ്പും  കാവിയും നിറങ്ങൾ വസ്ത്രത്തിന്റെ ഭാഗമായോ ചരടായോ ധരിക്കാം. സൂര്യപ്രാർഥനയോടെ ഇളവെയിലേൽക്കുന്നതും നല്ലതാണ്.