Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭിന്നശേഷിക്കാരിലെ സമർഥർക്കും ഇനി മുതൽ ഡോക്ടറാകാം

Doctor

ഭിന്നശേഷിക്കാരിലെ മിടുമിടുക്കരെയും ഡോക്ടറാകാൻ ക്ഷണിച്ച് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) യുടെ പുതുനയം. അന്ധത, കേൾവിക്കുറവ് എന്നിവ ഉൾപ്പെടെ 21 തരം ഭിന്നശേഷിക്കാർക്ക് അടുത്ത വർഷം മുതൽ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം അനുവദിക്കും. ഈ വിഭാഗവും എംസിഐയും തമ്മിൽ രണ്ടു ദശകമായി നടന്നുവന്ന നിയമയുദ്ധത്തിനാണു ഇതോടെ തിരശീല വീഴുന്നത്. കഴിഞ്ഞ 31നു ചേർന്ന ജനറൽ ബോഡി യോഗത്തിലാണു ഭേദഗതി ചെയ്ത ഭിന്നശേഷി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് എംസിഐ സെക്രട്ടറി റീന നയ്യാർ അറിയിച്ചു. വിഷയത്തിൽ വിദ്യാർഥികൾക്ക് അനുകൂലമായ നടപടി കൈക്കൊള്ളാൻ സുപ്രീം കോടതി കഴിഞ്ഞ ഓഗസ്റ്റിൽ നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വിഷയം പഠിക്കാൻ ഡോ. വേദ് പ്രകാശ് മിശ്ര അധ്യക്ഷനായ സമിതിയെ എംസിഐ നിയോഗിച്ചു. 

ഭിന്നശേഷിക്കാരോടു വിവേചനം ലോകത്തൊരിടത്തും നിലവിലില്ലെന്നും സാമൂഹിക നീതി ഉറപ്പാക്കാൻ ഈ വിഭാഗത്തിനും മെഡിക്കൽ പ്രവേശനം അനുവദിക്കണമെന്നും സമിതി നിർദേശിക്കുകയായിരുന്നു. 70 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർക്ക് എംബിബിഎസ് പഠിക്കാനാവില്ലെന്നാണ് എംസിഐ ഇതുവരെ വാദിച്ചിരുന്നത്. താലസീമിയ രോഗം ബാധിച്ച വിദ്യാർഥിക്ക് മെഡിക്കൽ പ്രവേശനം നൽകാൻ ഓഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മെഡിക്കൽ പ്രവേശനത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിലക്കു നീക്കിയ ശാരീരിക വൈകല്യങ്ങൾ: അന്ധത, കാഴ്ചക്കുറവ്, കേൾവി സംബന്ധമായ പ്രശ്നങ്ങൾ, അസ്ഥിസംബന്ധമായ ചലനശേഷിക്കുറവ്, പൊക്കക്കുറവ്, ബുദ്ധിശേഷിക്കുറവ്, മൾട്ടിപ്പിൾ‌ സ്ക്ലീറോസിസ്, പേശികളുടെ ക്ഷയം (മസ്കുലാർ ഡിസ്ട്രോഫി).