മികച്ച തൊഴിലവസരങ്ങളുമായി ലോജിസ്റ്റിക്സ്

Representative image

ലോക സാമ്പത്തിക വ്യവസ്ഥ രൂപപ്പെടുത്തിയെടുത്തത് ഒട്ടേറെ ഘടകങ്ങൾ ചേർന്നതാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണെങ്കിലും ഉൽപന്നങ്ങളുടെ വിപണനമാണ് മുൻപന്തിയിൽ നിൽക്കുന്നത്.

എന്നാൽ വിപണിയിലെ ആവശ്യത്തിനനുസരിച്ചു ‌ഉൽപന്നങ്ങൾ യഥാസ്ഥലത്ത് എത്തിക്കുകയെന്നതാണ് ഏറ്റവും പ്രധാനം.

എല്ലാ ഉത്പാദകർക്കും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ മികച്ച ചരക്കുഗതാഗത ശൃംഖലയുടെ സഹായം കൂടിയേ തീരൂ. അതിനാൽ തന്നെ മികച്ച ചരക്കുനീക്കം അഥവാ ലോജിസ്റ്റിക്സ് മേഖല അതീവ പ്രാധാന്യമുളളതും ഒട്ടേറെ തൊഴിലവസരങ്ങളുളളതുമാണ്.

ചരക്കുകൾ സംഭരിക്കുന്ന വെയർഹൗസ്, കയറ്റുമതിയും ഇറക്കുമതിയും നടത്തുന്ന ഷിപ്പിങ്, എയർപോർട്ട്, തുറമുഖങ്ങൾ, ഇ–കൊമേഴ്സ് തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ മാനേജർമാരും സൂപ്പർവൈസർമാരുമായി ലക്ഷക്കണക്കിനു തൊഴിൽ സാധ്യതകളാണ് പ്രതിവർഷം സൃഷ്ടിക്കപ്പെടുന്നത്.

നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (എൻഎസ്ഡിസി) നടത്തിയ പഠനം പറയുന്നത് 2016 മുതൽ 2022 വരെയുളള ആറു വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലയില്‍ 33 ശതമാനം തൊഴിൽ വര്‍ദ്ധനയുണ്ടാകുമെന്നാണ്. 28.4 ദശലക്ഷം തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. ആറു വർഷത്തിനുളളിൽ 11.7 ദശലക്ഷം തൊഴിലാളികളെയാണ് പുതിയതായി ഈ മേഖലയിലേക്കു വേണ്ടത്. കേരളത്തിൽ നിർമാണത്തിലിരിക്കുന്ന വിഴിഞ്ഞം ട്രാൻസ്‍ഷിപ്മെന്റ് തുറമുഖവും വല്ലാർപാടം തുറമുഖവും കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളും ഒട്ടേറെ തൊഴിലവസരങ്ങൾ കേരളത്തിൽപോലും സൃഷ്ടിക്കും.

അതിനാൽ തന്നെ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിൽ പഠനം നടത്തിയാൽ മികച്ച തൊഴിലവസരങ്ങളാണു ലഭിക്കുക.

പഠനം പൂർത്തിയാക്കിയാൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഷിപ്പിങ് കമ്പനികൾ, ചരക്ക് ഗതാഗത കമ്പനികൾ, ഇ–കൊമേഴ്സ് കമ്പനികൾ തുടങ്ങി ഒട്ടേറെ മേഖലയിൽ ഇൻവെന്ററി മാനേജർ, ഇന്റർനാഷനൽ ലോജിസ്റ്റിക്സ് മാനേജർ, ഇൻവെന്ററി കൺട്രോളർ, ലോജിസ്റ്റിക്സ് സോഫ്റ്റ്‍വെയർ മാനേജർ, പ്രൊഡക്ഷൻ മാനേജർ, സപ്ലൈ ചെയിൻ മാനേജർ, വെയർഹൗസ് മാനേജർ, ട്രാൻസ്പോർട്ടേഷൻ മാനേജർ അല്ലെങ്കിൽ സൂപ്പർവൈസർ ജോലികൾ ഉറപ്പാണ്.