മെഡിക്കൽ പ്രവേശനം: ബാങ്ക് ഗാരന്റി ഉറപ്പുനൽകി എസ്ബിഐ

സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ ഉറപ്പിൻമേൽ ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകാമെന്ന് എസ്ബിഐയുടെ ഉറപ്പ്. മറ്റു പല ബാങ്കുകളും ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ പങ്കെടുത്ത് തീരുമാനം അംഗീകരിച്ചെങ്കിലും അതതു കേന്ദ്ര ഓഫിസുകളുടെ അനുമതിക്കു ശേഷമേ അപേക്ഷ സ്വീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണിപ്പോൾ. സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകൾ പോലും ഇതുവരെ ബാങ്ക് ഗാരന്റി നൽകാൻ തീരുമാനിച്ചിട്ടില്ല. എസ്ബിഐ ഒഴികെ ബാങ്കുകളിൽനിന്ന് ഉടൻ ഗാരന്റി ലഭിക്കില്ലെന്നാണു സൂചന. 

സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയുടെ മുക്കാൽ പങ്കും വിതരണം ചെയ്തിരുന്നത് എസ്ബിടിയാണ്. ലയനത്തോടെ ഇൗ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തങ്ങൾ തയാറാണെന്നും എസ്ബിഐ അറിയിച്ചു. സർക്കാരിന്റെ ഉറപ്പിൻമേൽ ആറു മാസത്തേക്കാണു ബാങ്ക് ഗാരന്റി നൽകുന്നത്. ഇക്കാലയളവിൽ തുക വിദ്യാഭ്യാസ വായ്പയാക്കി മാറ്റാനാണ് എസ്ബിഐയുടെ ആലോചന. മറ്റു ബാങ്കുകളും ഇൗ വഴിക്കു വരുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ. ബാങ്ക് ഗാരന്റിക്കു സർക്കാർ ഗാരന്റി നിൽക്കാനുള്ള തീരുമാനം സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. 

കനറാ ബാങ്ക് നേതൃത്വം നൽകുന്ന സംസ്ഥാനതല ബാങ്കിങ് സമിതി പദ്ധതി ഏകോപിപ്പിക്കും. അഞ്ചു മുതൽ അപേക്ഷിച്ചു തുടങ്ങാം. അപേക്ഷകൻ ഫീസ് അടയ്ക്കാതെ വരികയും ഗാരന്റി തുക മാനേജ്മെന്റിനു ബാങ്ക് നൽകുകയും ചെയ്താൽ സർക്കാരിൽ നിന്നു ബാങ്ക് പണം ഇൗടാക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവു സഹായ പദ്ധതി പോലുള്ള ഇളവുകൾ പ്രഖ്യാപിച്ചു സർക്കാരിനു വിദ്യാർഥികളെ രക്ഷിക്കാനാകും. എന്നാൽ രണ്ടാം വർഷം മുതൽ വീണ്ടും വൻ തുക ഫീസ് ആയി നൽകേണ്ടി വരുന്നതിനാൽ പണമുള്ള കുട്ടിക്കേ പഠിക്കാനാകൂ എന്ന അവസ്ഥയ്ക്ക് മാറ്റമില്ല.

ബാങ്ക് ഗാരന്റി കിട്ടാൻ ഈ വഴി
സ്വാശ്രയ എംബിബിഎസ് പ്രവേശനത്തിനു വിദ്യാർഥികൾക്കു സർക്കാർ ഉറപ്പിൽ ബാങ്ക് ഗാരന്റി ലഭിക്കാൻ ആദ്യം ബാങ്കിൽ അപേക്ഷ നൽകണം. പ്രവേശനം ലഭിച്ചെന്നു കാട്ടി കോളജ് അധികൃതരോ പരീക്ഷാ കമ്മിഷണറോ സാക്ഷ്യപ്പെടുത്തുന്ന രേഖ സഹിതമാണ് അപേക്ഷ നൽകേണ്ടത്. സ്വാശ്രയ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനായിരിക്കും ബാങ്ക് ഗാരന്റി നൽകുക. ഗാരന്റിക്കുള്ള കമ്മിഷൻ വിദ്യാർഥി ബാങ്കിനു നൽകണം. എന്നാൽ, ബിപിഎൽ, പട്ടിക വിഭാഗം, മത്സ്യബന്ധനം, കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത തൊഴിലാളി കുടുംബങ്ങളിലുളള വിദ്യാർഥികൾ എന്നിവരിൽനിന്നു കമ്മിഷൻ ഇൗടാക്കില്ല. ഫീസ് നിർണയ സമിതി അഞ്ചു ലക്ഷം രൂപയിലധികം ഫീസ് നിശ്ചയിക്കുകയാണെങ്കിൽ അതു വിദ്യാർഥി അടയ്ക്കുകയോ തുല്യമായ തുകയുടെ ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുകയോ ചെയ്യണം.