Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവള്‍ ക്യാറ്റിലെ പെണ്‍പുലി

chhavi-gupta

''നാമെല്ലാം നക്ഷത്രങ്ങളാണ്, മിന്നി തിളങ്ങാന്‍ നമുക്കെല്ലാം അര്‍ഹതയുണ്ട്.'' ഫേസ്ബുക്കില്‍ പണ്ടെങ്ങോ അലസമായി കുറിച്ച ഈ വരികളുടെ അർഥം ഛവി ഗുപ്തയെന്ന ഡല്‍ഹിക്കാരി പെണ്‍കുട്ടി തിരിച്ചറിഞ്ഞത് ഒരുപക്ഷേ കഴിഞ്ഞ ദിവസങ്ങളിലാകണം. ഐഐഎമ്മുകളിലേക്കുള്ള പ്രവേശ പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍(ക്യാറ്റ്) 100 പേര്‍സന്റൈല്‍ വിജയം നേടി അക്കാദമിക ലോകത്തെ മിന്നി തിളങ്ങുന്ന നക്ഷത്രമായി മാറിയിരിക്കുയാണ് ഛവി. 

ഇത്തവണ ക്യാറ്റില്‍ 100 പേര്‍സന്റൈല്‍ വിജയം നേടിയ രണ്ടു സ്ത്രീകളിലൊരാളാണ് ഈ ഇരുപത്തിനാലുകാരി. തന്റെ ആദ്യ പരിശ്രമത്തില്‍ തന്നെയാണ് ഛവി ഈ നേട്ടം സ്വന്തമാക്കിയത്. ഐഐടി ഡല്‍ഹിയില്‍ നിന്നു ബയോടെക്‌നോളജിയില്‍ ബിടെക്, എംടെക് ഇരട്ട ഡിഗ്രി നേടിയ ഛവി ഓപ്പറ സൊല്യൂഷന്‍സ് എന്ന കമ്പനിയില്‍ സൊല്യൂഷന്‍സ് അനലിസ്റ്റായി ജോലി ചെയ്യുകയാണ്. 

ജോലിക്കിടെ വാരാന്ത്യങ്ങളില്‍ പരീക്ഷാ പരിശീലനത്തിനു പോയാണു ക്യാറ്റിലെ ഈ വിജയം നേടിയത്. നാലാം ക്ലാസ് മുതല്‍ തന്നെ മത്സരപരീക്ഷകള്‍ എഴുതി തുടങ്ങിയ ഛവി ഐഐടി-ജെഇഇ പരീക്ഷയും ആദ്യ പരിശ്രമത്തില്‍ തന്നെ എഴുതി എടുത്തിരുന്നു. 

പഠനത്തിന്റെ സമ്മര്‍ദ്ദം ഏറിയ നിമിഷങ്ങളില്‍ ഛവി തന്റെ പ്രിയപ്പെട്ട നോവലിസ്റ്റായ ജെഫ്രി ആര്‍ച്ചറുടെ പുസ്തകങ്ങളില്‍ തല പൂഴ്ത്തി. ക്യാറ്റില്‍ പെണ്‍കുട്ടികള്‍ ഉന്നത വിജയം നേടാത്തതിനു കാരണം സമൂഹത്തിന്റെ കാഴ്ചപ്പാടാണെന്നും ഛവി വിശ്വസിക്കുന്നു. ആണ്‍കുട്ടികള്‍ പഠിക്കുമ്പോള്‍ അവരെ ശല്യപ്പെടുത്താതെ നോക്കുന്ന വീട്ടുകാര്‍ ഇതേ സമീപനം പെണ്‍കുട്ടികളോടു കാട്ടാറില്ലെന്നും വീട്ടിലെ ജോലികള്‍ക്കു പെണ്‍കുട്ടികള്‍ക്കു സഹായിക്കേണ്ടി വരുമെന്നും ഛവി പറയുന്നു. തന്റെ കുടുംബത്തിന്റെ 100 ശതമാനം പിന്തുണയും പഠനത്തിനായി ലഭിച്ചതാണു വിജയത്തിനു കാരണമായതെന്നും ഛവി വിശ്വസിക്കുന്നു. ഐഐഎം അഹമ്മദാബാദില്‍ പ്രവേശനം ലഭിക്കണമെന്നാണു ഛവിയുടെ ആഗ്രഹം. 

More Campus Updates>>