മികവിന്റെ വഴിയേ മുന്നേറാം

ഡേറ്റ അനലിറ്റിക്സിലെ സാധ്യതകളെന്തൊക്കെ ? ഓട്ടമേഷൻ സാങ്കേതികവിദ്യ  ‘പണി’ തരുമോ ? പുതുവർഷത്തിൽ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ചോദ്യങ്ങൾ പലതാണ്. ബാങ്കിങ്, ഐടി, കൊമേഴ്സ്, മാനേജ്മെന്റ് മേഖലകൾ 2018ൽ എങ്ങനെയായിരിക്കും ? പുതിയ കാലത്തിന്റെ തൊഴിൽ സമവാക്യങ്ങൾ എന്ത് ? വിവിധ മേഖലകളിലെ വിദഗ്ധർ പറയുന്നു.

ബാങ്കിങ്ങിൽ  ഇനി  ടെക് യുഗം
എസ്. ആദികേശവൻ‌
ചീഫ് ജനറൽ മാനേജർ, എസ്ബിഐ

ഇന്ത്യയിലെ ബാങ്കുകൾ സേവന നിലവാരം കൂട്ടുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കു കൂടുതൽ കൂടുമാറാൻ സാധ്യതയുണ്ട്. ഈ നീക്കം ബാങ്കിങ് മേഖലയെ പ്രധാനമായും മൂന്നു തരത്തിൽ സ്വാധീനിക്കും.

1) സാങ്കേതികവിദ്യാ പശ്ചാത്തലമുള്ള ഉദ്യോഗാർഥികൾക്കു കൂടുതൽ അവസരം. എൻട്രി ലെവൽ ജോലികളിൽ പോലും ഇതു പ്രകടമാകും. ജനറലിസ്റ്റ് ഉദ്യോഗസ്ഥർ, ക്ലറിക്കൽ ജീവനക്കാർ എന്നിവർക്കുള്ള സാധ്യതകൾ പതിയെ അസ്തമിച്ചുകൊണ്ടിരിക്കുന്നു.

2) ബാങ്കുകളുടെ മാർക്കറ്റിങ് പ്രവർത്തനങ്ങളിൽ അനലിറ്റിക്സ് നിർണായക സ്വാധീനം ചെലുത്തും. ഉപയോക്താക്കളുടെ ഡേറ്റ വിലയിരുത്തി കൂടുതൽ വ്യക്തിഗത സേവനങ്ങൾ നൽകുന്ന ട്രെൻഡ് ബാങ്കിങ് മേഖലയിൽ വളർന്നുവരുന്നുണ്ട്. ഡേറ്റ അനലിറ്റിക്സിൽ പ്രാവീണ്യമുള്ളവർ തിളങ്ങുമെന്നു സാരം.

3) സൈബർ സുരക്ഷ, റിസ്ക് മാനേജ്മെന്റ് മേഖലകളിലെ വിദഗ്ധരുടെ അഭാവം ബാങ്കുകൾ നേരിടുന്ന പ്രശ്നമാണ്. ഈ മേഖലയിലേക്ക് ഒട്ടേറെപ്പേരുടെ ലാറ്ററൽ റിക്രൂട്മെന്റ് പ്രതീക്ഷിക്കാം. 

ബാങ്കിങ് കരിയർ ലക്ഷ്യം വയ്ക്കുന്നവരോട് ഒരു കാര്യം പറയട്ടെ. മറ്റുള്ളവർക്കില്ലാത്ത എന്തു മികവാണ് നിങ്ങൾക്ക് അവകാശപ്പെടാനുള്ളതെന്ന് ചോദിക്കുന്ന കാലമാണിനി. ഒരേ തൂവൽപക്ഷികളുടെ കാലം കഴിഞ്ഞു. വ്യത്യസ്തനാകാൻ ശ്രമിക്കുക.‍‌

ഐടിയുടെ സ്പന്ദനം ഇനി കണക്കിൽ
കെ. നന്ദകുമാർ, 
സിഇഒ, സൺടെക് ബിസിനസ് സൊല്യൂഷൻസ്

ഐടി തൊഴിലവസരങ്ങൾ കുറയുമോ ? – ‌ഇന്ന് ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം. ഇല്ല എന്നാണ് എന്റെ ഉത്തരം. തൊഴിലവസരങ്ങൾ കൂടാനാണു സാധ്യത. കാരണം ലോകവും ഇന്ത്യയും കൂടുതൽ ഡിജിറ്റൽ പാതയിലാണ്.  

അതേസമയം, ജോലിയുടെ സ്വഭാവം മാറും. ഓട്ടമേഷന്റെ കടന്നുവരവ് ഇക്കാര്യത്തിൽ നിർണായകമാണ്. ഐടി ജോലികൾ മുഴുവൻ അപഹരിക്കുന്ന വില്ലനായാണ് ഓട്ടമേഷൻ അറിയപ്പെടുന്നത്. കോൾ സെന്റർ ജോലികൾ, സാദാ കോഡിങ് ജോലികൾ തുടങ്ങിയവയുടെ സാധ്യതകൾ ഓട്ടമേഷൻ കുറയ്ക്കുമെന്നതു സത്യമാണ്. എന്നാൽ ഒട്ടേറെ പുതിയ തൊഴിലവസരങ്ങൾ വേറെയെത്തും.

മനുഷ്യബുദ്ധി, ഭാവന എന്നിവയിലധിഷ്ഠിതമായ  ജോലികൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കും. പ്രോഡക്ട് കമ്പനികൾക്കു കൂടുതൽ സമർഥരെ വേണ്ടിവരും. 

ഐടി രംഗത്തേക്കു വരുന്നവരോട് ഒന്നേ പറയാനുള്ളൂ. ലോകം ഇപ്പോൾ അൽഗോരിതങ്ങളാണു ഭരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള മേഖലകളിൽ ഈ സ്വാധീനം പ്രകടമാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ പോകും മുൻപു ഗണിതശാസ്ത്ര അവഗാഹം കൂട്ടുക. ഇനിയുള്ള ലോകം കണക്കിന്റേതാണ്.

മാനേജ്മെന്റ് രംഗത്തും അനലിറ്റിക്സ്
ഡോ. സ്ഥാണു ആർ. നായർ
അസോഷ്യേറ്റ് പ്രഫസർ, ഐഐഎം കോഴിക്കോട്

പബ്ലിക് പോളിസി, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഹോസ്പിറ്റൽ മാനേജ്‌മെന്റ് തുടങ്ങിയവ ഇന്നത്തെ എമർജിങ് ട്രെൻഡുകളാണ്.

എല്ലാ മേഖലയിലുമെന്ന പോലെ മാനേജ്മെന്റ് രംഗത്തും അനലിറ്റിക്‌സ് വ്യക്തമായ സ്വാധീനം ചെലുത്തും.

വൻകിട രാജ്യാന്തര സ്ഥാപനങ്ങൾ ഇന്ത്യയിൽ സാറ്റലൈറ്റ് ക്യാംപസുകൾ സ്ഥാപിക്കുന്നുണ്ട്. ഇത് ഇന്ത്യൻ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിൽ മൽസരസ്വഭാവം കൊണ്ടുവരും.

ഓട്ടമേഷൻ, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സ്വദേശിവൽക്കരണ ആഭിമുഖ്യം എന്നിവ പ്രശ്‌നമാണെങ്കിലും വലിയ തോതിൽ ബാധിക്കുമെന്ന് തോന്നുന്നില്ല. കമ്പനികൾക്ക് എപ്പോഴും ‘ചീപ്പ് ലേബർ’ ആവശ്യമാണ്. ഇന്ത്യയുടെ അവസരവും അവിടെയാണ്.

ജോലി തരും ജിഎസ്ടി
ബാബു കള്ളിവയലിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബോർഡ് ഓഫ് സ്റ്റഡീസ് മുൻ ചെയർമാൻ

തൊഴിലവസരങ്ങളിൽ ജിഎസ്ടി ചെലുത്തുന്ന സ്വാധീനം ഈ വർഷം കൂടുതൽ വ്യക്തമായി അറിയാം. കൊമേഴ്സ് രംഗത്തു പ്രഫഷനലുകൾക്കും അല്ലാത്തവർക്കും അവസരങ്ങൾ വൻതോതിൽ വർധിച്ചു. ജിഎസ്ടി റജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ നികുതിയടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഓഡിറ്റിങ് വേണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. ഇതിനുള്ള അധികാരം ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും കോസ്റ്റ് അക്കൗണ്ടന്റുമാർക്കുമായിരിക്കും. ജിഎസ്ടി റജിസ്ട്രേഷൻ എടുക്കാനും റിട്ടേണുകൾ സമർപ്പിക്കാനും ബിസിനസുകാർക്കും പ്രഫഷനൽ സഹായം ആവശ്യമാണ്. 2013ലെ കമ്പനി നിയമവും ചലനമുണ്ടാക്കും. 

ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ അടുക്കുകയാണ്. കമ്പനികൾ വർഷാവസാന കണക്കുകൾ ‘ഇന്റർനാഷനൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് സ്റ്റാൻഡേഡി’നു തുല്യമായി കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള ഇന്ത്യൻ അക്കൗണ്ടിങ് സ്റ്റാൻഡേഡ് അനുസരിച്ച് സ്റ്റേറ്റ്മെന്റായി നൽകണം.  ഇതും തൊഴിലവസരങ്ങൾ കൂട്ടും.

More Campus Updates>>