തിരുവാതിര വ്രതം എന്തിന്? എങ്ങനെ?

ധനുമാസക്കുളിരിന്റെ സ്‌പർശവുമായി തിരുവാതിര. 22നു ശനിയാഴ്ചയാണ് തിരുവാതിര ആഘോഷം. തിരുവാതിരയും എട്ടങ്ങാടിയും ഇത്തവണ ഒരു മിച്ചാണ് ന‌ടത്തുന്നത്.  ശ്രീപരമേശ്വരന്റെ ജന്മനാളായാണ് കേരളീയർ തിരുവാതിര ആഘോഷിക്കുന്നത്. ശ്രീകൃഷ്‌ണനെ ഭർത്താവായി ലഭിക്കാൻ ഗോപസ്‌ത്രീകൾ കാർത്ത്യായനീപൂജ നടത്തിയ ദിവസമാണിതെന്നാണ് സങ്കൽപം. ഐശ്വര്യമായ കുടുംബ ജീവിതത്തിന് ശ്രീപാർവതി തിരുവാതിരനാളിൽ വ്രതമനുഷ്‌ഠിച്ചതിന്റെ ഓർമ പുതുക്കലാണിതെന്ന ഐതിഹ്യവുമുണ്ട്.

തിരുവാതിര അംഗനമാരുടെ ഉത്സവമാണ്. പാതിരാപ്പൂ ചൂടി മിഴിക്കോണിൽ ആർദ്രസ്വപ്‌നങ്ങളുമായി നിദ്രാവിഹീനമായ വിനാഴികകൾ. അഷ്‌ടമംഗല്യത്തട്ടിൽനിന്ന് ദശപുഷ്‌പങ്ങളെടുത്ത് ചൂടി വെറ്റില മുറുക്കി കാത്തിരിപ്പ്. തിരുവാതിരക്ക് ഭർത്താവ് ഉണരും മുൻപേ കുളത്തിൽ പോയി തുടിച്ചുകുളിക്കണമെന്നാണ്. പിന്നെ ഊഞ്ഞാലാട്ടം, കൈകൊട്ടിക്കളി. മുറ്റത്ത് ഭദ്രദീപത്തിനു മുന്നിൽ ആടിത്തിമർക്കുന്ന കന്യകമാർ.

സ്‌ത്രീകൾ പുലരും മുൻപേ കുളിച്ച് അലക്കിയതോ കോടിവസ്‌ത്രമോ ധരിച്ച് ശിവ പാർവതീ പൂജയും ശിവക്ഷേത്ര ദർശനവും നടത്തും. തിരുവാതിര നാളിൽ അരി ഭക്ഷണം വെടിയണമെന്നാണ്. പഴവും ഇളനീരും പുഴുക്കും ആകാം. 

തിരുവാതിരപ്പുഴുക്ക് തയാറാക്കുന്നതെങ്ങനെ?

മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം നടക്കാൻവേണ്ടിയും വ്രതം എടുത്തു തിരുവാതിര ആഘോഷത്തെ ധന്യമാക്കും. ‘വീര വിരാടകുമാര വിഭോ, ചാരുതരഗുണസാഗരഭോ’ എന്നു തുടങ്ങുന്ന തിരുവാതിര ശീലുകൾ മനപാഠമാക്കിയവരുടെ ആഘോഷങ്ങൾ പുലർച്ചവരെ നീളും. 

സ്ത്രീകൾ ഒത്തുചേർന്നു തിരുവാതിരപ്പാട്ട് പാടിക്കളിച്ചതിനുശേഷം ദശപുഷ്പം ചൂടിവരുന്നതാണ് പാതിരാപ്പൂചൂടൽ. ‘ഒന്നാനാം മതിലകത്ത് ഒന്നുണ്ടു പോൽ പൂത്തിലഞ്ഞി, പൂത്തിലഞ്ഞി പൂ പറിക്കാൻ പോരുന്നുണ്ടോ തോഴിമാരെ’ എന്നിങ്ങനെ പാടി വൃക്ഷച്ചുവട്ടിലേക്കു നീങ്ങും.

‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും ചുവടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ തിരുവാതിര ദിനത്തിൽ ഉയർന്നു കേൾക്കാം. കാർഷിക വിഭവങ്ങൾകൊണ്ടുണ്ടാക്കുന്ന തിരുവാതിരപ്പുഴുക്ക് തിരുവാതിര ആഘോഷത്തിലെ പ്രധാന വിഭവമാണ്. 

തിരുവാതിരപ്പുഴുക്ക്, എട്ടങ്ങാടി, കൂവ കുറുക്ക് എന്നിവയില്ലാതെ എന്ത് ആഘോഷം. 

വർഷത്തിൽ ഒരിക്കൽ മാത്രമാണ് എട്ടങ്ങാടിയെന്ന വിഭവം തയാറാക്കുന്നത്. മുറ്റത്ത് വിളക്ക് തെളിയിച്ചു ഗണപതി സ്‌തുതി ഉൾപ്പെടെയുള്ള പാട്ടുകൾ പാടി വനിതകൾ തന്നെയാണ് എട്ടങ്ങാടി നിവേദിക്കുന്നത്. നിവേദിച്ച എട്ടങ്ങാടി ആർദ്രാവ്രതം നോൽക്കുന്ന എല്ലാവരും കഴിക്കണം. തിരുവാതിര ദിനത്തിൽ ഇരുട്ടു വീഴുമ്പോൾ വീട്ടുമുറ്റങ്ങൾ സജീവമാകും. സ്‌ത്രികൾക്കു മാത്രമുള്ളതാണ് ആർദ്രാവ്രതം.