അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കോളജുകള്‍ തമ്മില്‍ ലയനസാധ്യത ആരായുന്നു

വിദ്യാർഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന എന്‍ജിനീയറിങ്, മാനേജ്‌മെന്റ് കോളജുകള്‍ അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കുന്നതിനുള്ള സാധ്യത ഗവണ്‍മെന്റ് തേടുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനാണ്(എഐസിടിഇ) ലയനം സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കുന്നത്. 

രാജ്യത്തു കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4633 കോഴ്‌സുകളും 527 സ്ഥാപനങ്ങളുമാണ് അടച്ചു പൂട്ടിയത്. കൂടുതല്‍ കോളജുകള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടികള്‍ എഐസിടിഇ ആരംഭിച്ചിരിക്കേയാണ് സ്ഥാപനങ്ങള്‍ ലയനം അടക്കമുള്ള സാധ്യതകള്‍ മുന്നോട്ട് വയ്ക്കുന്നത്. സമീപ പ്രദേശത്തുള്ള രണ്ട് കോളജുകളുടെ ലയനം, അടച്ചു പൂട്ടലിന് രണ്ടു വര്‍ഷത്തെ സാവകാശം, നഷ്ടത്തിലായ കോളജുകള്‍ മറ്റ് ട്രസ്റ്റുകള്‍ക്ക് മറിച്ചു വില്‍ക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കോളജ് മാനേജ്‌മെന്റുകള്‍ എഐസിടിഇക്ക് മുന്നില്‍ വച്ചത്. 

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 30 ശതമാനത്തിന് താഴെ എൻറോള്‍മെന്റുള്ള 800 കോളജുകള്‍ അടച്ചു പൂട്ടാനാണ് കൗണ്‍സില്‍ അടുത്തിടെ തീരുമാനിച്ചത്. ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനാകുമെന്നാണ് കോളജുകള്‍ ചൂണ്ടിക്കാട്ടുന്നത്.