Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂട്യൂബിലൂടെ പണം വാരുന്ന ആയുഷ്

Ayush-Samele

സ്ഫടികത്തില്‍ നമ്മുടെ ലാലേട്ടന്‍ അവതരിപ്പിച്ച തോമസ് ചാക്കോ എന്ന കഥാപാത്രത്തെ ഓര്‍മയില്ലേ. പഠിക്കാന്‍ അല്‍പം മോശമാണെങ്കിലും സോപ്പുപെട്ടി കൊണ്ട് റേഡിയോ ഹാന്‍ഡ്‌സെറ്റ് പോലുള്ള കിണ്ണംകാച്ചിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന തോമസ് ചാക്കോയെന്ന ഓട്ടക്കാലണ. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി ആയുഷ് സമേലിന്റെ കഥയും തോമസ് ചാക്കോയെപ്പോലെ തന്നെയാണ്. പക്ഷേ, തോമസ് ചാക്കോയെപ്പോലെ പരീക്ഷണങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നില്ല ആയുഷിന്. പകരം തന്റെ കണ്ടുപിടുത്തങ്ങളുടെ വിഡിയോകള്‍ യൂട്യൂബിലിട്ട് അതിലൂടെ പണം വാരുകയാണ് ഈ 19 വയസ്സുകാരന്‍. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും മോശം വിദ്യാർഥിയെന്ന് ആയുഷിനെ അധ്യാപകര്‍ മുദ്ര കുത്തി. കാരണം മറ്റൊന്നുമല്ല, ആയുഷ് എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. അതിനെല്ലാം ഉത്തരം പറയാന്‍ നിന്നാല്‍ സിലബസ് തീരില്ല എന്ന പല്ലവിയുമായി അധ്യാപകര്‍ നൈസായിട്ട് പയ്യന്‍സിനെ ഒഴിവാക്കി. കൗതുകം നിറഞ്ഞ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അധ്യാപകര്‍ നല്‍കാതെയായപ്പോള്‍ ആയുഷ് അത് അന്വേഷിച്ചിറങ്ങി. അങ്ങനെ പ്രായോഗികമായി ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ശ്രമം അവനെ ഒരു കണ്ടുപിടുത്തക്കാരനുമാക്കി.

നമ്മുടെ ചുറ്റുവട്ടത്ത് ലഭ്യമായ സാധനങ്ങള്‍ വച്ചു കൊണ്ട് നിരവധി യന്ത്രങ്ങളും കുട്ടികള്‍ക്കുള്ള കളിക്കോപ്പുകളും ആയുഷ് ഉണ്ടാക്കി. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പി കൊണ്ടുള്ള ഹെയര്‍ ഡ്രയര്‍, ബക്കറ്റുകള്‍ കൊണ്ടുള്ള വാഷിങ് മെഷീന്‍, ചെറിയ ക്യാന്‍ കൊണ്ടുള്ള ടോസ്റ്റര്‍, വീട്ടിലുണ്ടാക്കാവുന്ന എസി എന്നിങ്ങനെ നിരവധി കണ്ടുപിടുത്തങ്ങള്‍. ഇവ എങ്ങനെ ഉണ്ടാക്കാമെന്ന് കാണിച്ചു തരുന്ന വിഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ 2015 മേയില്‍ ആയുഷ് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചു. Sdik Rof-creativity എന്നു പേരുള്ള ഈ ചാനല്‍ ഇതുവരെ കണ്ടത് 3.58 കോടിയിലധികം പേരാണ്. 1,43,000 ല്‍ പരം വരിക്കാരും ഈ ചാനലിനുണ്ട്. ക്ലിക്കുകളും ചാനല്‍ സന്ദര്‍ശനവും വര്‍ധിച്ചതോടെ യൂട്യൂബ് ആയുഷിനു പണം നല്‍കാന്‍ തുടങ്ങി. ആദ്യം ലഭിച്ചത് 9000 രൂപയുടെ ഒരു ചെക്കാണ്. ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചെക്കിലെ തുക 72,000 ആയി ഉയര്‍ന്നു. 

ചാക്കോ മാഷിനെപ്പോലെ ആദ്യമൊക്കെ ആയുഷിന്റെ മാതാപിതാക്കളും അത്ര പ്രോത്സാഹനം നല്‍കിയിരുന്നില്ല. ഇതൊക്കെ സമയം കളയുന്ന പരീക്ഷണങ്ങളാണെന്നായിരുന്നു അഭിപ്രായം. പക്ഷേ, ഇന്ന് ഇവരും മകനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. മൂത്ത സഹോദരനും എന്‍ജിനീയറിങ് വിദ്യാർഥിയുമായ സൗരഭാണ് അനുജനു വേണ്ട സഹായങ്ങള്‍ നല്‍കുന്നത്. ഒരു എന്‍ജിനീയറായി പല കാര്യങ്ങളും നിര്‍മിക്കണമെന്നാണ് ആയുഷിന്റെ ആഗ്രഹം. പക്ഷേ, പരീക്ഷയും കാണാതെ പഠിക്കലും എല്ലാമടങ്ങുന്ന ചട്ടക്കൂടിനുള്ളിലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇതിനു പുറത്തേക്ക് ചിന്തിക്കുന്നവരെ തീരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആയുഷ് പരാതിപ്പെടുന്നു. മകനൊരു എന്‍ജിനീയറിങ് ബിരുദം സമ്പാദിക്കാതെ വിശ്രമില്ലെന്നാണ് ആയുഷിന്റെ അമ്മയുടെ നിലപാട്. ഈ ആഗ്രഹത്തിന്റെ പേരില്‍ ഇപ്പോള്‍ എന്‍ജിനീയറിങ് ബിരുദമെടുക്കാനൊരുങ്ങുകയാണ് ആയുഷ്.