മഞ്ഞപുഷ്യരാഗം ആർക്കൊക്കെ ധരിക്കാം, ഫലങ്ങൾ?

വ്യാഴഗ്രഹത്തിന്റെ ഗുണാനുഭവങ്ങള്‍ വർദ്ധിപ്പിക്കുന്നതിന് പുഷ്യരാഗമെന്ന രത്നത്തിന് കഴിയും. ഗുരുവിന്റെ കാരക ഭാവധർമ്മങ്ങളെ പുഷ്ടിപ്പെടുത്താനുള്ള ശക്തിയുണ്ട് ഈ രത്നത്തിന്.

മഞ്ഞപുഷ്യരാഗം ആർക്കൊക്കെ ധരിക്കാം?

∙ ധനു, മീനം, കർക്കടകം, കുംഭം ലഗ്നക്കാർക്ക് ജാതകത്തിൽ ഗുരുവിന് മറ്റു ഗ്രഹത്തേക്കാൾ ബലമുള്ള അവസരത്തിൽ

∙ ജാതകത്തിൽ ഗുരു, മേടം, വൃശ്ചികം, ധനു, മീനം, കർക്കടകം, കുംഭം രാശികളിൽ നിൽക്കുമ്പോള്‍

∙ പുണർതം, വിശാഖം, പൂരുരുട്ടാതിയിൽ ജനിച്ചവർ 

∙ വ്യാഴാഴ്ചയും പൂയം നക്ഷത്രത്തിൽ ജനിച്ചവർ

∙ ജാതകത്തില്‍ ഗുരുവിനോടു കൂടി രവി, ചന്ദ്രൻ, ചന്ദ്രൻ യോഗം ചെയ്താൽ 

∙ ഗുരു മഹാദശയോ അപഹാരമോ നടക്കുന്നവർ. 

വിവിധ ലഗ്നക്കാരും പുഷ്യരാഗവും

മേടലഗ്നക്കാർക്ക് 9–ാം ഭാവാധിപനായ ഗുരു ഭാഗ്യാധിപനായതിനാൽ ധരിക്കാം. ധനലാഭം, മനലാഭം, അന്തസ്സ്, ബുദ്ധിവികാസം എന്നിവയുണ്ടാകും. കർക്കടക ലഗ്നക്കാർ ഗുരു ഉച്ചനും ഭാഗ്യാധിപനുമായതിനാൽ ധരിക്കാം. വൃശ്ചിക ലഗ്നക്കാർക്ക് 2ഉം 5–ാം ഭാവാധിപനായതിനാൽ ധരിക്കാം. ധനു ലഗ്നക്കാർക്ക് ലഗ്നാധിപനായതിനാൽ ധരിക്കാം. മീനക്കാർക്കും ലഗ്നാധിപനായതിനാൽ ധരിക്കാം. മറ്റു ലഗ്നക്കാർക്ക് ദോഷകാരകനാണ്. 

കൃത്രിമ പുഷ്യരാഗം തിരിച്ചറിയാനുള്ള വഴികൾ

തിളക്കക്കുറവ് – തിളക്കം കുറവുള്ള പുഷ്യരാഗം കൃത്രിമമായിരിക്കും. ഇത് ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരവും ബന്ധുവിരോധത്തിന് കാരണവുമാകും.

വല – പുഷ്യരാഗ രത്നത്തിന് അകത്ത് വല പോലെ തോന്നുക. ഇത് ധരിച്ചാൽ സന്താനങ്ങൾക്ക് നല്ലതല്ല. ഉദരരോഗവും വരാം.

കീറൽ – പുഷ്യരാഗത്തിൽ കീറലുണ്ടായിരുന്നാൽ അത് ധരിച്ചാൽ മോഷണം നടക്കും. ബന്ധുക്കൾക്ക് നല്ലതല്ല. 

പാൽനിറം – പുഷ്യരാഗത്തിൽ പാൽനിറം കണ്ടാൽ അത് നല്ലതല്ല. അത് ധരിച്ചാൽ ശരീരത്തിൽ മുറിവ് വരാം.

പുള്ളി – പുഷ്യരാഗത്തിൽ പുള്ളിയുണ്ടായിരുന്നാൽ അതു ധരിച്ചാൽ രോഗം, ശോകം ഇവയ്ക്ക് കാരണമാകും.

അഭ്രനിറം – പുഷ്യരാഗത്തിൽ അഭ്രനിറം ഉണ്ടായിരുന്നാൽ അതു ധരിച്ചാൽ രോഗകാരണമാകും.

ചുവന്ന പുള്ളി – പുഷ്യരാഗത്തിൽ ചുവന്ന പുള്ളിയുള്ളത് ധരിച്ചാൽ ധനധാന്യത്തിന് നാശമുണ്ടാകും.

കറുത്തപുള്ളി – കറുത്തപുള്ളിയുള്ള പുഷ്യരാഗം ധരിച്ചാൽ പശു മുതലായ മൃഗത്തിൽ നിന്നും ധനത്തിന് ദോഷവും വാഹനത്തിനു ധനനഷ്ടവും അപകടവും ഉണ്ടാകും.

നല്ല പുഷ്യരാഗം തിരിച്ചറിയാനുള്ള വഴികൾ

∙ ദോഷമുക്തമായ പുഷ്യരാഗത്തിന്റെ ലക്ഷണങ്ങൾ ശുദ്ധമായ പുഷ്യരാഗം വെളുത്ത വസ്ത്രത്തിൽ വച്ച് വെയിലത്തു വച്ചാൽ മഞ്ഞരശ്മികൾ വെളുത്തവസ്ത്രത്തിൽ പരക്കും.

∙ നല്ല പുഷ്യരാഗത്തെ 2 ദിവസം പാലിലിട്ടു വച്ചാൽ അതിന്റെ തിളക്കത്തിന് മങ്ങൽ വരില്ല.

∙ വിഷജന്തുക്കൾ കടിച്ച മുറിപ്പാടിൽ പുഷ്യരാഗം വച്ചാൽ വിഷം ഇറങ്ങുമെങ്കിൽ അത് നല്ല പുഷ്യരാഗമായിരിക്കും.

∙ ഉരകല്ലിൽ ഉരച്ചാൽ പുഷ്യരാഗതിളക്കം വർദ്ധിക്കും.

∙ കൃത്രിമമായ പുഷ്യരാഗത്തിന് കണ്ണാടിയുടെ തിളക്കമുണ്ടായിരിക്കും.