ഇതാണ് ജാമിന്റെ ചേരുവ...

ജിഷ്ണു സായ്, ഹസൈൻ, ഹരിപ്രസാദ്, ശ്യാമിലി എന്നിവർ ബെംഗളൂരു ഐഐഎസ്‌സി ക്യാംപസിൽ.

ഏതു കോഴ്സ് എന്നതല്ല, എവിടെ പഠിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തിയേറുന്ന കാലം. ബിഎസ്‌സി കഴിഞ്ഞു തുടർപഠനം ഐഐഎസ്‌സിയിലോ ഐഐടികളിലോ ആണെങ്കിലോ? കൃത്യമായി തയാറെടുക്കൂ, ‘ജാം’ (ജോയിന്റ് അഡ്‌മിഷൻ ടെസ്‌റ്റ് ഫോർ എംഎസ്‌സി) എന്ന പ്രവേശനക്കടമ്പ കയ്ക്കില്ല, മധുരിക്കുക തന്നെ ചെയ്യും.

‘ജാമി’നൊരുങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഐഐഎസ്‍സി വിദ്യാർഥികളായ ഹരിപ്രസാദ് (കെമിസ്ട്രി), ശ്യാമിലി (ബയോളജി), അസൈൻ മാളിയേക്കൽ (മാത്‌സ്), ജിഷ്ണു സായ് (ഫിസിക്സ്) എന്നിവർ പറയുന്നതു കേൾക്കൂ...

ഐഐഎസ്‍സി ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർഥികളായ കെ.എം. ഹരിപ്രസാദ് (മൂന്നാം വർഷ ഇനോർഗാനിക് ആൻഡ് ഫിസിക്കൽ കെമിസ്ട്രി), ശ്യാമിലി ഗൗതം (മൂന്നാം വർഷ മോളിക്യുലർ റീ പ്രൊഡക്‌ഷൻ, ഡവലപ്മെന്റ് ആൻഡ് ജനറ്റിക്സ്), ഹസൈൻ മാളിയേക്കൽ (ഏഴാം വർഷ മാത്തമാറ്റിക്സ്), പി. ജിഷ്ണു സായ് (രണ്ടാം വർഷ ഫിസിക്സ്) എന്നിവർ പറയുന്നതു കേൾക്കൂ...

പഴയ ചോദ്യങ്ങളെ പിടിക്കൂ...
ജിഷ്ണു സായ്: ‘ജാം’ വെബ്സൈറ്റിലെ സിലബസ് നോക്കി എന്തു പഠിക്കണമെന്ന കൃത്യമായ ധാരണയുണ്ടാക്കണം. സൈറ്റിൽ പഴയ ചോദ്യപ്പേപ്പറുകളുമുണ്ട്. എത്ര വർഷത്തെ ചോദ്യപ്പേപ്പറുകൾ ചെയ്യാമോ, അത്രയും നല്ലത്. ചോദ്യങ്ങൾ ഏതു മേഖലകളിൽനിന്ന് ഏതു രീതിയിൽ എന്നറിയാൻ ഇതു സഹായിക്കും. ചോദ്യങ്ങൾ ചെയ്തുനോക്കുമ്പോൾ ആ പാഠഭാഗങ്ങളും മനസ്സിലുറയ്ക്കും.

ഹസൈൻ മാളിയേക്കൽ: എല്ലാവർഷവും ചില നിശ്ചിത ഭാഗങ്ങളിൽനിന്നു ചോദ്യങ്ങളുണ്ടാകും. ഈ വർഷത്തെ ചോദ്യം അടുത്തവർഷം വേഷം മാറിയാകും വരിക. അതുകൊണ്ട്, തിയറി/ഫോർമുല പഠിക്കുമ്പോൾ അതിന്റെ ശാസ്ത്രതത്വം കൂടി അറിയുക. എവിടെ, എങ്ങനെ, എപ്പോൾ ഏതൊക്കെ രീതിയിൽ പ്രയോഗിക്കാമെന്നു മനസ്സിലാക്കുക. ചെയ്തു പഠിക്കേണ്ടവ കാണാതെ പഠിക്കാൻ നിൽക്കരുത്.

ശ്യാമിലി: പഴയ ചോദ്യപ്പേപ്പർ ചെയ്തു പഠിക്കുന്നതുകൊണ്ടു സമയത്തെ വരുതിയിലാക്കാമെന്ന ഗുണവുമുണ്ട്. 3 മണിക്കൂർകൊണ്ട് 60 ചോദ്യങ്ങൾക്കുത്തരം നൽകിയാൽ മതി എന്നു ലാഘവത്തോടെ കാണരുത്. വിശകലനശേഷിയും നിരീക്ഷണപാടവവും പരീക്ഷിക്കുന്ന ചോദ്യങ്ങളാകും. ആദ്യം ചോദ്യങ്ങളെല്ലാം ഒരുതവണ ചെയ്തുനോക്കുക. പിന്നീടു നിശ്ചിത സമയംകൂടി പാലിക്കാൻ പരിശീലിക്കുക.

ഹരിപ്രസാദ്: സമയത്തെ കീഴ്പ്പെടുത്താൻ മറ്റൊരു മാർഗം മോക്ടെസ്റ്റുകളാണ്. ജനുവരിയിൽ ജാം വെബ്സൈറ്റിൽ തന്നെ സൗകര്യം ലഭ്യമാകും. സ്വകാര്യ സൈറ്റുകളെയും ആശ്രയിക്കാം. എളുപ്പമുള്ള ചോദ്യങ്ങൾ ആദ്യം ചെയ്യണം. ആശയക്കുഴപ്പമുള്ള ചോദ്യങ്ങൾക്കു പിറകെപ്പോയി സമയം കളയരുത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിലല്ല, പരമാവധി ശരിയുത്തരം കണ്ടെത്തുന്നതിലാണു കാര്യം.

വിഷയത്തിലേക്കു വരാം
ശ്യാമിലി: ബയളോജിക്കൽ സയൻസിൽ ഡിഗ്രി ഭാഗങ്ങൾ നന്നായി മനസ്സിലാക്കണം. സംഗതി ബയോളജിയാണെങ്കിലും ഗണിതാധിഷ്ഠിത ചോദ്യങ്ങളുണ്ടാകും. മാത്‍സ്, ഫിസിക്സ്‍, കെമിസ്ട്രി എന്നിവയിൽനിന്നു ഹയർ സെക്കൻഡറി തല ചോദ്യങ്ങളും പ്രതീക്ഷിക്കാം.

ഹരിപ്രസാദ്: കെമിസ്ട്രിയിൽ ഫിസിക്കൽ കെമിസ്ട്രിക്കു ചെറിയ മുൻതൂക്കമുണ്ടാകാം. ഓർഗാനിക്, ഇനോർഗാനിക് കെമിസ്ട്രിയിൽ അടിസ്ഥാന കാര്യങ്ങൾ നന്നായറിയാമെങ്കിൽ എളുപ്പമാകും. ഒന്നിലേറെ ശരിയുത്തരം തിരഞ്ഞെടുക്കാനുള്ള മൾട്ടിപ്പിൾ സിലക്ട് ചോദ്യങ്ങളുണ്ടാവും. ഇതിനു ശരിയുത്തരം കണ്ടെത്താൻ അതുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വം നന്നായി അറിഞ്ഞേ പറ്റൂ.

ഹസൈൻ: മാത്‌സിൽ കണ്ണടച്ചു പ്രോബ്ലങ്ങൾ ചെയ്തു ശീലിച്ചതുകൊണ്ടു മാത്രം ‌രക്ഷപ്പെടില്ല. ഓരോ പ്രോബ്ലം ചെയ്യുമ്പോഴും അതിനു പിന്നിലെ ഐഡിയ മനസ്സിലാക്കണം. അതേ ഐഡിയയിൽ നിന്ന് ഏതെല്ലാം തരത്തിൽ ചോദ്യങ്ങളുണ്ടാകുമെന്നു കണക്കുകൂട്ടണം.

ജിഷ്ണു സായ്: ഫിസിക്സിൽ ഡിഗ്രിതല കാര്യങ്ങൾ ശരിക്കറിയണം. ഓരോ ആശയത്തിന്റെയും വിവിധ തലങ്ങൾ വിശദമായി മനസ്സിലാക്കാൻ ടെക്സ്റ്റ് ബുക്ക് വായന നന്നായി വേണം. രാജ്യാന്തര നിലവാരമുള്ള ടെക്സ്റ്റ് ബുക്കുകൾ മാത്രമേ ആശ്രയിക്കാവൂ. ഡിഗ്രി തലത്തിലുള്ള ധാരാളം ഓൺലൈൻ കോഴ്സുകൾ ശ്രദ്ധിക്കുന്നതും ഗുണംചെയ്യും. (ഉദാ: https://ocw.mit.edu/index.htm)

ഒരുങ്ങാം, നേരത്തേ
‘ജാമി’നായി ഡിഗ്രി ആദ്യവർഷം മുതൽ മനസ്സൊരുക്കണം. കോഴ്സിന്റെ തുടക്കമായതിനാൽ പലതും മനസ്സിലാകാതെ പോയേക്കാം. നിരാശ വേണ്ട. പഠിച്ച ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാം. സമാന രീതിയിലുള്ള ചോദ്യങ്ങൾ ധാരാളം ചെയ്തു ശീലിച്ചാൽ അവസാന വർഷം അക്കൊല്ലത്തെ പാഠഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാം.

‘ജാം’ വഴി പ്രവേശനം കിട്ടുന്ന സ്ഥാപനങ്ങൾ 
∙ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ബെംഗളൂരു

∙19 ഐഐടികൾ

∙3 ഐസറുകൾ

∙15 എൻഐടികൾ

∙ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി, ശിബ്പുർ, ബംഗാൾ

∙സന്ത് ലോംഗോവാൾ ‍ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, സംഗ്‌രൂർ, പഞ്ചാബ്

ഈ സ്ഥാപനങ്ങളിൽ എംഎസ്‌സി, എംഎസ്‌സി(ടെക്), ഇന്റഗ്രേറ്റഡ്/ജോയിന്റ്/ഡ്യുവൽ എംഎസ്‌സി–പിഎച്ച്‌ഡി പ്രോഗ്രാമുകൾ ഫെലോഷിപ്പോടെ പഠിക്കാം.

അപേക്ഷ: ഒക്ടോബർ 10 വരെ

പരീക്ഷ: ഫെബ്രുവരി 10

പരീക്ഷാകേന്ദ്രങ്ങൾ: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ

വെബ്സൈറ്റ്: http://jam.iitkgp.ac.in

More Campus Updates>>