മോക് ടെസ്റ്റ് കൈപ്പിടിയിൽ

ജെഇഇ പ്രവേശനപരീക്ഷയ്ക്കായി നാഷനൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ മൊബൈൽ ആപ്പുമായി കണ്ണൂർ ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ സി.അനാമിക, എം.സി.വിസ്മയ, കെ.ഹരിത എന്നിവർ. ചിത്രം: എം.ടി. വിധുരാജ്

വലിയ മാറ്റങ്ങളോടെയാണു ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ മെയിൻ), യുജിസി നെറ്റ് പരീക്ഷകൾ വരുന്നത്. ബബിൾ കറുപ്പിച്ച് ഉത്തരമെഴുതിയിരുന്ന ആ പഴയ ഒഎംആർ പരീക്ഷയല്ല, കംപ്യൂട്ടർ സ്ക്രീനിൽ ഉത്തരം മാർക്ക് ചെയ്യുന്ന സ്മാർട് പരീക്ഷയാണിനി.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കു മെച്ചമേറെയാണെങ്കിലും ഇതുസംബന്ധിച്ചു വ്യക്തതയില്ലാത്തവരുണ്ട്; പ്രത്യേകിച്ച് ആദ്യമായെഴുതുന്നവർ. അതിനാലാണു പരീക്ഷാ ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മോക് ടെസ്റ്റിനു പരീക്ഷാകേന്ദ്രങ്ങളും മൊബൈൽ ആപ്പ്, വെബ്സൈറ്റ് സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.

എൻടിഎ സ്റ്റുഡന്റ് ആപ്
ഓൺലൈൻ ടെസ്റ്റിങ് കേന്ദ്രങ്ങൾ തിരഞ്ഞെടുത്തു മോക് ടെസ്റ്റിനു പോകുന്നതിനേക്കാൾ സൗകര്യം ആപ് ഡൗൺലോഡ് ചെയ്തു പരിശീലിക്കുന്നതാണ്. സ്വന്തം സമയവും സൗകര്യവും നോക്കി എത്ര മോക് ടെസ്റ്റ് വേണമെങ്കിലുമാകാം.

ചെയ്യേണ്ടത് ഇത്രമാത്രം:

∙പ്ലേസ്റ്റോറിൽനിന്ന് NTA Student ആപ് ഡൗൺലോഡ് ചെയ്യുക.

∙മെയിൽ ഐഡിയും പാസ്‌വേഡും സെറ്റ് ചെയ്യുക.

∙ഫോട്ടോയും തിരിച്ചറിയൽ രേഖയും (200 കിലോബൈറ്റിൽ താഴെ) അപ്‌ലോഡ് ചെയ്യുക.

∙എഴുതുന്ന പരീക്ഷയും പേപ്പറും തിരഞ്ഞെടുക്കുക. നിർദേശങ്ങൾ വായിച്ച് ഡിക്ലറേഷൻ നൽകിയാൽ എഴുതാം.

∙പരീക്ഷ പൂർത്തിയാക്കി ഉത്തരങ്ങൾ സബ്മിറ്റ് ചെയ്താൽ സ്കോർഷീറ്റ് അപ്പോൾ തന്നെ ലഭിക്കും.

∙പലതവണ പ്രാക്ടീസ് ചെയ്താൽ സംഗതി ഈസി.

 പരീക്ഷാകേന്ദ്രങ്ങൾ
സ്മാർട് ഫോൺ സൗകര്യമില്ലാത്തവർക്ക് ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ വഴി പരിശീലനം നേടാം. ഓരോ ജില്ലയിലും നിശ്ചിത എണ്ണം കേന്ദ്രങ്ങളാണുള്ളത്. ഒരാൾക്ക് ഏറ്റവും അടുത്തുള്ള, പരമാവധി അഞ്ചു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം. നവംബർ 25 വരെയുള്ള ശനി, ഞായർ ദിവസങ്ങളിലൊന്നു തിരഞ്ഞെടുക്കാം.

വെബ്സൈറ്റ്
www.nta.ac.in എന്ന വെബ്സൈറ്റിലും പരിശീലന സൗകര്യമുണ്ട്. ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള ഡെമോ ക്ലാസുകളുമുണ്ട്. ആപ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവ ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്കു വെബ്സൈറ്റിലൂടെ പരിശീലിക്കാം. ആപ്പോ സൈറ്റോ,  ഏതായാലും എത്രയും കൂടുതൽ മോക് ടെസ്റ്റ് നടത്തുന്നുവോ, അത്രയും നല്ലതെന്നും ഓർക്കുക.

ശരിക്കും ഇതല്ലേ എളുപ്പം

ആദ്യം ആശങ്ക തോന്നുമെങ്കിലും ഒഎംആർ പരീക്ഷയേക്കാൾ ഏറെ മെച്ചമെന്നു കഴി‍ഞ്ഞയാഴ്ച മോക്ടെസ്റ്റ് എഴുതിയവർ പറയുന്നു. പല മാറ്റങ്ങളും ഗുണകരം.

∙ഉത്തരം തിരുത്താനുള്ള സൗകര്യമാണ് ഏറ്റവും പ്രധാനം. മാർക്ക് ചെയ്ത ഓപ്ഷൻ ആവശ്യമെങ്കിൽ മാറ്റിയെഴുതാം.

∙ഉത്തരം പെട്ടെന്ന് ഓർമ വരുന്നില്ലെങ്കിൽ അവസാനം പരിഗണിക്കാൻ ‘മാർക്ക് ഫോർ റിവ്യൂ’, എഴുതിയ ഉത്തരം പുനഃപരിശോധിക്കാൻ ‘സേവ് ആൻഡ് മാർക്ക് ഫോർ റിവ്യൂ’ എന്നീ ഓപ്ഷനുകളുണ്ട്.

∙മൂന്നു മണിക്കൂർ പരീക്ഷയിൽ എത്രസമയം ബാക്കിയുണ്ടെന്നു സ്ക്രീനിൽ കാണിച്ചുകൊണ്ടിരിക്കും.

∙കൃത്യമായ ഓർഡറിൽ തന്നെ എഴുതണമെന്നില്ല. ഏതു സെഷനിലേക്കും ഏതു ചോദ്യത്തിലേക്കും എപ്പോൾ വേണമെങ്കിലും പോകാം.

∙ഉത്തരങ്ങൾ സബ്മിറ്റ് ചെയ്താൽ സ്കോർഷീറ്റ് ലഭിക്കും. ഉത്തരമെഴുതിയ ചോദ്യങ്ങൾ, ഒഴിവാക്കിയ ചോദ്യങ്ങൾ, പുനഃപരിശോധിക്കേണ്ടവ തുടങ്ങി എല്ലാ വിവരങ്ങളുമുണ്ടാകും. ഉറപ്പു വരുത്തിയശേഷം മാത്രം മതി ഫൈനൽ സബ്മിഷൻ.


More Campus Updates>>