ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് പ്രിയമേറുന്നു

ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്നാണ് പ്രമാണം. ആഗോള മാന്ദ്യവും ഓട്ടമേഷനും യുഎസിലെ വിസ പ്രശ്‌നവുമെല്ലാം ചേര്‍ന്ന് ഇന്ത്യയിലിപ്പോള്‍ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠനശാഖയ്ക്ക് കണ്ടകശനിയാണ്. എന്നാല്‍ കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ ഇടിവ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന് നേട്ടമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ബിടെക് കംപ്യൂട്ടര്‍ സയന്‍സ് തിരഞ്ഞെടുത്ത എന്‍ജിനീയറിങ്ങ് വിദ്യാർഥികളുടെ എണ്ണം 24 ശതമാനമായി കുറഞ്ഞു. 2013-14 വര്‍ഷത്തിലെ 25.44 ശതമാനത്തില്‍ നിന്നാണ് കംപ്യൂട്ടര്‍ സയന്‍സിന്റെ ഈ വീഴ്ച. അതേ സമയം ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ശാഖയ്ക്ക് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ പ്രിയമേറിയിട്ടുണ്ട്. 2013-14ല്‍ 20.22 ശതമാനം വിദ്യാര്‍ത്ഥികളാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് തിരഞ്ഞെടുത്തതെങ്കില്‍ ഈ വര്‍ഷം അത് 21.6 ശതമാനമായി ഉയര്‍ന്നു. എന്നിരുന്നാലും കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ തന്നെയാണ് ഏറ്റവുമധികം വിദ്യാർഥികള്‍ ഇപ്പോഴും പഠിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ സ്ഥിതി മാറുമെന്നും മെക്കാനിക്കല്‍, സിവില്‍ പോലുള്ള കോര്‍ പഠന ശാഖകള്‍ മുന്‍പിലെത്തുമെന്നും ഇപ്പോഴത്തെ ട്രെന്‍ഡ് വച്ച് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലുമുണ്ടായ വളര്‍ച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ് ജോലികള്‍ക്ക് കൂടുതല്‍ ആവശ്യം സൃഷ്ടിക്കുന്നുണ്ട്. ഇത് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിന്റെയും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു.