Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ സംവരണം: നിയമ യുദ്ധത്തിനു വഴിയൊരുങ്ങി

Student Student

ന്യൂനപക്ഷ സംവരണം ആ സമുദായത്തിലെ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഉപവിഭാഗങ്ങൾക്കല്ലെന്നുമുള്ള ഹൈക്കോടതി വിധി, ശക്തമായ നിയമ പോരാട്ടത്തിനു വഴി തുറക്കും.സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനക്കാര്യത്തിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന വിധിയാണിത്.

മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഉൾപ്പെടെ എല്ലാ മത ന്യൂനപക്ഷ വിഭാഗങ്ങൾക്കും വിധി ബാധകമാണെങ്കിലും ഏറെ ബാധിക്കുക ‌ക്രൈസ്തവ സഭകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്.ഈ സാഹചര്യത്തിൽ വിധിക്കെതിരെ റിവ്യൂ ഹർജി നൽകുകയോ സുപ്രീം കോടതിയിൽ അപ്പീൽ പോവുകയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് സഭാ അധികൃതർ.

വിധി നടപ്പാകുന്നതോടെ എയ്ഡഡ് സ്കൂളുകൾ, എയ്ഡഡ് കോളജുകൾ, സ്വാശ്രയ മേഖലയിലും എയ്ഡഡ് മേഖലയിലുമുള്ള പ്രഫഷനൽ കോളജുകൾ തുടങ്ങിയവയിലെ പ്രവേശനത്തിൽ സ്ഥാപനം നടത്തുന്ന സഭയിലെ വിദ്യാർഥികൾക്കു പ്രത്യേക സംവരണം നൽകാനാവില്ല. 

സംസ്ഥാനത്തെ പല ക്രിസ്ത്യൻ മെഡിക്കൽ, എൻജിനിയറിങ്, നഴ്സിങ് കോളജുകളിലും ആ കോളജ് നടത്തുന്ന രൂപതകളിലെ വിദ്യാർഥികൾക്കു പ്രത്യേക സംവരണമുണ്ട്.‌ മറ്റു ചില ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ അതു നടത്തുന്ന സഭയിലെ വിദ്യാർഥികൾക്കാണു സംവരണം. വിധി നടപ്പാക്കുന്നതോടെ ഈ സീറ്റുകൾ എല്ലാ ക്രിസ്ത്യൻ വിദ്യാർഥികൾക്കുമായി നൽകേണ്ടി വരും. ഇത്തരം സീറ്റുകളിലേക്ക്  സഭാ അധികൃതരുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ പ്രവേശനം നടത്തിയിരുന്നത്.

വിദ്യാർഥി ഏത് രൂപതയിലെ അംഗമാണെന്നും മറ്റുമുള്ള വിശദാംശങ്ങൾ റവന്യൂ അധികൃതർക്കു നിശ്ചയമില്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാൽ ഹൈക്കോടതി വിധി വന്നതോടെ റവന്യൂ അധികൃതരുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രവേശനം. മുസ്ലീം മാനേജ്മെന്റ് നടത്തുന്ന സ്വാശ്രയ മെഡിക്കൽ കോളജിൽ വിവിധ മുസ്ലീം ഉപവിഭാഗങ്ങൾക്കു സംവരണം ആവശ്യപ്പെട്ടു നൽകിയ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതേസമയം മുസ്ലീം ഉപവിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിനെ ഈ കേസിൽ കക്ഷി ചേർന്ന എംഇഎസ് എതിർത്തിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ പോയാലും കേസിൽ തങ്ങൾ കക്ഷി ചേരുമെന്നാണ് എംഇഎസിന്റെ നിലപാട്.

മുസ്ലീം സമുദായത്തിൽ ഇത്തരം ഉപവിഭാഗങ്ങൾ അനുവദിക്കാൻ പാടില്ലെന്നും ക്രിസ്തീയ സഭകളുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും എംഇഎസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ പറഞ്ഞു. ഹൈക്കോടതി വിധി പറഞ്ഞ കേസിൽ ക്രിസ്തീയ സഭകൾക്ക് അഭിപ്രായം അറിയിക്കാൻ അവസരം ലഭിച്ചിരുന്നില്ല.ക്രിസ്ത്യൻ പ്രഫഷനൽ കോളജുകളിൽ ദലിത് ക്രിസ്ത്യാനികൾ, ലത്തീൻ കത്തോലിക്കർ എന്നിവർക്കു പ്രത്യേക സംവരണമുണ്ട്. കന്യാസ്ത്രീകൾക്കും മറ്റും ചില ക്രിസ്ത്യൻ മെഡിക്കൽ കോളജുകളിൽ സംവരണ സീറ്റുണ്ട്. ഈ സംവരണമെല്ലാം ഈ വിധിയോടെ അപ്രസക്തമാകും.

ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെയും സഭകൾ നടത്തുമ്പോൾ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും വ്യക്തികൾ, സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, സംഘടനകൾ തുടങ്ങിയവയുടെ നിയന്ത്രണത്തിലാണ്. കോളജ് നടത്തുന്ന മുസ്ലീം ഉപ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കു സംവരണം ലഭിക്കാനുള്ള സാധ്യതയും ഇതോടെ ഇല്ലാതായി.

More Campus Updates>>