ഓക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം

ഓക്കുപ്പേഷണൽ തെറാപ്പി മേഖലയെ അടിസ്ഥാനമാക്കിയ മെഡിക്കൽ കോഴ്സാണ് ബാച്ചിലർ ഓഫ് ഓക്കുപ്പേഷണൽ തെറാപ്പി അഥവാ ബിഒടി. ബിരുദത്തിലേക്കു നയിക്കുന്ന ഈ കോഴ്സിന്റെ കാലാവധി 4 വർഷമാണ്. 12–ാം ക്ലാസ്സിൽ ബയോളജി സയൻസ് ഗ്രൂപ്പുകാർക്ക് ഈ തൊഴിലധിഷ്ഠിത കോഴ്സ് തിരഞ്ഞെടുക്കാം. എംബിബിഎസ്, ബിഡിഎസ്, ബിപിടി എന്നിവയ്ക്ക് പ്രവേശനം ലഭിക്കാത്തവര്‍ക്കും ഈ കോഴ്സ് അഭികാമ്യമാണ്. ബിഒടിക്കും ബിപിടിക്കും (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി) പല കാര്യത്തിലും സാമ്യങ്ങളുമുണ്ട്. ശാരീരികമായും മാനസികമായും വൈകാരികമായും നാഡീവ്യൂഹപരമായും പരിമിതികളുള്ള രോഗികളുടെ പരിചരണമാണ് ഓക്കുപ്പേഷണൽ തെറാപ്പിയിലൂടെ സാധ്യമാക്കുന്നത്. 

ഭിന്നശേഷിക്കാരായ അത്തരം വ്യക്തികളുടെ ജീവിതാ വസ്ഥ, ഫംക്ഷണൽ ട്രെയിനിങ്, വ്യായാമം, സഹായ ഉപകരണങ്ങൾ, ഇർഗോണമിക് ട്രെയിനിങ്, പരിസ്ഥിതി അനുകൂലപ്പെടുത്തൽ എന്നിവയിലൂടെ മെച്ചപ്പെടുത്തുന്നതിനും അവരെ സാധാരണ ജീവിതത്തിലേക്ക് ആനയിക്കുന്നതിനും ഈ കോഴ്സ് ലക്ഷ്യമിടുന്നു. അപകടം, സ്ട്രോക്ക്, ഹൃദ്രോഗം, പരാലിസിസ്, ഡിപ്രഷൻ, ഓട്ടിസം തുടങ്ങി പല കാരണങ്ങൾ കൊണ്ടു രോഗികൾക്ക് അത്തരം വൈകല്യാവസ്ഥ ഉണ്ടാകാം. അവരുടെ അവസ്ഥ വിശകലനം ചെയ്ത്, സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ശരിയായ ചികിത്സാ പദ്ധതി തയ്യാറാക്കുകയാണ് ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റിന്റെ ദൗത്യം. അതു വഴി രോഗിയെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നു. ബാച്ചിലർ ഓഫ് ഓക്കുപ്പേഷണൽ തെറാപ്പി കോഴ്സ് വിദ്യാർഥികൾക്കു വിദഗ്ധ ഓക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളാകുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകുന്നു. പ്രവേശന നടപടി –സംസ്ഥാന–കേന്ദ്ര മെഡിക്കൽ അഡ്മി ഷൻ അതോറിറ്റി വഴിയാണ് പ്രവേശനം. പ്രവേശനം ഉദ്ദേശിക്കുന്ന സ്ഥാപനത്തെ അടിസ്ഥാനപ്പെടുത്തി സംസ്ഥാന തലത്തിലോ അഖിലേന്ത്യാ തലത്തിലോ പ്രവേശനപരീക്ഷ എഴുതണം. ട്വൽത്ത് സയൻസ് ബോർഡിന്റെ പരീക്ഷയും എഴുതണം. 

തൊഴിലിലെ അഭിവൃദ്ധിയും തൊഴിൽ അവസരങ്ങളും
ബിഒടി ബിരുദം നേടിയതിനു ശേഷം സർക്കാർ / പ്രൈവറ്റ് ആശുപത്രികള്‍/ ക്ലിനിക്കുകൾ / കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിക്കാം. പിജി കോഴ്സിനും ചേരാം. പിജി കോഴ്സ് ജയിച്ചാൽ ഒടി കോളജുകളിലും, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും അധ്യാപകരാകാം. റിഹാബിലിറ്റേഷൻ ക്ലിനിക്കുകളിൽ സ്പെഷലിസ്റ്റായും ജോലി ലഭിക്കും. യുഎസ്എ, യുകെ, കാനഡ, ന്യൂസിലാൻഡ് മുതലായ രാജ്യങ്ങളിലും ധാരാളം തൊഴിലവസരങ്ങളുണ്ട്. അർഹരായവരെ സഹായിക്കുന്നതിന് അന്താരാഷ്ട്ര വെൽഫെയർ അസോസിയേഷനുകളും അതുപോലെ എൻജിഒകളും വിവിധ പ്രായക്കാരായ ഭിന്നശേഷിക്കാരെ ചികിത്സിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഒടി യോഗ്യതയുള്ളവർക്ക് അതിലൂടെ വൻ അവസരങ്ങള്‍ ലഭിക്കുന്നു. 

More Campus Updates>>