വ്യവസായ വളർച്ചയ്ക്കൊപ്പം ഏറുന്നു, ഐടിഐ കോഴ്സുകളുടെ പ്രാധാന്യവും

എൻജിനീയറിങ് വ്യവസായങ്ങളിൽ എൻജിനീയർമാർ മാത്രം പോരാ, വിദഗ്ധ തൊഴിലാളികളും വേണം. മികച്ച വെൽഡർമാരും ഫിറ്റർമാരുമില്ലെങ്കിൽ പണി നടക്കില്ല. ഐടിഐ പോലെയുള്ള സ്കിൽ ബേസ്‌ഡ് കോഴ്സുകളുടെ പ്രസക്തിയും അതാണ്. 

വ്യവസായമേഖലയിലെ ഏകദേശ കണക്കെടുത്താൽ ഒരു എൻജിനീയർക്കു കീഴിൽ പത്തോളം ഡ്രാഫ്റ്റ്്സ്മാൻമാരോ ടെക്‌നീഷ്യൻമാരോ ജോലിയെടുക്കുമ്പോൾ, അവരുടെ കീഴിൽ ജോലി ചെയ്യുന്ന ഐടിഐ ട്രേഡ്സ്മാന്മാർ നൂറോളമായിരിക്കും. സ്വകാര്യമേഖലയിൽ മാത്രമല്ല, റെയിൽവേയിലും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിലും അവസരങ്ങളേറെ. വിദേശ അവസരങ്ങളും ധാരാളം.

പരിശീലന പരിപാടികളും
രാജ്യത്തു 2022 ആകുന്നതോടെ പത്തുകോടിയിലേറെ വിദഗ്ധ തൊഴിലാളികളെ ആവശ്യമായി വരും. ഇതു മുന്നിൽ കണ്ടു കേന്ദ്ര നൈപുണ്യവികസന വകുപ്പിന്റെ സ്കിൽ ഇന്ത്യ ഇനിഷ്യറ്റീവ് വഴി നൂറിലധികം ട്രേഡുകളിൽ ട്രെയിനിങ് പ്രോഗ്രാം നടപ്പിലാക്കി വരികയാണ്.

ഐടിഐ, എൻജിനീയറിങ് വിദ്യാർഥികളുടെ തൊഴിൽനിലവാരം  വർധിപ്പിക്കാൻ കേരള തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്) തുടങ്ങിയ പദ്ധതിയാണ് ഐ സ്റ്റെപ്.

ഓട്ടമൊബീൽ മേഖലയിലുള്ള പല കമ്പനികളും ഐടിഐ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കാൻ പ്രത്യേക ട്രെയിനിങ് ഫെസിലിറ്റികൾ രാജ്യത്തു സ്ഥാപിച്ചിട്ടുണ്ട്. മാരുതിയുടെ പരിശീലനപദ്ധതി, ടാറ്റാ മോട്ടോഴ്സിന്റെ ട്രെയ്ൻ ദ് ട്രെയ്നർ പ്രോഗ്രാം തുടങ്ങിയവ ഉദാഹരണങ്ങൾ.

ജോലിയോടൊപ്പം ഡിപ്ലോമ പഠനത്തിനുള്ള സാധ്യതയും ഐടിഐക്കാർക്കുണ്ട്. സർക്കാർ പോളിടെക്‌നിക് കോളജുകളിൽ സായാഹ്നകോഴ്സുകളുണ്ട്. പ്രധാനമന്ത്രി കൗശൽ വികാസ്കേന്ദ്ര പഠനകേന്ദ്രങ്ങൾ വഴി കൂടുതൽ പരിശീലനത്തിനും സർട്ടിഫിക്കേഷനുമുള്ള അവസരങ്ങളുമുണ്ട്. 

ജയ്മോന്‍ ജേക്കബ്,
ഡയറക്ടർ, മോഡൽ 
ഫിനിഷിങ് സ്കൂൾ,
എറണാകുളം

More Campus Updates>>