കുരിയാലയേക്കാൾ ഉയരത്തിൽ വീടു പണിതാൽ ദോഷമോ?

1980 ജൂൺ 16, 10.30 am ആണ് എന്റെ ജനന സമയം. എന്റെ വീടിനു സമീപം പണ്ട് ആരോ ഒരു പുറംപോക്കു വസ്തുവിൽ ഒരു കല്ലും വിളക്കും സ്ഥാപിച്ചിരുന്നു. നാട്ടിലുള്ള മിക്കവാറും ആളുകൾ അതിനു മുന്നിലായി വിളക്കും ചന്ദനത്തിരിയും കത്തിക്കാറുണ്ട്. ഇടയ്ക്കു ഞാൻ കുറച്ചു പണം ഉപയോഗിച്ച് അതിന് ഒരു ചെറിയ കൂര നിർമിച്ചു. ഇപ്പോൾ എന്റെ വീടിനു മുകളിൽ ഒരു നിലകൂടി പണിതു. ഈയിടെയായി എനിക്കു ചില മാനസിക സംഘർഷം അനുഭവിച്ചതിനെത്തുടർന്നു ഞാൻ ഒരു ജ്യോൽസ്യനെ സമീപിച്ചതിനാൽ, ടിയാൻ പറഞ്ഞതു കുരിയാലയേക്കാൾ ഉയരത്തിൽ വീടു പണിഞ്ഞതിനാൽ ദൈവം കോപിച്ചിരിക്കുകയാണ് എന്നാണ്. ഇതിൽ വല്ല സത്യവുമുണ്ടോ

താങ്കളുടെ ആശങ്കയ്ക്ക് അടിസ്ഥാനപരമായി ഒരു സത്യവുമില്ല. ഈ കത്തു വായിക്കുമ്പോൾ നിഷ്ക്കളങ്കമായി ഉയരുന്ന ഒരു സംശയം ദൈവത്തിന് ഒരാളുടെ ഉയർച്ചയിൽ അസൂയ ഉണ്ടാകുമോ എന്നുള്ളതാണ്. ഒരു കല്ലും വിളക്കും ഉണ്ടായിരുന്ന സ്ഥാനത്ത് ‘കുരിയാല’ വച്ചു നൽകിയ നിങ്ങൾ നല്ല ഒരു ഭവനം നിർമിക്കുമ്പോൾ ദൈവം സന്തോഷിക്കുകയേയുള്ളൂ. താങ്കൾ ഒരു നിലകൂടി വച്ചപ്പോൾ കോപം വരുന്നു എങ്കിൽ അതു ദൈവചൈതന്യത്തിനല്ല മനുഷ്യനു മാത്രം ആണെന്നു തിരിച്ചറിയുക. ദൈവം എന്നതു മഹത്തായ ഒരു ആശയമാണ്. നമ്മുടെ ഉയർച്ചയിൽ ദൈവത്തിനു കോപംതോന്നും എന്നൊക്കെയുള്ള ചിന്ത ആ ശക്തിയെ അവഹേളിക്കലല്ലേ. താങ്കൾക്ക് ഇപ്പോൾ ശുക്രദശയിൽ രാഹു അപഹാരവും, ചാരവശാൽ മൂന്നിൽ വ്യാഴം സഞ്ചരിക്കുന്ന കാലവുമാണ്. അൽപം ആശങ്കകൾ ഉണ്ടാകും. ഈ വർഷം അവസാനത്തോടെ അതു മാറിക്കിട്ടും.