Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഠിച്ചത് ഓര്‍മ്മയില്‍ നില്‍ക്കാന്‍?

study

കുത്തിയിരുന്ന് വായിക്കുകയും പഠിക്കുകയും എല്ലാം ചെയ്യണുണ്ട്. പക്ഷേ, ആവശ്യം വരുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പല വിദ്യാർഥികളുടെയും നിസ്സഹായമായ വിലാപമാണിത്. പഠിച്ചത് ഓര്‍ത്തിരിക്കണമെങ്കില്‍ ഒരു എളുപ്പ വഴിയുണ്ട്. പഠിക്കുന്നതിന്റെ നോട്ടുകള്‍ തയ്യാറാക്കി പഠിക്കുക. ഒരു വലിയ പുസ്തകം മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ പരീക്ഷാ തലേന്ന് വീണ്ടും അത് വായിക്കാന്‍ സമയം കിട്ടിയെന്നു വരില്ല. അപ്പോള്‍ നാം വായനയ്ക്കിടയില്‍ തയ്യാറാക്കിയ ഹ്രസ്വമായ നോട്ടുകള്‍ തന്നെ ശരണം. ക്ലാസ് റൂമിലായിരുക്കുമ്പോഴും അല്ലാത്തപ്പോഴും പഠനത്തിനിടെ ചിട്ടയായ നോട്ടെഴുതുന്നവര്‍ക്ക് പഠനം അനായാസകരമായ അനുഭവമാകും. മികച്ച നോട്ടുകള്‍ തയ്യാറാക്കാന്‍ ചില പൊടിക്കൈകള്‍ ഇതാ.

1. ക്ലാസില്‍ ശ്രദ്ധയോടെ ഇരുന്ന് ലെക്ച്ചര്‍ നോട്ടുകള്‍ പകര്‍ത്തുകയാണ് നോട്ടെഴുത്തിന്റെ ആദ്യ പടി. ആശയങ്ങള്‍ അധ്യാപകര്‍ പഠിപ്പിച്ച് പോകുന്നതിനൊപ്പം തന്നെ അവയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ വേഗത്തില്‍ കുറിച്ചെടുക്കണം. 

2. ക്ലാസില്‍ നിന്ന് കിട്ടിയ ലെക്ച്ചര്‍ നോട്ടുകള്‍ വച്ചു കൊണ്ട് വീട്ടിലെത്തി പുസ്തകം വായിച്ച് പഠിക്കാനിരിക്കുമ്പോഴാണ് സ്റ്റഡി നോട്ടുകള്‍ തയ്യാറാക്കേണ്ടത്. ക്ലാസില്‍ പഠിപ്പിക്കുന്ന പുസ്തകത്തിന് പുറമേ ഇതുമായി ബന്ധപ്പെട്ട മറ്റ് പഠന സ്രോതസ്സുകള്‍ നോക്കി വേണം സ്റ്റഡി നോട്ടുകള്‍ തയ്യാറാക്കാന്‍. സംശയം തോന്നുന്ന ഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇന്റര്‍നെറ്റ്, ഗൈഡുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താം. ഇങ്ങനെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങളും ലെക്ച്ചര്‍ നോട്ടുകളും കൂടി ചേര്‍ത്ത് സ്റ്റഡി നോട്ടുകള്‍ തയ്യാറാക്കണം. പരീക്ഷയാകുമ്പോള്‍  പല പുസ്തകങ്ങളില്‍ വിവരങ്ങള്‍ക്കായി അലയാതെ സ്വന്തം സ്റ്റഡി നോട്ടുകള്‍ മാത്രം നോക്കി പഠിക്കാന്‍ ഇതു വഴി സാധിക്കും. 

3. ഇനി സ്റ്റഡി നോട്ടുകള്‍ എങ്ങനെ അവതരിപ്പിക്കണം എന്ന് നോക്കാം. പഠിക്കുന്ന വിഷയത്തെ പ്രധാന തലക്കെട്ടുകളും അവയ്ക്ക് താഴെയുള്ള ഉപതലക്കെട്ടുകളുമായി തിരിക്കുന്നതാണ് ഒരു നോട്ടെഴുത്ത് രീതി. തലക്കെട്ടുകള്‍ക്ക് താഴെ ബുള്ളറ്റ് പോയിന്റുകളായി പ്രധാന കാര്യങ്ങള്‍ കുറിക്കുക. പ്രധാനപ്പെട്ട സംഗതികളും ആശയങ്ങളും മാത്രം എഴുതുക. പുസ്തകത്തിലുള്ളത് അപ്പടി പകര്‍ത്തി വച്ചാല്‍ നോട്ടെഴുത്ത് കൊണ്ട് ഗുണില്ലാതെ പോകും. 

4. പ്രധാന ആശയം പേജിന്റെ മധ്യത്തിലെഴുതി അതിന്റെ ഉപ ആശയങ്ങള്‍ ലൈനുകളിട്ട് പേജിന്റെ പല കോണുകളിലേക്ക് ഫ്‌ളോ ചാര്‍ട്ട് പോലെ എഴുതി വയ്ക്കുന്നതാണ് മറ്റൊരു രീതി. ഇതിന് ഒരു ദൃശ്യപരതയുള്ളത് കൊണ്ട് ഓര്‍മ്മിച്ചെടുക്കാന്‍ കൂടുതല്‍ സഹായകമാകും. പക്ഷേ, എല്ലാ വിവരങ്ങളും ഈ രീതിയില്‍ കുത്തി നിറയ്ക്കാന്‍ പറ്റില്ല. ഒരാശയത്തെ ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാന വാക്കുകള്‍ കണ്ടു പിടിച്ച് ഉള്‍ക്കൊള്ളിക്കുന്നതാകും നല്ലത്. 

5. പുസ്തകത്തില്‍ എഴുതുന്നതിലും നല്ലത് ഷീറ്റ് പേപ്പറുകളില്‍ എഴുതി ഫയല്‍ ചെയ്തു സൂക്ഷിക്കുന്നതായിരിക്കും. ലെക്ച്ചര്‍ നോട്ടുകള്‍ നോട്ട് ബുക്കിലും സ്റ്റഡി നോട്ടുകള്‍ പേപ്പറിലും വേണമെങ്കില്‍ എഴുതാം. ഒരു വിഷയവുമായി  ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ലഭിച്ചാല്‍ അതും എഴുതി ഉള്‍പ്പെടുത്താന്‍ ഇത് സഹായകമാകും. 

6. നോട്ടെഴുതുമ്പോള്‍ കളര്‍ പെന്‍സിലുകളും മാര്‍ക്കറുകളും യഥേഷ്ടം ഉപയോഗിക്കാം. പരസ്പരം മാറി പോകാവുന്ന കാര്യങ്ങളെ വ്യത്യസ്ത നിറങ്ങളില്‍ രേഖപ്പെടുത്തി വച്ച് ഓര്‍മ്മിക്കാന്‍ ഇത് സഹായിക്കും. വ്യത്യസ്ത ഫോണ്ടുകള്‍, ബോക്‌സിനുള്ളില്‍ കുറിച്ചു വയ്ക്കുന്ന വിവരങ്ങള്‍, അണ്ടര്‍ലൈനുകള്‍ എന്നിങ്ങനെ നോട്ടുകള്‍ക്ക് ദൃശ്യപരമായ വൈവിധ്യം നല്‍കാന്‍ ശ്രദ്ധിക്കണം. 

7. ഏറ്റവും ചുരുക്കി വിവരങ്ങള്‍ രേഖപ്പെടുത്തണം. ഓരോ വിഷയത്തിനും വേറെ വേറെ ഫയലുകളില്‍ നോട്ടുകള്‍ സൂക്ഷിക്കണം. സെക്ഷനുകള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ സ്റ്റിക്ക് നോട്ടുകള്‍ ഉപയോഗിക്കാം. 

8. യാന്ത്രികമായി എഴുതാതെ എന്താണ് എഴുതുന്നതെന്ന് വ്യക്തമായി ചിന്തിച്ചു കൊണ്ട് തന്നെ നോട്ട് തയ്യാറാക്കണം. നോട്ടെഴുതി വച്ച് കഴിഞ്ഞാല്‍ പിന്നെ പണി കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഇടയ്ക്കിടെ നോട്ടുകള്‍ ഓടിച്ചു വായിച്ചു നോക്കണം.

More Campus Updates>>