Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരേ ജ്യോത്സ്യൻ പറയുന്നു പല രത്നം പല പ്രാവശ്യം, കാരണം?

Gemology x-default

പലരുടെയും ധാരണ ഒരാൾക്ക് ഒരു രത്നം ധരിച്ചാൽ മതി എന്നാണ്. നക്ഷത്രം അശ്വതിയാണ് ഏതാണ്  രത്നം എന്നാകും പലരും ചോദിക്കുക. ചിലർ ജാതകവുമായി വരും. ഇപ്പോള്‍ കണ്ടകശനിയാണ് ഇന്ദ്രനീലം അല്ലേ ധരിക്കേണ്ടത്? ക്ഷേത്രത്തിലെ പൂജാരി സമയം മോശമാണെന്നു പറഞ്ഞു എന്നാകും വേറൊരു വിഭാഗം. ഇനിയും മറ്റൊരു കൂട്ടർ ബർത്ത് സ്റ്റോണും ലക്കി സ്റ്റോണും ചോദിച്ചായിരിക്കും ജ്യോത്സ്യരെ സമീപിക്കുക.

ഒരു ജ്യോത്സ്യരെ തന്നെ പല പ്രാവശ്യം സമീപിച്ചാൽ പല രത്നമായിരിക്കും നിർദേശിക്കുക. അതിന് ചില കാരണങ്ങൾ ഉണ്ട്. ജന്മരത്നം ആണ് പറയുന്നതെങ്കിൽ ലഗ്നാധിപന്റെ രത്നമാകും പറയുക. ഭാഗ്യരത്നമാണ് നിർദേശിക്കുന്നത് എങ്കിൽ ഒമ്പതാം ഭാവാധിപന്റെ രത്നവും. ദശാകാലം അനുസരിച്ചാണ് പറയുന്നത് എങ്കിൽ ഏത് ദശയാണോ ആ ദശയ്ക്ക് ഉള്ളതായിരിക്കും പറയുന്നത്. സമയദോഷത്തിനാണെങ്കിൽ (കണ്ടകശനി, ശനിദശ, ഏഴരശനി പോലെ) ഇന്ദ്രനീലമോ മറ്റോ ആകും നിർദേശിക്കുന്നത്.

എന്നാല്‍ ജാതകത്തിൽ ബലം കുറ‍ഞ്ഞ ഗ്രഹങ്ങളെ ബലപ്പെടുത്താൻ വേണ്ടിയും രത്നങ്ങൾ ധരിക്കാം. ഇതിന് ഫലം കൂടുതലായിരിക്കും. ഒരാളുടെ ജാതകത്തിൽ ശുക്രന് ബലം കുറവാണെങ്കിൽ ശുക്രന്റെ രത്നമായ വജ്രം ധരിച്ചാൽ വിവാഹം കഴിയാത്തവരുടെ വിവാഹം പെട്ടെന്ന് നടക്കും. വിവാഹം കഴിഞ്ഞവരുടെ ദാമ്പത്യജീവിതം കൂടുതൽ സന്തോഷകരമാകും. സൗന്ദര്യം വർധിക്കും. കലാകാരന്മാർക്ക് അവരുടെ രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. ഇതേ ആളിന്റെ ജാതകത്തിൽ വ്യാഴത്തിനും ബലക്കുറവുണ്ടെങ്കിൽ അയാൾക്ക് കുട്ടികൾ ഉണ്ടാകാൻ തടസവും താമസവും നേരിടും. ഇത്തരം സന്ദർഭങ്ങളിൽ രണ്ടും ഒന്നിച്ചിടാൻ പറയില്ല. പരസ്പര ശത്രുക്കളായ ഗ്രഹങ്ങളായതിനാൽ അതു രണ്ടുംകൂടി ധരിച്ചാൽ ഒരു ഫലവും ഇല്ലാതെ ആയി പോകും. അതിനാൽ ആദ്യം വിവാഹം നടക്കാനുള്ള രത്നം ധരിക്കാനും വിവാഹശേഷം ആദ്യത്തെ വജ്രം അഴിച്ചു വയ്ക്കാനും പിന്നീട് പുഷ്യരാഗം കുട്ടിയുണ്ടാകുന്നത് വരെ ധരിക്കാനും ആണ് പറയുന്നത്. എന്നാൽ ഗ്രഹനില കൂടി പരിഗണിച്ച ശേഷം വേണം രത്നം നിർദേശിക്കാൻ‍. പ്രതികൂല രാശിയിൽ നിൽക്കുന്ന ഗ്രഹമാണെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ആ രത്നം ധരിക്കാൻ പറ്റില്ല.

ഒന്നിലധികം ഗ്രഹങ്ങൾ ബലക്കുറവുള്ളപ്പോഴും ഒരു ഗ്രഹം മാത്രം ബലക്കുറവായിരിക്കുകയും അത് അനുകൂലരാശിയിൽ അല്ലാതെ വരികയോ മറ്റ് ഗ്രഹങ്ങളെ ദൃഷ്ടിചെയ്യുന്നത് മൂലം ദോഷം ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ നവരത്നമാണ് പറയുക. അനുകൂലമല്ലാത്ത ഗ്രഹത്തിന്റെ രത്നം ധരിച്ചാൽ ദോഷമാണുണ്ടാവുക.

നവരത്നം നിർദേശിക്കുമ്പോൾ ഒറ്റ കല്ലാണെങ്കിൽ ഏതാണ് ധരിക്കേണ്ടത് എന്ന് ഈ സന്ദർഭത്തിൽ ചോദിച്ചാൽ ബലമില്ലാത്ത പല ഗ്രഹങ്ങളിൽ ഗുണഫലം നൽകുന്ന ഒരു രത്നമാണ് നിർദേശിക്കുക. അതുപോലെ ധരിക്കാവുന്ന ഒന്നിലധികം രത്നങ്ങളുണ്ടാവുകയും ചെയ്യും.

ഇങ്ങനെ വരുമ്പോൾ നമുക്കൊരാവശ്യം ഉണ്ടെങ്കിൽ ഉദാഹരണത്തിന് പഠിക്കുന്ന കുട്ടിയാണെങ്കിൽ പരീക്ഷയിൽ ഉന്നത വിജയം നേടാൻ സഹായിക്കുന്ന രത്നമായിരിക്കും നിർദേശിക്കുക. ഉദ്യോഗാർഥി ആണെങ്കിൽ തൊഴിൽ കിട്ടാൻ സഹായിക്കുന്ന രത്നമാകും നിർദേശിക്കുക. പക്ഷേ ആവശ്യം ജ്യോത്സ്യനോട് പറയാൻ തയാറാകണം എന്നാലെ അത് പറയാൻ കഴിയൂ.

ഇത്തരം കാര്യങ്ങൾ പരിഗണിച്ച് രത്നം നിർദേശിച്ച ശേഷം ശരിയാണോ എന്ന് കമ്പ്യൂട്ടറിൽ നോക്കിയാൽ ഇതെല്ലാം തെറ്റാണെന്ന് തോന്നും. അതിൽ അശ്വതി നാളിന് വൈഡൂര്യം എന്നാണ് കാണുന്നത്. പഞ്ചാംഗത്തിലും വൈഡൂര്യമാകും. ജ്യോത്സ്യന് തെറ്റി അദ്ദേഹം പറ്റിച്ചു രണ്ട് പ്രാവശ്യം നോക്കിയപ്പോൾ രണ്ട് രത്നമാണ് പറഞ്ഞത് എന്ന് തോന്നാം. ഇതാണ് കാര്യം. ജ്യോത്സ്യന് തെറ്റിയതല്ല. ചുമ്മാ ഒരു കല്ല് ധരിച്ചാൽ മതി ഇപ്പോൾ അത് ഒരു ഫാഷനല്ലേ അല്ലെങ്കിൽ ഒരു ഭംഗിക്ക് നല്ലതല്ലേ, എല്ലാവരും ധരിക്കുന്നു ഞാനും ധരിക്കാം, രത്നം ധരിച്ചാൽ ഗുണമുണ്ടാകും എന്ന് കേട്ടിട്ടുണ്ട് എന്ന് കരുതി ഒരു രത്നം ധരിക്കാം എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.

കൂടുതൽ ഗ്രഹങ്ങൾക്ക് ബലക്കുറവും ദൃഷ്ടിദോഷവുമുണ്ടെങ്കിൽ നവരത്നം ധരിക്കുക. അല്ലെങ്കിൽ ഓരോ കല്ലുകളായി ധരിക്കുകയാണെങ്കിൽ ഒന്നിലധികം കല്ലുകൾ മോതിരമായോ ലോക്കറ്റായോ കമ്മലായോ മൂക്കൂത്തിയായോ ഒക്കെ ധരിക്കാം. പല ജ്യോത്സ്യനെ കാണുന്നതിലും ഒരു ജ്യോത്സ്യനെ പല പ്രാവശ്യം കാണുന്നതിലും തെറ്റില്ല. മുമ്പ് ഇങ്ങനെ പറഞ്ഞിരുന്നു എന്ന് അദ്ദേഹത്തോട് പറഞ്ഞാൽ ഇപ്പോൾ വേറെ കല്ല് പറയാനുണ്ടായ കാരണം അദ്ദേഹം നിങ്ങളെ പറഞ്ഞു മനസിലാക്കുകയും ചെയ്യും.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421